കടുത്ത് ‘ബോലോ’ കൊടുങ്കാറ്റ്: യുകെയിൽ വിജനമായി തെരുവുകൾ; ലക്ഷക്കണക്കിന് വീടുകളിൽ വൈദ്യുതി മുടങ്ങി.
ലണ്ടൻ : ‘ഓസ്റ്റൻ’ കൊടുങ്കാറ്റിന് തൊട്ടുപിന്നാലെ ബ്രിട്ടന്റെ വടക്കൻ മേഖലകളിൽ വീശിയടിച്ച ‘ബോലോ’ (Storm Boelo) കൊടുങ്കാറ്റിൽ ജനജീവിതം പൂർണ്ണമായും സ്തംഭിച്ചു. സ്കോട്ട്ലൻഡ്, വടക്കൻ അയർലൻഡ്, ഇംഗ്ലണ്ടിന്റെ വടക്കൻ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 80 മൈലിലധികം വേഗതയിലാണ് അതിശക്തമായ കാറ്റ് വീശിയടിക്കുന്നത്. കനത്ത മഴയെത്തുടർന്ന് പലയിടങ്ങളിലും കനത്ത പ്രളയ മുന്നറിയിപ്പും അധികൃതർ പുറപ്പെടുവിച്ചിട്ടുണ്ട്.
കൊടുങ്കാറ്റിന്റെ ആഘാതത്തിൽ 82,000-ത്തിലധികം വീടുകളിലും സ്ഥാപനങ്ങളിലും വൈദ്യുതി ബന്ധം പൂർണ്ണമായി നിലച്ചു. സാങ്കേതിക വിദഗ്ദ്ധർ അറ്റകുറ്റപ്പണികൾക്കായി രംഗത്തുണ്ടെങ്കിലും പ്രതികൂല കാലാവസ്ഥ കാരണം പലയിടങ്ങളിലും രക്ഷാപ്രവർത്തനം തടസ്സപ്പെട്ടിരിക്കുകയാണ്. ഇതിനോടകം 3.4 ലക്ഷത്തിലധികം ആളുകൾക്ക് വൈദ്യുതി പുനഃസ്ഥാപിച്ചു നൽകിയതായി എനർജി നെറ്റ്വർക്ക് അസോസിയേഷൻ അറിയിച്ചു.
തുടർച്ചയായ മഴയും കാറ്റും ട്രെയിൻ, വിമാന ഗതാഗതങ്ങളെ സാരമായി ബാധിച്ചു. റെയിൽവേ ട്രാക്കുകളിൽ വെള്ളക്കെട്ടുകൾ രൂപപ്പെടുകയും മരങ്ങൾ കടപുഴകി വീഴുകയും ചെയ്തതിനെത്തുടർന്ന് സ്കോട്ട്ലൻഡിൽ നിരവധി റെയിൽ സർവീസുകൾ നിർത്തിവെച്ചു. ലീഡ്സ് ബ്രാഡ്ഫോർഡ് വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകൾ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തിട്ടുണ്ട്. ജനങ്ങൾ അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിർദ്ദേശിച്ചു.
അതിശക്തമായ കാറ്റിന്റെയും മഴയുടെയും പശ്ചാത്തലത്തിൽ വൻ ജനപങ്കാളിത്തത്തോടെ നടക്കേണ്ടിയിരുന്ന പല പ്രമുഖ പരിപാടികളും റദ്ദാക്കി. ലണ്ടനിലെ വാർഷിക ദീപാവലി ആഘോഷങ്ങളും ലിവർപൂളിലെ റിവർ ഓഫ് ലൈറ്റ് ഇവന്റും സുരക്ഷ മുൻനിർത്തി ഒഴിവാക്കി. കൂടാതെ എഡിൻബർഗ് കാസിൽ ഉൾപ്പെടെയുള്ള പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളും മുൻകരുതലിന്റെ ഭാഗമായി അടച്ചിട്ടിരിക്കുകയാണ്.