കാർബൺ കുറയ്ക്കാൻ കടലിൽ ചിപ്പിത്തോട്ടങ്ങൾ.. കാലാവസ്ഥാ പോരാട്ടത്തിൽ പുതിയ ചുവടുവെപ്പ്.
ലണ്ടൻ:ബ്രിട്ടീഷ് തീരക്കടലിലെ നശിച്ചുപോയ ജൈവവൈവിധ്യം വീണ്ടെടുക്കുന്നതിനായി ഒന്നരക്കോടിയിലധികം ഇളം ചിപ്പികളെ (Oysters) വടക്കൻ കടലിലേക്ക് (North Sea) തുറന്നുവിടുന്നു. യുകെയിലെ ഏറ്റവും വലിയ ‘റീവൈൽഡിംഗ്’ (Rewilding) പദ്ധതികളിൽ ഒന്നാണിതെന്ന് വിദഗ്ധർ വിലയിരുത്തുന്നു. ഓർക്നി ദ്വീപിന് (Orkney) ചുറ്റും ചിപ്പികളുടെ വിപുലമായ പടർപ്പുകൾ സൃഷ്ടിക്കുന്നതിലൂടെ സമുദ്രത്തിലെ കാർബൺ ഡൈ ഓക്സൈഡ് വലിയ തോതിൽ കുറയ്ക്കാനും അതുവഴി കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാനും സാധിക്കുമെന്ന് ഈ പദ്ധതിക്ക് നേതൃത്വം നൽകുന്ന മറൈൻ എക്സ്പെർട്ട് റിച്ചാർഡ് ലാൻഡ് പറഞ്ഞു. മത്സ്യങ്ങൾക്കും സമുദ്ര സസ്യങ്ങൾക്കും പുറമെ കടൽ പക്ഷികൾക്കും സമുദ്ര സസ്തനികൾക്കും ഈ പദ്ധതി വലിയ ഗുണം ചെയ്യും.
ഗ്രീൻ ബ്രിട്ടൻ ഫൗണ്ടേഷൻ, നേച്ചർ റിസ്റ്റോറേഷൻ ഫണ്ട് തുടങ്ങിയവയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന ഈ പദ്ധതി വരും കാലങ്ങളിൽ ബ്രിട്ടനിലെയും യൂറോപ്പിലെയും മറ്റ് തീരപ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. മുൻപ് ബ്രിട്ടീഷ് തീരങ്ങളിൽ വൻതോതിൽ ചിപ്പികൾ ഉണ്ടായിരുന്നുവെങ്കിലും വ്യവസായ വിപ്ലവ കാലഘട്ടത്തിലെ അമിതമായ മത്സ്യബന്ധനവും മലിനീകരണവും ഈ ആവാസവ്യവസ്ഥയെ നാശത്തിന്റെ വക്കിലെത്തിച്ചു.
1840-കളിൽ ലണ്ടൻ നിവാസികൾ മാത്രം പ്രതിവർഷം 70 കോടിയിലധികം ചിപ്പികൾ ഭക്ഷണത്തിനായി ഉപയോഗിച്ചിരുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത്തരം വൻതോതിലുള്ള ഉപയോഗവും കപ്പലുകൾക്ക് വഴിയൊരുക്കാൻ ചിപ്പിപ്പാറകൾ നശിപ്പിച്ചതും കടൽ പരിസ്ഥിതിയെ സാരമായി ബാധിച്ചു.കടൽജലം ശുദ്ധീകരിക്കാനും കാർബൺ ആഗിരണം ചെയ്യാനും ചിപ്പികൾക്കുള്ള അസാധാരണ ശേഷിയെ പ്രയോജനപ്പെടുത്തുകയാണ് ഈ പദ്ധതിയിലൂടെ ചെയ്യുന്നത്.
ഒരു വർഷം ഏകദേശം 76 ടൺ കാർബൺ ഡൈ ഓക്സൈഡ് വലിച്ചെടുക്കാൻ ഈ ചിപ്പിത്തോട്ടങ്ങൾക്ക് സാധിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. കരയിൽ സവിശേഷമായ പ്ലേറ്റുകളിൽ വളർത്തിയെടുക്കുന്ന ചിപ്പികളെ പിന്നീട് കടലിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. ഈ പദ്ധതി വിജയിക്കുന്നതോടെ ഏകദേശം 15 വർഷത്തിനുള്ളിൽ പ്രകൃതിദത്തമായ കാർബൺ ശേഖരണം ഇപ്പോഴത്തേതിനേക്കാൾ ആയിരമിരട്ടി വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ബ്രിട്ടീഷ് പാർലമെന്റ് അംഗങ്ങളും ശാസ്ത്രജ്ഞരും ഈ പദ്ധതിയെ ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്.