ഒമാൻ ഉൾക്കടലിൽ കപ്പൽ വളഞ്ഞ് യുഎസ് സൈന്യം; ഇറാന്റെ തിരിച്ചടിയിൽ ഗൾഫ് രാജ്യങ്ങളിലും യുദ്ധഭീതി.
ദുബായ്: ഇറാന്റെ തുറമുഖങ്ങൾ ഉപരോധിക്കുന്നതിന്റെ ഭാഗമായി ഒമാൻ ഉൾക്കടലിൽ വെച്ച് ‘എം/ടി വെൻ യാവോ’ (M/T Wen Yao) എന്ന കപ്പൽ യുഎസ് സൈന്യം വളഞ്ഞ് പരിശോധിച്ചതായി യുഎസ് സെൻട്രൽ കമാൻഡ് (Centcom) അറിയിച്ചു. ഉപരോധം ലംഘിക്കാൻ ശ്രമിച്ച മൂന്ന് വാണിജ്യ കപ്പലുകൾ യുഎസ് തടഞ്ഞു തിരിച്ചുവിട്ടിട്ടുണ്ട്. ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ തകർക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെ, ഇറാനിലെ നിരവധി പാലങ്ങൾക്ക് നേരെ യുഎസ് വ്യോമാക്രമണം വ്യാപിപ്പിച്ചു.
ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിലും ബാലിസ്റ്റിക് മിസൈൽ നിർമ്മാണ കേന്ദ്രമുള്ള സെമ്‌നാൻ പ്രവിശ്യയിലും വ്യാഴാഴ്ച യുഎസ് ശക്തമായ ബോംബാക്രമണം നടത്തി. തുറമുഖ നഗരമായ ബന്ദർ അബ്ബാസിലെ റെസിഡൻഷ്യൽ മേഖലയിലും റെയിൽവേ ജംഗ്ഷനിലും മിസൈലുകൾ പതിച്ച് നിരവധി പേർക്ക് പരിക്കേറ്റു. പടിഞ്ഞാറൻ ബന്ദർ അബ്ബാസിൽ രണ്ട് പാലങ്ങൾ തകർന്നതിനെത്തുടർന്ന് മൂന്ന് പേർ കൊല്ലപ്പെടുകയും ഒൻപത് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അമേരിക്ക ഇറാന്റെ ഊർജ്ജ നിലയങ്ങൾ ആക്രമിച്ചാൽ ചെങ്കടൽ വഴിയുള്ള എണ്ണക്കപ്പൽ പാത തടയാൻ യെമനിലെ ഹൂതി വിമതർക്ക് ഇറാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. സൗദി അറേബ്യ യെമനിലെ സന വിമാനത്താവളത്തിൽ ആക്രമണം നടത്തിയതിനെത്തുടർന്ന് സൗദിയുടെ പ്രധാന എണ്ണ നിലയങ്ങൾക്ക് നേരെ ആക്രമണം നടത്തുമെന്ന് ഹൂതി നേതാവ് അബ്ദുൾ മാലിക് അൽ ഹൂതിയും ഭീഷണി മുഴക്കി. മേഖലയിൽ സംഘർഷം കടുത്തതോടെ ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണക്കടത്ത് നാലിലൊന്നായി കുറഞ്ഞു. സുരക്ഷാ ഭീഷണിയെത്തുടർന്ന് പല എണ്ണക്കപ്പലുകളും തങ്ങളുടെ ലൊക്കേഷൻ വിവരങ്ങൾ ഓഫ് ചെയ്താണ് യാത്ര ചെയ്യുന്നത്.
അതിനിടെ, 2024 മുതൽ ഇറാനിൽ തടവിലായിരുന്ന അമേരിക്കൻ പൗരയായ ഡെന കരാരിയെ ഇറാൻ മോചിപ്പിച്ചതായും ഇത് മികച്ചൊരു സമാധാന സൂചനയാണെന്നും ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു. എന്നാൽ ട്രംപിന്റെ ഈ വാദങ്ങളെ പൂർണ്ണമായി തള്ളിക്കൊണ്ട് ഇറാൻ നീതിന്യായ വിഭാഗം രംഗത്തെത്തി. അമേരിക്കൻ തടവുകാരെ ആരെയും മോചിപ്പിക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്തിട്ടില്ലെന്നാണ് ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.