Sathyian Nedumancherriyil

Subject : കുപ്രസിദ്ധ കൊലപാതകിക്ക് ജാമ്യം ലഭിക്കാൻ ഇടയാക്കിയതിൽ ഗുരുതര വീഴ്ച; പരസ്യമായി മാപ്പുപറഞ്ഞ് ബ്രിട്ടീഷ് പ്രൊസിക്യൂഷൻ തലവൻ!

കുപ്രസിദ്ധ കൊലപാതകിക്ക് ജാമ്യം ലഭിക്കാൻ ഇടയാക്കിയതിൽ ഗുരുതര വീഴ്ച; പരസ്യമായി മാപ്പുപറഞ്ഞ് ബ്രിട്ടീഷ് പ്രൊസിക്യൂഷൻ തലവൻ!

ലണ്ടൻ: ക്രൂരനായ സീരിയൽ കൊലപാതകി സൈമൺ ലെവിക്ക് (Simon Levy) ജാമ്യം ലഭിക്കാൻ ഇടയാക്കിയ വീഴ്ചയിൽ ക്രൗൺ പ്രൊസിക്യൂഷൻ സർവീസ് (CPS) ഡയറക്ടർ മാപ്പുപറഞ്ഞു. ലെവി കൊലപാതകവും റേപ്പ് കേസുകളും ഉൾപ്പെടെയുള്ള ഗുരുതരമായ കുറ്റകൃത്യങ്ങളിൽ അന്വേഷണം നേരിടുന്ന വിവരങ്ങൾ ജാമ്യാപേക്ഷ പരിഗണിച്ച കോടതിയെ അറിയിക്കുന്നതിൽ പ്രൊസിക്യൂഷന് വീഴ്ച പറ്റി എന്ന് ഡയറക്ടർ ഒഫ് പബ്ലിക് പ്രൊസിക്യൂഷൻ സ്റ്റീഫൻ പാർക്കിൻസൺ തുറന്നുസമ്മതിച്ചു. സിപിഎസിൽ കൂടുതൽ ജീവനക്കാരെ നിയമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കർമൻസ വലൻസിയ (53), ഷെറിൽ വിൽക്കിൻസ് എന്നിവരെ കൊലപ്പെടുത്തിയ കേസിൽ 40-കാരനായ ലെവിക്ക് അടുത്തിടെയാണ് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. പോലീസിന്റെ നിരീക്ഷണത്തിൽ ജാമ്യത്തിൽ കഴിയുമ്പോഴാണ് 2025 മാർച്ചിൽ ലെവി കർമൻസയെയും അഞ്ച് മാസങ്ങൾക്ക് ശേഷം ഷെറിലിനെയും ക്രൂരമായി കൊലപ്പെടുത്തിയത്. ഷെറിലിന്റെ നാൽപ്പതാം പിറന്നാളിന്റെ തലേന്നായിരുന്നു കൊലപാതകം നടത്തിയത്. ഇവരുടെ ശരീരത്തിൽ 83-ഓളം മുറിവുകൾ കണ്ടെത്തിയിരുന്നു.

ശനിയാഴ്ചകളിൽ നടന്ന ജാമ്യാപേക്ഷാ വാദത്തിനിടയിൽ കടുത്ത ജോലിഭാരം മൂലമാണ് ലെവിക്കെതിരെയുള്ള അന്വേഷണ വിവരങ്ങൾ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്താൻ പ്രൊസിക്യൂട്ടർമാർക്ക് സാധിക്കാതെ പോയതെന്ന് പാർക്കിൻസൺ വിശദീകരിച്ചു. അന്ന് ലെവിയുടെ ജാമ്യം തടഞ്ഞിരുന്നെങ്കിൽ ഷെറിൽ വിൽക്കിൻസിന്റെ ജീവൻ രക്ഷിക്കാമായിരുന്നു എന്ന കാര്യവും അദ്ദേഹം അംഗീകരിച്ചു. ഭാവിയിൽ ഇത്തരം ഗുരുതരമായ തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ ഏജൻസിയിൽ കൂടുതൽ ഉദ്യോഗസ്ഥരെ നിയമിക്കുമെന്നും അദ്ദേഹം അറിയിച്ചു.

മറ്റൊരു കേസിൽ ജയിലിൽ കഴിയവെ വനിതാ ജയിൽ ഉദ്യോഗസ്ഥയെ ലൈംഗികമായി അക്രമിച്ച ലെവിയെ ജാമ്യത്തിൽ വിട്ടയച്ചതിനെതിരെ മെട്രോപൊളിറ്റൻ പോലീസ് കമ്മീഷണർ സർ മാർക്ക് റൗളി വിമർശനം ഉന്നയിച്ചിരുന്നു. തുടർന്ന് 2025 ഒക്ടോബറിലാണ് ഈ കേസിൽ ലെവിക്കെതിരെ കുറ്റം ചുമത്തിയത്. അതിനിടയിൽ രണ്ട് കൊലപാതകങ്ങൾ ഉൾപ്പെടെ 13 സ്ത്രീകൾക്ക് നേരെയാണ് ലെവി ആക്രമണം അഴിച്ചുവിട്ടത്. ക്രിമിനൽ ജസ്റ്റിസ് സിസ്റ്റത്തിലെ വീഴ്ചകളിൽ നിന്നും പാഠം ഉൾക്കൊണ്ട് മുന്നോട്ട് പോകുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.