കർഷകരുടെ ഉറക്കം കെടുത്തി ‘എലി വസന്തം’; ഓസ്‌ട്രേലിയയിൽ ജനജീവിതം ദുസ്സഹമാക്കി കോടിക്കണക്കിന് എലികൾ!.
പെർത്ത്: ഓസ്‌ട്രേലിയൻ കർഷകരെയും ജനങ്ങളെയും ഒരുപോലെ ഭീതിയിലാഴ്ത്തി വീണ്ടും അതിരൂക്ഷമായ എലിശല്യം (Mouse Plague). കോടിക്കണക്കിന് എലികളാണ് പടിഞ്ഞാറൻ-തെക്കൻ ഓസ്‌ട്രേലിയയിലെ കൃഷിയിടങ്ങളിലും ജനവാസ മേഖലകളിലും തമ്പടിച്ചിരിക്കുന്നത്. വിളവെടുപ്പ് കഴിഞ്ഞ പാടങ്ങളിൽ അവശേഷിച്ച ധാന്യങ്ങളും വേനൽമഴയെത്തുടർന്ന് തഴച്ചുവളർന്ന പുല്ലും ആഹാരമാക്കിയാണ് എലികൾ പെറ്റുപെരുകിയത്. ഒരു ഹെക്ടറിൽ എണ്ണായിരം മുതൽ പതിനായിരം വരെ എലികൾ ഉണ്ടെന്നാണ് കർഷകരുടെ കണക്കുകൂട്ടൽ.
രാത്രിയെന്നോ പകലെന്നോ ഇല്ലാതെ വീടുകളുടെ മേൽക്കൂരകളിലും എയർ കണ്ടീഷണറുകളിലും അലമാരകളിലും വരെ എലികൾ നിറഞ്ഞിരിക്കുകയാണ്. എലിച്ചത്ത നാറ്റം കാരണം വീടുകളിൽ പോലും ജീവിക്കാൻ കഴിയാത്ത അവസ്ഥയാണെന്ന് കർഷകർ പറയുന്നു. മുൻവർഷങ്ങളേക്കാൾ ഭീകരമായ അവസ്ഥയാണിപ്പോഴുള്ളത്. പകൽ മുഴുവൻ പാടത്ത് പണിയെടുത്തു ക്ഷീണിച്ചു വരുന്ന കർഷകർക്ക് രാത്രിയിൽ കിടന്നുറങ്ങാൻ പോലും പറ്റാത്ത തരത്തിൽ കട്ടിലുകളിലൂടെ വരെ എലികൾ ഓടിനടക്കുകയാണ്.
വിളവിറക്കുന്ന ഈ നിർണായക സമയത്ത് എലികൾ വിത്തുകൾ മുഴുവൻ തിന്നുതീർക്കുന്നത് കർഷകർക്ക് വൻ സാമ്പത്തിക ബാധ്യതയാണ് വരുത്തിവെക്കുന്നത്. ഇതിനോടകം തന്നെ ലക്ഷക്കണക്കിന് രൂപയാണ് എലികളെ നശിപ്പിക്കാനുള്ള മരുന്നിനായും വീണ്ടും വിത്തിറക്കാനായും ഇവർക്ക് ചിലവഴിക്കേണ്ടി വന്നിട്ടുള്ളത്. നിലവിലുള്ള അന്താരാഷ്ട്ര പ്രതിസന്ധികൾ കാരണം ഇന്ധനത്തിനും വളത്തിനും വില ഇരട്ടിയായിരിക്കുന്ന സാഹചര്യത്തിൽ ഈ എലിശല്യം കർഷകരുടെ നട്ടെല്ലൊടിക്കുന്ന ഒന്നായി മാറിയിരിക്കുകയാണ്. ഒരു പ്രാവശ്യം പ്രസവിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ ഇവ വീണ്ടും ഗർഭം ധരിക്കുന്നതാണ് എണ്ണത്തിൽ പെട്ടെന്നുണ്ടാകുന്ന വർദ്ധനവിന് കാരണം. ശക്തമായ വിഷപ്രയോഗത്തിലൂടെയും വരാനിരിക്കുന്ന കടുത്ത ശൈത്യകാലത്തിലൂടെയും ഈ പ്രതിസന്ധിക്ക് പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നിലവിൽ ഓസ്‌ട്രേലിയൻ കർഷകർ.