കാർഷിക മേഖലയ്ക്കും ജൈവവൈവിധ്യത്തിനും വൻ ഭീഷണി; ‘ഏഷ്യൻ കടന്നൽ’ പെരുകുന്നതിൽ യുകെയിൽ മുന്നറിയിപ്പ്!
ലണ്ടൻ: അധിനിവേശ ജീവിവർഗ്ഗമായ ‘ഏഷ്യൻ ഹോർനെറ്റ്’ (Asian Hornet) എന്ന ഭീമൻ കടന്നലുകൾ രാജ്യത്തെ പരിസ്ഥിതിക്കും ഭക്ഷ്യസുരക്ഷയ്ക്കും വൻ ഭീഷണിയുയർത്തുന്നതായി ബ്രിട്ടീഷ് തേനീച്ച വളർത്തലുകാരുടെ മുന്നറിയിപ്പ്. തേനീച്ചകൾ ഉൾപ്പെടെയുള്ള പരാഗണ ജീവികളെ വ്യാപകമായി വേട്ടയാടി നശിപ്പിക്കുന്ന ഈ ഏഷ്യൻ കടന്നലുകൾ കൃഷിമേഖലയെ തകർക്കുകയും പരാഗണ മേഖലകളെ മരുഭൂമിയാക്കി മാറ്റുകയും ചെയ്യുന്നു. ഇതുവരെ ഇത് കേവലം തേനീച്ച വളർത്തലുകാരുടെ മാത്രം പ്രശ്നമായി കണ്ടിരുന്ന ജനങ്ങളിൽ ബോധവൽക്കരണം ശക്തമാക്കാൻ അടിയന്തര ദേശീയ പ്രചാരണം നടത്തണമെന്ന് ബ്രിട്ടീഷ് ബീകീപ്പേഴ്സ് അസോസിയേഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു.
തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ കാണപ്പെടുന്ന മഞ്ഞക്കാലുകളുള്ള ഈ കടന്നലുകൾ 2004-ഓടെയാണ് യൂറോപ്പിലെത്തിയത്. വേനൽക്കാലത്തെ ചൂട് വർദ്ധിച്ചത് ഇവയുടെ പെരുപ്പത്തിന് കൂടുതൽ കാരണമായിമാറി. വേനൽക്കാലത്തിന്റെ അവസാനത്തോടെ കൂടുതൽ പ്രജനനം നടത്തുന്ന ഇവയുടെ പുതിയ റാണികൾ ശൈത്യകാലം കഴിഞ്ഞ് പുതിയ കോളനികളും കൂടുകളും നിർമ്മിച്ച് വ്യാപിക്കാൻ തുടങ്ങും. നാഷണൽ ബീ യൂണിറ്റിന്റെ (NBU) നേതൃത്വത്തിൽ കഴിഞ്ഞ വർഷം മാത്രം യുകെയിൽ റെക്കോർഡ് എണ്ണമായ 161 കൂടുകളാണ് കണ്ടെത്തി നശിപ്പിച്ചത്.
സർക്കാർ തലത്തിൽ ഇവയുടെ കൂടുകൾ നശിപ്പിക്കാൻ കാര്യക്ഷമമായ നടപടികൾ നടക്കുന്നുണ്ടെങ്കിലും പൊതുജനങ്ങളുടെ പങ്കാളിത്തം വഴിയുള്ള നിരീക്ഷണം ഇതിന് അത്യന്താപേക്ഷിതമാണ്. പുതിയ കൂടുകൾ കണ്ടെത്താനും അവ ഇല്ലാതാക്കാനും പൊതുജനങ്ങളും സന്നദ്ധ പ്രവർത്തകരും നൽകുന്ന വിവരങ്ങളാണ് ഏക ആശ്രയം. കൂടുകൾ കൃത്യമായി കണ്ടെത്തുന്നതിനായി കൃത്രിമബുദ്ധി (AI) സാങ്കേതികവിദ്യയും റേഡിയോ ട്രാൻസ്മിറ്ററുകളും ഉൾപ്പെടെയുള്ള നൂതന മാർഗ്ഗങ്ങളും നിലവിൽ അധികൃതർ പരീക്ഷിച്ചുവരികയാണ്.
തേനീച്ച വളർത്തലുകാർക്ക് മാത്രം പരിഹരിക്കാൻ കഴിയുന്നതിലും വലിയ വൻ നാശനഷ്ടങ്ങളാണ് ഇവ പരിസ്ഥിതി വ്യവസ്ഥയ്ക്കും ജൈവവൈവിധ്യത്തിനും ഉണ്ടാക്കുന്നത്. സർക്കാരിന്റെ ഭാഗത്തുനിന്ന് ദീർഘകാലാടിസ്ഥാനത്തിലുള്ള ശക്തമായ ഇടപെടലുകൾ ഉണ്ടായില്ലെങ്കിൽ ഇവ രാജ്യത്താകമാനം പടർന്നുപിടിക്കാൻ സാധ്യതയുണ്ടെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. പൊതുജനങ്ങൾ തങ്ങളുടെ പ്രദേശങ്ങളിൽ ഈ കടന്നലുകളെ കണ്ടാൽ ഉടൻ തന്നെ ആപ്പ് വഴിയോ ഓൺലൈൻ വഴിയോ വിവരം അധികൃതരെ അറിയിക്കണമെന്നും നിർദ്ദേശമുണ്ട്.