കൊല്ലപ്പെട്ട സൈനികരുടെ കണക്കിൽ വീണ്ടും ക്രമക്കേട്! യു.എസ് പ്രതിരോധ മന്ത്രാലയം ഒളിച്ചുകളിക്കുന്നതായി ആരോപണം
വാഷിംഗ്ടൺ: അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാനെതിരെ നടത്തുന്ന വിനാശകരമായ യുദ്ധത്തിൽ അടുത്തിടെ കൊല്ലപ്പെട്ട നാല് യു.എസ് സൈനികരുടെ പേരുകൾ ഔദ്യോഗിക മരണപ്പട്ടികയിൽ നിന്ന് ഒഴിവാക്കി പെന്റഗൺ. സൈനികരുടെ മൃതദേഹങ്ങൾ ഔദ്യോഗിക ബഹുമതികളോടെ അമേരിക്കയിലേക്ക് തിരികെ എത്തിച്ചതിന് പിന്നാലെയാണ് പ്രതിരോധ മന്ത്രാലയത്തിന്റെ വഞ്ചനാപരമായ ഈ നീക്കം പുറത്തുവന്നത്. ഏപ്രിൽ മാസത്തിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച താത്കാലിക വെടിനിർത്തലിന് ശേഷമാണ് ഇവർ കൊല്ലപ്പെട്ടതെന്നും, അതിനാൽ ഇവരെ യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ പട്ടികയിൽ ഉൾപ്പെടുത്താനാവില്ലെന്നുമാണ് ഭരണകൂടത്തിന്റെ സാങ്കേതിക വിശദീകരണം.
അമേരിക്കൻ ആക്രമണത്തിന് മറുപടിയായി ജോർദാനിലെയും ഇറാഖിലെയും യു.എസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ നടത്തിയ തിരിച്ചടിയിലാണ് ഈ സൈനികർ കൊല്ലപ്പെട്ടത്. ബുധനാഴ്ച പെന്റഗൺ വെബ്സൈറ്റിൽ ഇറാൻ യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 18 എന്ന് കാണിച്ചിരുന്നെങ്കിലും, വ്യാഴാഴ്ചയോടെ ഇത് 14 ആയി കുറയ്ക്കുകയായിരുന്നു. മുൻകാല യുദ്ധങ്ങളെ അപേക്ഷിച്ച് തന്റെ ഭരണത്തിൽ കുറഞ്ഞ സൈനികർ മാത്രമേ കൊല്ലപ്പെട്ടിട്ടുള്ളൂ എന്ന് സ്ഥാപിക്കാനുള്ള ട്രംപിന്റെ രാഷ്ട്രീയ താല്പര്യമാണ് ഈ കണക്കെടുപ്പിലെ മാറ്റത്തിന് പിന്നിലെന്ന് ആരോപണമുണ്ട്.
സൈനികരുടെ മൃതദേഹങ്ങളിൽ ആദരാഞ്ജലി അർപ്പിച്ച ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലും തെറ്റായ വിവരങ്ങളാണ് ട്രംപ് നൽകിയത്. വിയറ്റ്നാം യുദ്ധത്തിൽ ലക്ഷക്കണക്കിന് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടപ്പോൾ, ഇപ്പോഴത്തെ ഇറാൻ യുദ്ധത്തിൽ 18 പേർ മാത്രമാണ് മരിച്ചതെന്നായിരുന്നു ട്രംപിന്റെ പ്രസ്താവന. എന്നാൽ വിയറ്റ്നാം യുദ്ധത്തിൽ ഔദ്യോഗികമായി കൊല്ലപ്പെട്ട യു.എസ് സൈനികരുടെ എണ്ണം 58,220 ആണെന്നിരിക്കെ, സ്വന്തം പ്രതിച്ഛായ വർദ്ധിപ്പിക്കാൻ ട്രംപ് കണക്കുകൾ പെരുപ്പിച്ചു കാട്ടുകയാണെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു.
ട്രംപ് ഭരണകൂടത്തിന്റെ ഈ നീക്കത്തിനെതിരെ റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്നും ഡെമോക്രാറ്റുകളിൽ നിന്നും കടുത്ത എതിർപ്പാണ് ഉയരുന്നത്. കോൺഗ്രസിന്റെ മുൻകൂർ അനുമതിയില്ലാതെ 90 ദിവസത്തിൽ കൂടുതൽ യുദ്ധം മുന്നോട്ട് കൊണ്ടുപോകുന്നത് അമേരിക്കൻ നിയമങ്ങൾക്ക് വിരുദ്ധമായതിനാലാണ് ഭരണകൂടം ‘രണ്ട് വെവ്വേറെ യുദ്ധങ്ങൾ’ എന്ന തെറ്റായ വാദം ഉന്നയിക്കുന്നതെന്ന് റിപ്പബ്ലിക്കൻ പ്രതിനിധി തോമസ് മാസി കുറ്റപ്പെടുത്തി. യുദ്ധത്തിന്റെ യഥാർത്ഥ വിവരങ്ങൾ ജനങ്ങളിൽ നിന്ന് മറച്ചുവെക്കുന്നതിൽ വലിയ പ്രതിഷേധമാണ് രാജ്യത്തുടനീളം പുകയുന്നത്.