എൻ.എച്ച്.എസ് ജീവനക്കാർക്ക് നേരെ കടുത്ത അതിക്രമം; അത്യാഹിത വിഭാഗങ്ങൾ ഭീതിയിലെന്ന് റിപ്പോർട്ട്.
ലണ്ടൻ: യുകെയിലെ നാഷണൽ ഹെൽത്ത് സർവീസ് (NHS) അത്യാഹിത വിഭാഗങ്ങളിൽ പ്രവർത്തിക്കുന്ന ജീവനക്കാരിൽ നാലിൽ മൂന്ന് ഭാഗവും ദിനംപ്രതിയോ ആഴ്ചയിലോ അക്രമങ്ങൾക്കും അധിക്ഷേപങ്ങൾക്കും ഇരയാകുന്നതായി റിപ്പോർട്ട്. റോയൽ കോളേജ് ഓഫ് എമർജൻസി മെഡിസിൻ (RCEM) നടത്തിയ പുതിയ സർവേയിലാണ് യുകെയിലെ ആരോഗ്യ പ്രവർത്തകർ നേരിടുന്ന ക്രൂരമായ പെരുമാറ്റങ്ങളുടെ വിവരങ്ങൾ പുറത്തുവന്നത്. ആവശ്യത്തിന് ജീവനക്കാരില്ലാത്തതും അത്യാഹിത വിഭാഗങ്ങളിലെ കടുത്ത തിരക്കുമാണ് ആക്രമണങ്ങൾ വർദ്ധിക്കാൻ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
രണ്ടായിരത്തിലധികം അത്യാഹിത വിഭാഗ ജീവനക്കാരിൽ നടത്തിയ സർവേയിൽ 96 ശതമാനം പേരും രോഗികളിൽ നിന്നോ പൊതുജനങ്ങളിൽ നിന്നോ അധിക്ഷേപങ്ങൾ നേരിട്ടതായി വ്യക്തമാക്കി. വംശീയവും ലിംഗപരവുമായ അധിക്ഷേപങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ആളുകൾക്ക് ജോലി ചെയ്യാൻ സുരക്ഷിതമായ അന്തരീക്ഷമില്ലാത്ത അവസ്ഥ കടുത്ത നിരാശയുണ്ടാക്കുന്നുവെന്നും, ജോലി ഉപേക്ഷിക്കുന്നതിനെക്കുറിച്ച് പോലും പലരും ചിന്തിക്കാൻ ഇത് കാരണമാകുന്നുവെന്നും ആർ.സി.ഇ.എം പ്രസിഡന്റ് ഡോ. ഐൻ ഹിഗ്ഗിൻസൺ ചൂണ്ടിക്കാണിച്ചു.
രോഗികൾക്ക് മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വരുന്നതും അത്യാഹിത വിഭാഗങ്ങളിലെ തിരക്ക് കാരണം കോറിഡോറുകളിൽ ചികിത്സ നൽകേണ്ടി വരുന്നതുമാണ് രോഗികളെയും ബന്ധുക്കളെയും പ്രകോപിപ്പിക്കുന്നത്. എമർജൻസി വിഭാഗത്തിലെ 4 ശതമാനം ജീവനക്കാർ മാത്രമാണ് തങ്ങൾ തൊഴിലിടങ്ങളിൽ സുരക്ഷിതരാണെന്ന് അഭിപ്രായപ്പെട്ടത്. ഭൂരിഭാഗം ജീവനക്കാരും കടുത്ത മാനസിക സമ്മർദ്ദവും ഡിപ്രഷനും നേരിടുന്നതായും റിപ്പോർട്ടിൽ പറയുന്നു.
എൻ.എച്ച്.എസ് ജീവനക്കാർക്ക് നേരെ ഉണ്ടാകുന്ന അക്രമങ്ങൾ അംഗീകരിക്കാനാകില്ലെന്നും അത് തടയാൻ കർശന നടപടികൾ സ്വീകരിക്കുമെന്നും യുകെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ എമർജൻസി വിഭാഗങ്ങളിൽ പുതിയ മാനദണ്ഡങ്ങൾ നടപ്പിലാക്കുമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ഭരണകൂടം വ്യക്തമാക്കി. എങ്കിലും ആശുപത്രികളിലെ കാത്തിരിപ്പ് സമയം കുറയ്ക്കാനും തിരക്ക് ലഘൂകരിക്കാനും അടിയന്തര നടപടി ഉണ്ടാകണമെന്നാണ് ജീവനക്കാരുടെ സംഘടനകൾ ആവശ്യപ്പെടുന്നത്.