Sathyian Nedumancherriyil

Subject : കൃഷിഭൂമിയിൽ വിഷമയം; ബ്രിട്ടനിൽ മൈക്രോപ്ലാസ്റ്റിക് വ്യാപനം ഭക്ഷ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്നു.

കൃഷിഭൂമിയിൽ വിഷമയം; ബ്രിട്ടനിൽ മൈക്രോപ്ലാസ്റ്റിക് വ്യാപനം ഭക്ഷ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്നു.

ലണ്ടൻ: ബ്രിട്ടനിലെ കൃഷിഭൂമികളിൽ മൈക്രോപ്ലാസ്റ്റിക്കുകൾ അടിഞ്ഞുകൂടുന്നത് രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയ്ക്ക് കടുത്ത ഭീഷണിയാകുന്നതായി ശാസ്ത്രജ്ഞരുടെയും പാർലമെന്റ് അംഗങ്ങളുടെയും മുന്നറിയിപ്പ്. യൂറോപ്പിൽ തന്നെ മൈക്രോപ്ലാസ്റ്റിക് മലിനീകരണം ഏറ്റവും കൂടുതലുള്ള കൃഷിഭൂമികളിലൊന്നാണ് യുകെയിലേത്. മലിനജല സംസ്‌കരണ പ്ലാന്റുകളിൽ നിന്നുള്ള അവശിഷ്ടങ്ങൾ (Sewage Sludge) വളമായി നിരന്തരം ഉപയോഗിക്കുന്നതാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

പോർട്സ്മൗത്ത് സർവ്വകലാശാലയും പാർലമെന്ററി സമിതിയും സംയുക്തമായി പുറത്തുവിട്ട റിപ്പോർട്ടിൽ മൈക്രോപ്ലാസ്റ്റിക് വ്യാപനം തടയാൻ നിയമപരമായ ലക്ഷ്യങ്ങൾ നിർണ്ണയിക്കണമെന്ന് ആവശ്യപ്പെടുന്നു. വസ്ത്രങ്ങൾ, പെയിന്റുകൾ, ടയറുകൾ, പ്ലാസ്റ്റിക് പാക്കേജിംഗുകൾ എന്നിവയിൽ നിന്ന് പുറന്തള്ളപ്പെടുന്ന 1 മൈക്രോമീറ്റർ മുതൽ 5 മില്ലിമീറ്റർ വരെ വലുപ്പമുള്ള പ്ലാസ്റ്റിക് കണങ്ങളാണ് മണ്ണിൽ കലരുന്നത്. ഇവ മണ്ണിന്റെ ജലസംഭരണ ശേഷിയെയും അവിടുത്തെ സൂക്ഷ്മാണുക്കളെയും മണ്ണിരകളെയും ദോഷകരമായി ബാധിക്കുന്നു.

പ്ലാസ്റ്റിക് നിർമ്മാണത്തിന് ഉപയോഗിക്കുന്ന പതിനാറായിരത്തോളം രാസവസ്തുക്കളിൽ നാലായിരത്തോളവും ആരോഗ്യത്തിന് ഹാനികരമാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ബാക്ടീരിയകൾ, വിഷലോഹങ്ങൾ, മറ്റ് മാരക രാസവസ്തുക്കൾ എന്നിവയെ ആഗിരണം ചെയ്യുന്ന കാന്തങ്ങളെപ്പോലെയാണ് മണ്ണിലെ മൈക്രോപ്ലാസ്റ്റിക്കുകൾ പ്രവർത്തിക്കുന്നത്. ഇത് വഴി മനുഷ്യ ശരീരത്തിലും രക്തത്തിലും വരെ മൈക്രോപ്ലാസ്റ്റിക്കിന്റെ സാന്നിധ്യം വ്യാപകമായി കണ്ടെത്തുന്നുണ്ട്.

ഉറവിടത്തിൽ തന്നെ മൈക്രോപ്ലാസ്റ്റിക് മലിനീകരണം തടയുന്നതിനായി കർശനമായ നിയമനിർമ്മാണവും നിർമ്മാതാക്കളുടെ ഉത്തരവാദിത്തവും ഉറപ്പാക്കണമെന്ന് റിപ്പോർട്ട് നിർദ്ദേശിക്കുന്നു. കാലാവസ്ഥാ വ്യതിയാനം മൂലം കൃഷിമേഖല പരീക്ഷണങ്ങൾ നേരിടുമ്പോൾ, മണ്ണിന്റെ ഫലഭൂയിഷ്ഠതയും ഗുണനിലവാരവും സംരക്ഷിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് വിഗദ്ധർ ആവശ്യപ്പെട്ടു.