ഗ്രീൻ പാർട്ടിക്ക് വോട്ട് ചെയ്തവർക്ക് ‘പണി’ കൊടുക്കാൻ റിഫോം യുകെ; കുടിയേറ്റ കേന്ദ്രങ്ങൾ ഈ പ്രദേശങ്ങളിൽ തുടങ്ങുമെന്ന് പ്രഖ്യാപനം.
ലണ്ടൻ: ബ്രിട്ടനിലെ കുടിയേറ്റ നയങ്ങളെ ചൊല്ലിയുള്ള രാഷ്ട്രീയ പോര് പുതിയ തലത്തിലേക്ക്. ഗ്രീൻ പാർട്ടിക്ക് ഭൂരിപക്ഷമുള്ള പ്രദേശങ്ങളിൽ നാടുകടത്തൽ കാത്തിരിക്കുന്ന കുടിയേറ്റക്കാർക്കായി പ്രത്യേക തടങ്കൽ കേന്ദ്രങ്ങൾ (Detention Centres) ആരംഭിക്കുമെന്ന് റിഫോം യുകെ പ്രഖ്യാപിച്ചു. ഗ്രീൻ പാർട്ടി ‘തുറന്ന അതിർത്തി’ (Open Borders) നയത്തെ പിന്തുണയ്ക്കുന്നതിനാലാണ് ഇത്തരമൊരു തീരുമാനമെന്ന് റിഫോം യുകെ വക്താവ് സിയ യൂസഫ് വ്യക്തമാക്കി.
അധികാരത്തിൽ എത്തിയാൽ 18 മാസത്തിനുള്ളിൽ 24,000 പേരെ പാർപ്പിക്കാൻ കഴിയുന്ന തടങ്കൽ കേന്ദ്രങ്ങൾ നിർമ്മിക്കുമെന്നാണ് പാർട്ടിയുടെ വാഗ്ദാനം. എന്നാൽ, റിഫോം യുകെ എംപിമാരോ ഭരണമോ ഉള്ള സ്ഥലങ്ങളിൽ ഇത്തരം കേന്ദ്രങ്ങൾ നിർമ്മിക്കില്ലെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്. ഗ്രീൻ പാർട്ടിയുടെ നയങ്ങളെ പിന്തുണയ്ക്കുന്ന ജനവിഭാഗങ്ങൾക്കിടയിൽ തന്നെ ഇത്തരം കേന്ദ്രങ്ങൾ വരുന്നത് ‘ജനാധിപത്യപരമായ സമ്മതത്തിന്റെ’ ഭാഗമാണെന്നാണ് പാർട്ടിയുടെ വാദം.
അതേസമയം, റിഫോം യുകെയുടെ ഈ നീക്കത്തിനെതിരെ ഗ്രീൻ പാർട്ടി കടുത്ത ഭാഷയിൽ പ്രതികരിച്ചു. ഇതൊരു “അറപ്പുളവാക്കുന്ന ആശയമാണെന്നും” യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് വോട്ടർമാരുടെ ശ്രദ്ധ തിരിക്കാനാണ് ഇത്തരം ക്രൂരമായ പ്രഖ്യാപനങ്ങൾ നടത്തുന്നതെന്നും ഗ്രീൻ പാർട്ടി വക്താവ് പറഞ്ഞു. തങ്ങൾ തുറന്ന അതിർത്തികളെയല്ല, മറിച്ച് മാനുഷികമായ പരിഗണനയുള്ള കുടിയേറ്റ സംവിധാനത്തെയാണ് പിന്തുണയ്ക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
ലേബർ പാർട്ടിയും ലിബറൽ ഡെമോക്രാറ്റുകളും റിഫോം യുകെയുടെ നയത്തെ വിമർശിച്ച് രംഗത്തെത്തിയിട്ടുണ്ട്. സമൂഹത്തിൽ ഭിന്നതയുണ്ടാക്കാനുള്ള നിഗൂഢമായ നീക്കമാണിതെന്ന് ലേബർ പാർട്ടി ചെയർപേഴ്സൺ അന്ന ടർലി പറഞ്ഞു. സോഷ്യൽ മീഡിയ വീഡിയോകൾക്ക് വേണ്ടി നിർമ്മിച്ചെടുത്ത ഗൗരവമില്ലാത്ത നയമാണിതെന്ന് ഷാഡോ ഹോം സെക്രട്ടറി ക്രിസ് ഫിൽപ് പരിഹസിച്ചു. 24,000 തടങ്കൽ പാളയങ്ങൾ നിർമ്മിക്കാൻ ഏകദേശം 12 ബില്യൺ പൗണ്ട് ചിലവ് വരുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.