Sathyian Nedumancherriyil

Subject : കെയർ ഹോം പ്രതിസന്ധിക്ക് പരിഹാരം കണ്ടില്ലെങ്കിൽ എൻ.എച്ച്.എസ് തകരും: യുകെ പ്രധാനമന്ത്രിയുടെ നിർണ്ണായക മുന്നറിയിപ്പ്.

കെയർ ഹോം പ്രതിസന്ധിക്ക് പരിഹാരം കണ്ടില്ലെങ്കിൽ എൻ.എച്ച്.എസ് തകരും: യുകെ പ്രധാനമന്ത്രിയുടെ നിർണ്ണായക മുന്നറിയിപ്പ്.

ലണ്ടൻ: ഇംഗ്ലണ്ടിലെ തകർച്ചയുടെ വക്കിലുള്ള സോഷ്യൽ കെയർ (സാമൂഹിക പരിചരണ) സംവിധാനം അടിയന്തരമായി പരിഷ്കരിച്ചില്ലെങ്കിൽ രാജ്യത്തെ സൗജന്യ ആരോഗ്യ സേവന വിഭാഗമായ എൻ.എച്ച്.എസ് (NHS) പൂർണ്ണമായും തകരുമെന്ന് യുകെ പ്രധാനമന്ത്രി ആൻഡി ബേൺഹാം. പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള ആദ്യ അഭിമുഖത്തിലാണ് രാജ്യത്തെ സോഷ്യൽ കെയർ സിസ്റ്റം ശരിയാക്കാൻ തന്റെ എല്ലാ രാഷ്ട്രീയ ശേഷിയും ഉപയോഗിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയത്. അൽഷിമേഴ്സ് ബാധിതനായ തന്റെ പിതാവിന് പരിചരണം ആവശ്യമുള്ള സാഹചര്യം നേരിട്ട അനുഭവവും അദ്ദേഹം പങ്കുവെച്ചു.

അടുത്ത പൊതുതിരഞ്ഞെടുപ്പിന് മുൻപ് പൂർണ്ണമായ മാറ്റം കൊണ്ടുവരിക എളുപ്പമല്ലെങ്കിലും പ്രധാനപ്പെട്ട പരിഷ്കാരങ്ങൾ ഉടൻ നടപ്പിലാക്കുമെന്ന് ബേൺഹാം ബി.ബി.സിയോട് പറഞ്ഞു. സോഷ്യൽ കെയർ സംവിധാനത്തിലെ പോരായ്മകൾ കാരണം ഓരോ വർഷവും കോടിക്കണക്കിന് പൗണ്ടാണ് എൻ.എച്ച്.എസിന് നഷ്ടപ്പെടുന്നത്. ആശുപത്രികളിൽ ചികിത്സ ആവശ്യമില്ലാത്ത പ്രായമായവർക്ക് കൃത്യമായ സംരക്ഷണം ഉറപ്പാക്കാൻ കഴിഞ്ഞാൽ മാത്രമേ എൻ.എച്ച്.എസിലെ നീണ്ട കാത്തിരിപ്പ് സമയത്തിന് (Waiting Time) ആശ്വാസം കണ്ടെത്താൻ സാധിക്കൂ എന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

അതോടൊപ്പം രാജ്യത്തെ സോഷ്യൽ സെക്യൂരിറ്റി, വെൽഫെയർ ബെനഫിറ്റ്സ് (ക്ഷേമ ആനുകൂല്യങ്ങൾ) ചെലവുകൾ കുറയ്ക്കുന്നതിൽ രാജ്യം കുറച്ചുകൂടി ഗൗരവം കാണിക്കണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. എന്നാൽ ആനുകൂല്യങ്ങൾ കൈപ്പറ്റുന്ന സാധാരണക്കാരെ കുറ്റപ്പെടുത്താൻ താൻ ആഗ്രഹിക്കുന്നില്ല. ഇരുപതുകളിലുള്ള പല യുവാക്കൾക്കും ആവശ്യമായ പിന്തുണ മുൻപ് ലഭിക്കാത്തതാണ് അവർ ഇത്തരം ആനുകൂല്യങ്ങളെ ആശ്രയിക്കാൻ കാരണം. ഇവർക്ക് കൃത്യമായ മാനസികാരോഗ്യ പിന്തുണയും തൊഴിൽ പരിശീലനവും നൽകി സ്വയംപര്യാപ്തരാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.

അസുഖമുള്ളവർക്കും വികലാംഗർക്കും നൽകുന്ന ധനസഹായ സംവിധാനങ്ങളിൽ മുൻ പ്രധാനമന്ത്രി കെയർ സ്റ്റാർമറുടെ കാലത്ത് തുടങ്ങിയ പുനഃപരിശോധന തുടർന്ന് കൊണ്ടുപോകുമെന്നും ബേൺഹാം പറഞ്ഞു. ഗവൺമെന്റ് നൽകുന്ന തൊഴിൽ, പഠന അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നവർക്ക് മാത്രം ആനുകൂല്യങ്ങൾ നൽകുന്ന രീതിയിൽ നിബന്ധനകൾ കടുപ്പിച്ചേക്കും. രാജ്യത്തിന്റെ ക്ഷേമ ബജറ്റിലെ അനാവശ്യ ചെലവുകൾ വെട്ടിക്കുറച്ച് യുവാക്കൾക്ക് മെച്ചപ്പെട്ട ഭാവി ഉറപ്പാക്കാനാണ് തങ്ങളുടെ ഭരണകൂടം ശ്രമിക്കുന്നതെന്നും യുകെ പ്രധാനമന്ത്രി വ്യക്തമാക്കി.