കഠിനമായ ഉഷ്ണതരംഗത്തിനിടെ ഒഴിപ്പിക്കൽ: റോമിൽ മുന്നൂറിലധികം പേർ തെരുവിൽ; വൻ പ്രതിഷേധം.
റോം: കടുത്ത ഉഷ്ണതരംഗത്തിനിടയിൽ നൂറുകണക്കിന് ആളുകളെ കെട്ടിടത്തിൽ നിന്ന് ഒഴിപ്പിച്ചതിനെത്തുടർന്ന് ഇറ്റാലിയൻ തലസ്ഥാനമായ റോമിൽ വൻ പുനരധിവാസ പ്രതിസന്ധി. റോമിലെ പ്രധാന സാമൂഹിക സഹായ കേന്ദ്രങ്ങളിലൊന്നായ ‘സ്പിൻ ടൈം ലാബ്‌സ്’ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൽ നിന്നാണ് നാനൂറോളം വരുന്ന നിവാസികളെ അധികൃതർ ഒഴിപ്പിച്ചത്. തലചായ്ക്കാൻ ഇടമില്ലാതെ കടുത്ത ചൂടിൽ റോഡിൽ ടെന്റുകൾ കെട്ടി കഴിയുകയാണ് ഇതിൽ ഭൂരിഭാഗം പേരും.
തീവ്ര വലതുപക്ഷ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ സർക്കാർ അനധികൃതമായി കൈയേറിയ കെട്ടിടങ്ങൾക്കെതിരെ നടത്തുന്ന കർശന നടപടിയുടെ ഭാഗമായാണ് ഒഴിപ്പിക്കൽ. കെട്ടിടത്തിന്റെ സ്വകാര്യ ഉടമ റോം നഗരസഭയുടെ വാങ്ങൽ നിർദ്ദേശം നിരസിച്ചതോടെ ഇവിടെ താമസിച്ചിരുന്നവരെ തിരികെ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് ഇറ്റാലിയൻ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. കുട്ടികളും പ്രായമായവരും അടക്കം ഇരുനൂറിലധികം പേരാണ് നിലവിൽ തെരുവിൽ കഴിയുന്നത്.
അടിയന്തര സാഹചര്യത്തിൽ ഇവർക്ക് താമസസൗകര്യം കണ്ടെത്താൻ റോം മേയർ റോബർട്ടോ ഗുവാൾട്ടിയേരിയുടെ നേതൃത്വത്തിലുള്ള ഇടത് കൗൺസിലും കത്തോലിക്കാ സഭയുടെ കാരിത്താസ് ചാരിറ്റിയും ശ്രമങ്ങൾ നടത്തിവരികയാണ്. പത്തു വർഷത്തിലേറെയായി ആയിരക്കണക്കിന് പാവപ്പെട്ടവർക്ക് ഭക്ഷണവും അഭയവും നൽകിയിരുന്ന കേന്ദ്രമാണ് പെട്ടെന്ന് അടച്ചുപൂട്ടിയത്. തങ്ങൾക്ക് സ്ഥിരമായ മറ്റൊരു ബദൽ സംവിധാനം ഉണ്ടാകുന്നതുവരെ സമരം തുടരുമെന്ന നിലപാടിലാണ് തെരുവിൽ കഴിയുന്ന കുടുംബങ്ങൾ.