Sathyian Nedumancherriyil

Subject : ഒരുമിച്ചുള്ള യാത്രയ്ക്ക് ഹോം ഓഫീസിന്റെ വിലക്ക്; മകനെ കാണാനുള്ള അമ്മയുടെ യാത്ര മുടങ്ങി.

ഒരുമിച്ചുള്ള യാത്രയ്ക്ക് ഹോം ഓഫീസിന്റെ വിലക്ക്; മകനെ കാണാനുള്ള അമ്മയുടെ യാത്ര മുടങ്ങി.

ലണ്ടൻ: മകനെ സന്ദർശിക്കാൻ യുകെയിലേക്ക് വരാനിരുന്ന ഫലസ്തീൻ സ്വദേശിയായ വൃദ്ധക്ക് വിസ നിഷേധിച്ച് ബ്രിട്ടീഷ് ഹോം ഓഫീസ്. ദീർഘകാലമായി ലണ്ടനിൽ താമസിക്കുന്ന കരീം അബ്ദുള്ള എന്ന യുവാവിന്റെ മാതാവ് തെരേസ അബ്ദുള്ളയുടെ (69) വിസ അപേക്ഷയാണ് അധികൃതർ തള്ളിയത്. എന്നാൽ ഒപ്പം അപേക്ഷിച്ച തെരേസയുടെ ഭർത്താവും സൈക്കോളജിസ്റ്റുമായ ഗസ്സാൻ അബ്ദുള്ളയ്ക്ക് യുകെ വിസ അനുവദിക്കുകയും ചെയ്തു. മാതാപിതാക്കളുടെ വരവിനായി കാത്തിരുന്ന കരീമിനും കുടുംബത്തിനും ഹോം ഓഫീസിന്റെ ഈ വിചിത്രമായ തീരുമാനം വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്.

റിട്ടേൺ ടിക്കറ്റും വ്യക്തമായ രേഖകളും ഉണ്ടായിരുന്നിട്ടും, തെരേസ സന്ദർശനം കഴിഞ്ഞ് സ്വന്തം നാട്ടിലേക്ക് മടങ്ങുമെന്ന കാര്യത്തിൽ ഉറപ്പില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് വിസ നിഷേധിച്ചത്. തെരേസയ്ക്ക് അവരുടെ സ്വന്തം രാജ്യവുമായുള്ളതിനേക്കാൾ കൂടുതൽ ബന്ധം യുകെയിലാണുള്ളതെന്നാണ് ഹോം ഓഫീസ് ഉദ്യോഗസ്ഥൻ കത്തിൽ കുറിച്ചത്. 40 വർഷമായി ഒരുമിച്ച് ജീവിക്കുന്ന ഭർത്താവിന് ഒരേ പ്രക്രിയയിലൂടെ വിസ ലഭിച്ചപ്പോൾ, റിട്ടേഡ് ഇംഗ്ലീഷ് അധ്യാപിക കൂടിയായ തെരേസയ്ക്ക് വിസ നിഷേധിച്ചതിലെ യുക്തിശൂന്യത ചോദ്യം ചെയ്യപ്പെടുകയാണ്.

2019 മുതൽ യുകെയിൽ നിയമപരമായി താമസിച്ച് നികുതി അടച്ചുപോരുന്ന ആളാണ് കരീം. തന്റെ ഏക മകൻ മാത്രമാണ് യുകെയിലുള്ളതെന്നും, മറ്റൊരു മകനും കുടുംബവുമെല്ലാം കിഴക്കൻ ജറുസലേമിലാണ് താമസിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ജന്മനാടായ കിഴക്കൻ ജറുസലേമിൽ ദീർഘകാലം വിട്ടുനിന്നാൽ റസിഡൻസി പദവി നഷ്ടപ്പെടുമെന്നിരിക്കെ, തെരേസ യുകെയിൽ അനധികൃതമായി തുടരുമെന്ന ഹോം ഓഫീസിന്റെ വാദം അടിസ്ഥാനരഹിതമാണെന്നാണ് കുടുംബം പറയുന്നത്. മുമ്പ് പലതവണ അക്കാദമിക് ആവശ്യങ്ങൾക്കായി ഇരുവരും യുകെ സന്ദർശിച്ചിട്ടുമുണ്ട്.

കുടുംബത്തിലെ ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കാനും മാതാപിതാക്കളെ ലണ്ടനിലെ പ്രധാന സ്ഥലങ്ങൾ കാണിക്കാനുമായിരുന്നു കരീം പദ്ധതിയിട്ടിരുന്നത്. എന്നാൽ വ്യക്തിഗതമായ അപേക്ഷകൾ അതത് മെരിറ്റിന്റെ അടിസ്ഥാനത്തിലാണ് പരിശോധിക്കുന്നതെന്നും മുൻകാല വിസ നിരസിക്കലുകൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണിക്കാറുണ്ടെന്നുമാണ് ഹോം ഓഫീസ് വക്താവിന്റെ വിശദീകരണം. ഈ തീരുമാനത്തിനെതിരെ അപ്പീൽ നൽകാൻ പോലും സാധിക്കാത്ത സാഹചര്യത്തിൽ, തങ്ങളുടെ വേനൽക്കാല അവധിക്കാല പ്ലാനുകളെല്ലാം ബ്രിട്ടീഷ് ഭരണകൂടം തകർത്തുവെന്ന നിരാശയിലാണ് കരീം.