Sathyian Nedumancherriyil

Subject : കുട്ടികളുടെ സുരക്ഷയിൽ വീഴ്ച: 1.27 കോടി പൗണ്ട് പിഴ അടക്കാൻ ടാക് ടോക്; അപ്പീൽ പിൻവലിച്ചു.

കുട്ടികളുടെ സുരക്ഷയിൽ വീഴ്ച: 1.27 കോടി പൗണ്ട് പിഴ അടക്കാൻ ടാക് ടോക്; അപ്പീൽ പിൻവലിച്ചു.

ലണ്ടൻ: 13 വയസ്സിൽ താഴെയുള്ള കുട്ടികൾ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നത് തടയുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് യുകെ ഡാറ്റാ വാച്ച്‌ഡോഗ് ഏർപ്പെടുത്തിയ 1.27 കോടി പൗണ്ട് (ഏകദേശം 130 കോടിയിലധികം രൂപ) പിഴ അടക്കാൻ പ്രമുഖ വീഡിയോ ആപ്പായ ടിക് ടോക് (TikTok) തീരുമാനിച്ചു. ഇൻഫർമേഷൻ കമ്മീഷണേഴ്സ് ഓഫീസ് (ICO) ഏർപ്പെടുത്തിയ പിഴയ്ക്കെതിരെ നൽകിയ അപ്പീൽ കമ്പനി പിൻവലിക്കുകയായിരുന്നു. കൃത്യമായ പ്രായപരിശോധന നടത്തുന്നതിലും പ്രായപൂർത്തിയാകാത്ത ഉപയോക്താക്കളെ പ്ലാറ്റ്‌ഫോമിൽ നിന്ന് നീക്കം ചെയ്യുന്നതിലും ടിക് ടോക് ഗുരുതരമായ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് 2023-ൽ ഐ.സി.ഒ പിഴ ചുമത്തിയത്.

ടിക് ടോക്കിന്റെ ഔദ്യോഗിക പ്രായപരിധി 13 വയസ്സായിരുന്നിട്ടും, നിയന്ത്രണങ്ങൾ കർശനമാക്കാത്തതിനാൽ 2020-ൽ യുകെയിൽ മാത്രം 17.5 ലക്ഷത്തോളം കുട്ടികൾ ആപ്പ് ഉപയോഗിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിന് പുറമെ ഉപയോക്താക്കളുടെ ഡാറ്റ ശേഖരിക്കുന്ന വിവരങ്ങൾ വ്യക്തമായി അറിയിക്കാതിരിക്കുകയും രക്ഷിതാക്കളുടെ അനുമതിയില്ലാതെ കുട്ടികളുടെ ഡാറ്റ ഉപയോഗിക്കുകയും ചെയ്തു. കുട്ടികൾക്കായി കൃത്യമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കേണ്ടതിന്റെ പ്രാധാന്യമാണ് ഈ നടപടി വ്യക്തമാക്കുന്നതെന്ന് ഐ.സി.ഒ ഡെപ്യൂട്ടി കമ്മീഷണർ എമിലി കീനി പറഞ്ഞു.

എന്നാൽ, ഐ.സി.ഒയുടെ കണ്ടെത്തലുകളോട് വിയോജിപ്പുണ്ടെങ്കിലും 2018 നും 2020 നും ഇടയിലുള്ള കാലയളവിലെ കേസ് ആയതിനാലാണ് പിഴയടക്കാൻ തീരുമാനിച്ചതെന്ന് ചൈനീസ് കമ്പനിയായ ബൈറ്റ്ഡാൻസിന്റെ ഉടമസ്ഥതയിലുള്ള ടിക് ടോക് വ്യക്തമാക്കി. അതിനുശേഷം യുവാക്കളുടെ സുരക്ഷയ്ക്കായി നിരവധി നയങ്ങളും പരിഷ്കാരങ്ങളും പ്ലാറ്റ്‌ഫോമിൽ നടപ്പിലാക്കിയിട്ടുണ്ടെന്നും കമ്പനി അവകാശപ്പെട്ടു. യുകെയിൽ മാത്രം മുപ്പത് ദശലക്ഷത്തിലധികം സജീവ ഉപയോക്താക്കളുള്ള സോഷ്യൽ മീഡിയ ഭീമനാണ് ടിക് ടോക്.

ഇതിനുപുറമെ, കൗമാരക്കാരുടെ വ്യക്തിഗത വിവരങ്ങൾ ആൽഗരിതം എങ്ങനെ പ്രോസസ്സ് ചെയ്യുന്നുവെന്നതിനെക്കുറിച്ചുള്ള അന്വേഷണത്തിനെതിരെയുള്ള അപ്പീലും ടിക് ടോക് പിൻവലിച്ചിട്ടുണ്ട്. ഇതോടെ അപകടകരമായ കണ്ടന്റുകൾ കുട്ടികളിലേക്ക് എത്തുന്നത് തടയാനുള്ള അന്വേഷണം ഐ.സി.ഒ പുനരാരംഭിക്കും. അടുത്ത വർഷം മുതൽ യുകെയിൽ 16 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് പുതിയ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരാനിരിക്കെയാണ് ഈ നിർണ്ണായക സംഭവിവികാസം.