Sathyian Nedumancherriyil

Subject : കേട്ടത് കേൾവി മാത്രം! അറ്റ്‌ലാന്റിക് സമുദ്രത്തിന് സ്വന്തം പേരിടാനുള്ള ട്രംപിന്റെ മോഹം വെട്ടി സുന്ദർ പിച്ചൈ.

കേട്ടത് കേൾവി മാത്രം! അറ്റ്‌ലാന്റിക് സമുദ്രത്തിന് സ്വന്തം പേരിടാനുള്ള ട്രംപിന്റെ മോഹം വെട്ടി സുന്ദർ പിച്ചൈ.

സൗത്ത് കരോലിന: അറ്റ്‌ലാന്റിക് സമുദ്രത്തിന് സ്വന്തം പേരോ അമേരിക്കയുടെ പേരോ നൽകണമെന്ന യു.എസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആവശ്യം ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചൈ നിരസിച്ചു. സൗത്ത് കരോലിനയിൽ നടന്ന റാലിക്കിടെ ട്രംപ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വിഷയം ചർച്ച ചെയ്യുന്നതിനായി താൻ സുന്ദർ പിച്ചൈയെ നേരിട്ട് ഫോണിൽ വിളിച്ചിരുന്നുവെന്നും എന്നാൽ അദ്ദേഹം ഈ നിർദ്ദേശം തള്ളിക്കളയുകയായിരുന്നുവെന്നും ട്രംപ് വ്യക്തമാക്കി.

ആവശ്യം കേട്ട ഉടൻ തന്നെ സുന്ദർ പിച്ചൈ ഇത് ചെയ്യാൻ സാധിക്കില്ലെന്ന് വ്യക്തമാക്കുകയായിരുന്നുവെന്ന് ട്രംപ് പറഞ്ഞു. “ഇത്തവണ ഇത് ചെയ്യാൻ കഴിയില്ല, സമുദ്രങ്ങൾ വ്യത്യസ്തമാണ്. അവ നിരവധിയേറെ രാജ്യങ്ങളെ സ്പർശിച്ചാണ് കിടക്കുന്നത്. ദയവായി ഇത്തരം ആവശ്യങ്ങൾ ഉന്നയിക്കരുത്” എന്നായിരുന്നു സുന്ദർ പിച്ചൈയുടെ മറുപടിയെന്ന് ട്രംപ് വെളിപ്പെടുത്തി. അതിനാൽ അറ്റ്‌ലാന്റിക് സമുദ്രം എന്ന പേര് തന്നെ നിലനിർത്താമെന്ന് താനും കരുതുന്നതായി ട്രംപ് കൂട്ടിച്ചേർത്തു.

നേരത്തെ ഗൾഫ് ഓഫ് മെക്സിക്കോയുടെ പേര് ‘ഗൾഫ് ഓഫ് അമേരിക്ക’ എന്നും കാനഡയുമായുള്ള വ്യാപാര തർക്കത്തിനിടെ ലേക്ക് ഒന്റാറിയോയുടെ പേര് ‘ലേക്ക് അമേരിക്ക’ എന്നും മാറ്റാൻ ട്രംപ് എക്സിക്യൂട്ടീവ് ഓർഡർ പുറപ്പെടുവിച്ചിരുന്നു. ഗൂഗിൾ മാപ്‌സ് അമേരിക്കൻ ഉപയോക്താക്കൾക്കായി ഈ പേരുകൾ മാറ്റിനൽകുകയും ചെയ്തിരുന്നു. ഈ അനുഭവത്തിന്റെ വെളിച്ചത്തിലാണ് ട്രംപ് അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ പേര് മാറ്റാനും ഗൂഗിളിനെ സമീപിച്ചത്.

ഇതിനുമുമ്പും പല പ്രമുഖ സ്ഥലങ്ങൾക്കും സ്വന്തം പേരിടാൻ ട്രംപ് താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇറാനുമായുള്ള സംഘർഷങ്ങൾക്കിടെ ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് സ്ട്രെയിറ്റ്’ (TRUMP STRAIT) എന്ന് മാറ്റുന്നതിനെക്കുറിച്ച് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചിരുന്നു. എന്നാൽ ഇത്തവണ ലോകത്തിലെ ഏറ്റവും വലിയ സമുദ്രങ്ങളിലൊന്നിന്റെ പേരുമാറ്റാനുള്ള നീക്കത്തിന് ഗൂഗിൾ ശക്തമായ തടയിടുകയായിരുന്നു.