Sathyian Nedumancherriyil

Subject : കാലാവസ്ഥാ പ്രതിസന്ധിയുടെ ഭീഷണി ജനങ്ങളോട് തുറന്നുപറയണം; സർക്കാരിന് മേൽ സമ്മർദ്ദം ശക്തമാക്കി ഗവേഷകർ!

കാലാവസ്ഥാ പ്രതിസന്ധിയുടെ ഭീഷണി ജനങ്ങളോട് തുറന്നുപറയണം; സർക്കാരിന് മേൽ സമ്മർദ്ദം ശക്തമാക്കി ഗവേഷകർ!

ലണ്ടൻ: കാലാവസ്ഥാ വ്യതിയാനവും ആവാസവ്യവസ്ഥ തകർച്ചയും ഉയർത്തുന്ന ഗുരുതരമായ ഭീഷണികളെക്കുറിച്ച് സർക്കാർ ജനങ്ങളോട് തുറന്നുപറയണമെന്ന് ഗവേഷകർ ആവശ്യപ്പെട്ടു. വെസ്റ്റ്മിൻസ്റ്റർ ഹാളിൽ വിദഗ്ധർ നടത്തിയ ‘ദേശീയ അടിയന്തര ബ്രീഫിംഗ്’ എന്ന പ്രത്യേക പരിപാടിയുടെ ഭാഗമായി പുറത്തിറക്കിയ ഡോക്യുമെന്ററി കണ്ടവരിൽ ഭൂരിഭാഗം പേരും വലിയ തോതിൽ ഉത്കണ്ഠ പ്രകടിപ്പിക്കുകയും പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ തയ്യാറാണെന്ന് അറിയിക്കുകയും ചെയ്തു. ഭക്ഷ്യസുരക്ഷ, സാമ്പത്തിക സ്ഥിതി, പൊതുാരോഗ്യം എന്നിവയ്ക്ക് കാലാവസ്ഥാ പ്രതിസന്ധി വലിയ അപകടമാണ് സൃഷ്ടിക്കുന്നത്.

ഈ ചിത്ര കണ്ട 13,000 പേരിൽ നടത്തിയ സർവേയിൽ 87 ശതമാനം ആളുകളും കാലാവസ്ഥാ പ്രവർത്തനങ്ങളിൽ കൂടുതൽ സജീവമാകാൻ തങ്ങൾ പ്രേരണാഭരിതരായതായി വ്യക്തമാക്കി. കോവിഡ് മഹാമാരിയുടെ കാലത്തെയോ രണ്ടാം ലോകമഹായുദ്ധകാലത്തെയോ പോലെ അടിയന്തര പ്രാധാന്യത്തോടെ സർക്കാർ ഈ പ്രതിസന്ധിയെ നേരിടണമെന്ന് 89 ശതമാനം പേരും ആവശ്യപ്പെട്ടു. എന്നാൽ യഥാർത്ഥ വസ്തുടികൾ ജനങ്ങളിൽ നിന്ന് മറച്ചുവെക്കുകയാണെന്നും, ഭവിഷ്യത്തുകളെക്കുറിച്ച് പൊതുസമൂഹത്തിന് പൂർണ്ണമായ അറിവില്ലെന്നും സർവേയിൽ പങ്കെടുത്ത 93 ശതമാനം ആളുകളും അഭിപ്രായപ്പെട്ടു.

ദേശീയ സുരക്ഷ, ഭക്ഷ്യവസ്തുക്കളുടെ ലഭ്യത, എൻഎച്ച്എസിനുണ്ടാകുന്ന ആഘാതങ്ങൾ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ജനങ്ങൾക്ക് വ്യക്തമായ ധാരണ നൽകാൻ സർക്കാരിന് കഴിയണമെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ പ്രൊഫസർ ലോറെയ്ൻ വിറ്റ്മാർഷ് പറഞ്ഞു. രാജ്യത്ത് അടിയന്തരമായി ടെലിവിഷൻ വഴിയുള്ള ഒരു പ്രത്യേക ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കണമെന്നാണ് ഈ കൂട്ടായ്മ ആവശ്യപ്പെടുന്നത്. കോവിഡ് കാലത്ത് ജനങ്ങളെ വിശ്വാസത്തിലെടുത്തതുപോലെ കാലാവസ്ഥാ കാര്യത്തിലും സർക്കാർ സത്യസന്ധത പുലർത്തണമെന്നാണ് വിദഗ്ധരുടെ പക്ഷം.

കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള ഏത് പ്രചാരണത്തെയും സ്വാഗതം ചെയ്യുന്നതായി സർക്കാർ പ്രതികരിച്ചെങ്കിലും, പ്രത്യേക ബ്രീഫിംഗ് സംപ്രേക്ഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. വരുന്ന കാലങ്ങളിൽ രാജ്യത്തിന്റെ സുരക്ഷയെയും സാധാരണക്കാരുടെ ജീവിതത്തെയും നേരിട്ട് ബാധിക്കുന്ന വിഷയമായതിനാൽ കാലാവസ്ഥാ പ്രതിസന്ധിയെ രാഷ്ട്രീയമായല്ല, വലിയൊരു നാശനഷ്ടമായി കണ്ട് പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്നാണ് പൊതുവായ ആവശ്യം.