ഗറ്റ്‌വിക് വിമാനത്താവളത്തിൽ ജലവിതരണം തടസ്സപ്പെട്ടു; യാത്രക്കാർ ദുരിതത്തിൽ.
ലണ്ടൻ: യുകെയിലെ പ്രമുഖ വിമാനത്താവളങ്ങളിലൊന്നായ ലണ്ടൻ ഗറ്റ്‌വിക് വിമാനത്താവളത്തിലെ രണ്ട് ടെർമിനലുകളിലും ജലവിതരണം പൂർണ്ണമായി തടസ്സപ്പെട്ടു. ഇതേത്തുടർന്ന് വിമാനത്താവളത്തിലെ ശുചിമുറികൾ പലതും പ്രവർത്തനരഹിതമാകുകയും ഭൂരിഭാഗം റസ്റ്റോറന്റുകളും അടച്ചുപൂട്ടുകയും ചെയ്തു. ഹോർലി മേഖലയിലുണ്ടായ സാങ്കേതിക തകരാറാണ് ജലവിതരണത്തെ ബാധിച്ചതെന്നും പ്രശ്നം പരിഹരിക്കാൻ ഊർജ്ജിത ശ്രമം നടക്കുകയാണെന്നും വിമാനത്താവള അധികൃതർ അറിയിച്ചു.
വിമാനത്താവളത്തിൽ ജലം വിതരണം ചെയ്യുന്ന എസ്ഇഎസ് (SES) വാട്ടർ കമ്പനിയുടെ ട്രീറ്റ്‌മെന്റ് പ്ലാന്റിലുണ്ടായ വൈദ്യുതി തടസ്സമാണ് പ്രതിസന്ധിക്ക് കാരണമായത്. പ്ലാന്റിന്റെ പ്രവർത്തനം പുനരാരംഭിച്ചെങ്കിലും ജലം ശുദ്ധീകരിച്ച ശേഷം മാത്രമേ വിതരണം പൂർണ്ണതോതിലാക്കാൻ സാധിക്കൂ എന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. പ്രതിസന്ധി നേരിടാൻ യാത്രക്കാർക്കും ജീവനക്കാർക്കും കുപ്പിവെള്ളം എത്തിച്ചുനൽകുന്നുണ്ടെന്ന് അധികൃതർ അവകാശപ്പെടുന്നുണ്ടെങ്കിലും, കൃത്യമായ വിവരങ്ങളോ സഹായമോ ലഭിക്കുന്നില്ലെന്ന് യാത്രക്കാർ പരാതിപ്പെടുന്നു.
റസ്റ്റോറന്റുകൾ അടച്ചതോടെ ഇരിക്കാൻ പോലും ഇടമില്ലാതെ കുട്ടികളടക്കമുള്ള കുടുംബങ്ങൾ തറയിലാണ് ഇരിക്കുന്നതെന്ന് വിമാനത്താവളത്തിലെത്തിയവർ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. ജലക്ഷാമം രൂക്ഷമായതോടെ യാത്രക്കാർ വിമാനത്താവളത്തിലേക്ക് നേരത്തെ എത്തരുതെന്ന് വിമാനക്കമ്പനികൾ നിർദ്ദേശം നൽകിയിട്ടുണ്ട്. ലഗേജ് കൗണ്ടറുകൾ സാധാരണയേക്കാൾ വൈകി മാത്രമേ തുറക്കൂ എന്നും ഈസിജെറ്റ് (EasyJet) എയർലൈൻസ് അറിയിച്ചു. മുൻപ് 2022 ജൂലൈയിലും സമാനമായ രീതിയിൽ ഗറ്റ്‌വിക് വിമാനത്താവളത്തിൽ ജലക്ഷാമം നേരിട്ടിരുന്നു.