Sathyian Nedumancherriyil

Subject : കടലിലും പുഴകളിലും വിഷം കലർത്തി സൗത്ത് വെസ്റ്റ് വാട്ടർ: ബ്രിട്ടനിലെ ഏറ്റവും മോശം വാട്ടർ കമ്പനിയെന്ന് കണ്ടെത്തൽ!.

കടലിലും പുഴകളിലും വിഷം കലർത്തി സൗത്ത് വെസ്റ്റ് വാട്ടർ: ബ്രിട്ടനിലെ ഏറ്റവും മോശം വാട്ടർ കമ്പനിയെന്ന് കണ്ടെത്തൽ!.

ലണ്ടൻ: ഇംഗ്ലണ്ടിലെ പരിസ്ഥിതിക്ക് ഏറ്റവും വലിയ ഭീഷണിയായി സൗത്ത് വെസ്റ്റ് വാട്ടർ കമ്പനി മാറിയതായി ‘ഫ്രണ്ട്സ് ഓഫ് ദി എർത്ത്’ നടത്തിയ പഠനം വെളിപ്പെടുത്തുന്നു. ഡെവോൺ, കോൺവാൾ, ഡോർസെറ്റ്, സോമർസെറ്റ് എന്നീ മേഖലകളിലെ നദികളിലും വിനോദസഞ്ചാര ബീച്ചുകളിലും വൻതോതിൽ ശുദ്ധീകരിക്കാത്ത മലിനജലമാണ് കമ്പനി തള്ളുന്നത്.

2024 മുതൽ പ്രതിവർഷം ശരാശരി 5.7 ലക്ഷത്തിലധികം മണിക്കൂറാണ് ഇവർ മലിനജലം പുറന്തള്ളിയത്. യുകെയിലെ മറ്റു കമ്പനികളെ അപേക്ഷിച്ച് ഏറ്റവും ഉയർന്ന നിരക്കാണിത്. ഇത് കൂടാതെ, 2025-ൽ മാത്രം പ്രദേശത്തെ പ്രധാന ബീച്ചുകളിൽ 666 മലിനീകരണ മുന്നറിയിപ്പുകളാണ് രേഖപ്പെടുത്തിയത്.

പരിസ്ഥിതി നശിപ്പിക്കുന്നതിനൊപ്പം ഉപഭോക്താക്കളിൽ നിന്ന് പ്രതിവർഷം ശരാശരി 726 പൗണ്ട് ഉയർന്ന നിരക്കാണ് കമ്പനി ഈടാക്കുന്നത്. 2024-ന് ശേഷം വെള്ളക്കരത്തിൽ 39 ശതമാനത്തിന്റെ കൂറ്റൻ വർദ്ധനവും വരുത്തി.

മഴ കൂടുതൽ പെയ്തിട്ടും ചോർച്ചയിൽ 17 ശതമാനം കുറവ് വരുത്താൻ സാധിച്ചിട്ടുണ്ടെന്നാണ് സൗത്ത് വെസ്റ്റ് വാട്ടറിന്റെ വാദം. എന്നാൽ ജനങ്ങളുടെ ആരോഗ്യവും പരിസ്ഥിതിയും വെച്ച് പന്താടുന്ന ഇത്തരം സ്വകാര്യ കമ്പനികളെ സർക്കാർ പൂർണ്ണമായി ഏറ്റെടുക്കണമെന്ന് ശക്തമായ ആവശ്യമുയരുന്നുണ്ട്.