Sathyian Nedumancherriyil

Subject : കുട്ടി ‘സാത്താൻ’ എന്ന് ഭ്രമം; യുഎസിൽ രണ്ട് വയസ്സുകാരനെ അമ്മ ശ്വാസം മുട്ടിച്ച് കൊന്നു.

കുട്ടി ‘സാത്താൻ’ എന്ന് ഭ്രമം; യുഎസിൽ രണ്ട് വയസ്സുകാരനെ അമ്മ ശ്വാസം മുട്ടിച്ച് കൊന്നു.

ഷിക്കാഗോ:അമേരിക്കയിലെ ഇല്ലിനോയിൽ രണ്ട് വയസ്സുകാരനായ മകനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ കേസിൽ അമ്മ കോറി വോൾഷ് (40) അറസ്റ്റിൽ. മകനായ ബാരറ്റിനെ സബർബൻ ഷിക്കാഗോയിലെ വീടിന്റെ ബേസ്‌മെന്റിൽ മരിച്ച നിലയിൽ അയൽവാസിയാണ് കണ്ടെത്തിയത്. കുട്ടിയുടെ കഴുത്തിൽ കയറോ തുണിയോ മുറുക്കിയതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാകുന്നു. കുട്ടി സാത്താനാണെന്ന് വിശ്വസിച്ചാണ് താൻ കൊലപാതകം നടത്തിയതെന്ന് പ്രതി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

മസാച്യുസെറ്റ്സിൽ മൂന്ന് മക്കളെ കൊലപ്പെടുത്തിയ ലിൻഡ്സെ ക്ലാൻസി എന്ന സ്ത്രീയുടെ കൊലപാതക കേസ് വിചാരണ കോറി വോൾഷ് സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നതായി പ്രോസിക്യൂട്ടർമാർ വിചാരണക്കോടതിയിൽ വ്യക്തമാക്കി. കുട്ടി മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് വരെ ഇവർ സുഹൃത്തുക്കളുമായി ഈ കേസിനെക്കുറിച്ച് സന്ദേശങ്ങൾ അയച്ചിരുന്നു. മാനസിക നില തെറ്റിയ ഘട്ടത്തിലാണ് കൊലപാതകം നടന്നതെന്നും പ്രതിക്ക് മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും ഇവരുടെ അഭിഭാഷക അഞ്ചെ ലിയോൺ കോടതിയെ അറിയിച്ചു.

സംഭവം നടക്കുന്ന സമയത്ത് കൈഞരമ്പുകളും തുടകളും മുറിച്ച നിലയിൽ ചോരപ്പുഴയായ ബാത്ത് ടബ്ബിൽ നിന്നാണ് കോറിയെ പോലീസ് കണ്ടെത്തിയത്. ജീവന് ഭീഷണിയില്ലാത്ത പരിക്കുകളോടെ ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മസാച്യുസെറ്റ്സ് കേസിലെ വിചാരണ ജ്യൂറിക്ക് വ്യക്തമായ തീരുമാനത്തിലെത്താൻ കഴിയാത്തതിനെ തുടർന്ന് മാറ്റിവെച്ചതിന് തൊട്ടുപിന്നാലെയാണ് ഇല്ലിനോയിൽ സമാനമായ ഈ ദാരുണ സംഭവം നടക്കുന്നത്.

സംഭവത്തിൽ ക്ലാൻസി കേസിന് നേരിട്ട് സ്വാധീനമുണ്ടോ എന്ന് പോലീസ് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും കേസിനെക്കുറിച്ചുള്ള വിവരങ്ങൾ ഇവർ അന്വേഷിച്ചിരുന്നുവെന്നത് പ്രോസിക്യൂഷൻ ഗൗരവത്തോടെയാണ് കാണുന്നത്. കൊലപാതകം, ക്രൂരത തുടങ്ങിയ വകുപ്പുകൾ ചുമത്തി പ്രതിയെ വിചാരണ തടവിലാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. നാടിനെ നടുക്കിയ ഈ സംഭവത്തിൽ വിൽ കൗണ്ടി പോലീസും പ്രോസിക്യൂഷനും അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.