കാൻസറിനെ പേടിക്കണോ? സസ്യാഹാരത്തിലേക്ക് മാറിക്കോളൂ! അഞ്ച് പ്രധാന കാൻസറുകളെ പ്രതിരോധിക്കുമെന്ന് പഠനം..
സസ്യാഹാരികൾക്ക് അഞ്ച് തരം കാൻസറുകൾ വരാനുള്ള സാധ്യത വളരെ കുറവെന്ന് പഠനം; പക്ഷേ ബോധപൂർവ്വം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുമുണ്ട്!
ഓക്സ്ഫോർഡ്: ഭക്ഷണരീതിയും കാൻസർ സാധ്യതയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നടന്ന ഏറ്റവും വലിയ പഠനങ്ങളിലൊന്നിൽ സസ്യാഹാരികൾക്ക് അനുകൂലമായ കണ്ടെത്തലുകൾ. സസ്യാഹാരം ശീലമാക്കിയവരിൽ അഞ്ച് തരം കാൻസറുകൾ വരാനുള്ള സാധ്യത ഗണ്യമായി കുറവാണെന്ന് പഠനം വ്യക്തമാക്കുന്നു. ഏകദേശം 18 ലക്ഷം ആളുകളിൽ നിന്ന് വർഷങ്ങളോളം ശേഖരിച്ച വിവരങ്ങൾ വിശകലനം ചെയ്താണ് ശാസ്ത്രലോകം ഈ നിഗമനത്തിലെത്തിയത്.
പഠനത്തിലെ പ്രധാന കണ്ടെത്തലുകൾ:
മാംസാഹാരം കഴിക്കുന്നവരുമായി താരതമ്യം ചെയ്യുമ്പോൾ സസ്യാഹാരികളിൽ താഴെ പറയുന്ന കാൻസറുകൾ വരാനുള്ള സാധ്യത കുറവാണ്:
-
പാൻക്രിയാറ്റിക് കാൻസർ: 21% കുറവ്.
-
പ്രോസ്റ്റേറ്റ് കാൻസർ: 12% കുറവ്.
-
സ്തനാർബുദം (Breast Cancer): 9% കുറവ്.
-
വൃക്കയിലെ കാൻസർ (Kidney Cancer): 28% കുറവ്.
-
മൾട്ടിപ്പിൾ മൈലോമ (രക്തത്തിലെ അർബുദം): 31% കുറവ്.
യുകെയിലെ കാൻസർ മരണങ്ങളിൽ അഞ്ചിലൊന്നിനും കാരണമാകുന്നത് മേൽപ്പറഞ്ഞ അർബുദങ്ങളാണെന്നിരിക്കെ, സസ്യാഹാരികൾക്ക് ഈ വാർത്ത വലിയ ആശ്വാസം നൽകുന്നതാണ്. ഓക്സ്ഫോർഡ് സർവകലാശാലയിലെ ഡോ. അറോറ പെരസ് കോർണാഗോയുടെ നേതൃത്വത്തിലാണ് പഠനം നടന്നത്.
ശ്രദ്ധിക്കേണ്ട മുന്നറിയിപ്പുകൾ
സസ്യാഹാരം പൊതുവെ സുരക്ഷിതമാണെങ്കിലും പഠനം ചില ജാഗ്രതാ നിർദ്ദേശങ്ങളും നൽകുന്നുണ്ട്:
-
അന്നനാളിയിലെ കാൻസർ: സസ്യാഹാരികളിൽ അന്നനാളിയിലെ ഒരു പ്രത്യേക തരം കാൻസർ (Squamous cell carcinoma) വരാനുള്ള സാധ്യത മാംസാഹാരികളെക്കാൾ ഇരട്ടിയാണെന്ന് പഠനം പറയുന്നു. വിറ്റാമിൻ ബി പോലുള്ള പ്രധാന പോഷകങ്ങളുടെ കുറവാകാം ഇതിന് കാരണം.
-
കുടലിലെ കാൻസർ (Bowel Cancer): വെജിറ്റേറിയൻ ഭക്ഷണത്തേക്കാൾ കർശനമായ രീതി പിന്തുടരുന്ന വീഗനുകളിൽ (Vegans) കുടലിലെ കാൻസർ സാധ്യത 40% കൂടുതലായി കാണപ്പെട്ടു. ശരീരത്തിന് ആവശ്യമായ കാത്സ്യം കൃത്യമായി ലഭിക്കാത്തതാകാം ഇതിന് പിന്നിലെ പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്.
എന്തുകൊണ്ട് ഈ വ്യത്യാസം?
ചുവന്ന മാംസത്തിന്റെയും സംസ്കരിച്ച മാംസത്തിന്റെയും (Processed meat) ഉപയോഗം കാൻസർ സാധ്യത വർദ്ധിപ്പിക്കുമെന്ന് നേരത്തെ തന്നെ തെളിയിക്കപ്പെട്ടതാണ്. എന്നാൽ സസ്യാഹാരത്തിലെ എന്ത് ഘടകമാണ് കാൻസറിനെ പ്രതിരോധിക്കുന്നതെന്ന് കണ്ടെത്താൻ കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്ന് ഗവേഷകർ പറയുന്നു. 16 വർഷത്തോളം നീണ്ട നിരീക്ഷണത്തിനൊടുവിലാണ് ‘ബ്രിട്ടീഷ് ജേണൽ ഓഫ് കാൻസറിൽ’ ഈ പഠനം പ്രസിദ്ധീകരിച്ചത്.
മത്സ്യം മാത്രം കഴിക്കുന്നവരിൽ (Pescatarians) സ്തനാർബുദം, വൃക്കയിലെ കാൻസർ, കുടലിലെ കാൻസർ എന്നിവ കുറവാണെന്നും പഠനം വ്യക്തമാക്കുന്നു.
വിദഗ്ധരുടെ അഭിപ്രായം
ഭക്ഷണക്രമത്തിൽ മിതത്വം പാലിക്കുന്നതാണ് ഏറ്റവും ഉചിതമെന്ന് റോവെറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫസർ ജൂൾസ് ഗ്രിഫിൻ അഭിപ്രായപ്പെട്ടു. മാംസവും മത്സ്യവും മിതമായ അളവിൽ ഉൾപ്പെടുത്തുകയും ഒപ്പം സസ്യാഹാരത്തിലെ പോഷകങ്ങൾ ഉറപ്പാക്കുകയും ചെയ്യുന്ന സമീതകൃത ആഹാരരീതിയാണ് (Balanced Diet) കാൻസർ പ്രതിരോധത്തിന് ഏറ്റവും അഭികാമ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.