Sathyian Nedumancherriyil

Subject : എഐ സാങ്കേതികവിദ്യ ആഗോള സാമ്പത്തിക വ്യവസ്ഥയ്ക്ക് ഭീഷണി: ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ.

എഐ സാങ്കേതികവിദ്യ ആഗോള സാമ്പത്തിക വ്യവസ്ഥയ്ക്ക് ഭീഷണി: ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ.

ലണ്ടൻ: അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതികവിദ്യ ലോക സാമ്പത്തിക വ്യവസ്ഥയെ തകർച്ചയിലേക്ക് തള്ളിയിട്ടേക്കാമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണറും ഫിനാൻഷ്യൽ സ്റ്റെബിലിറ്റി ബോർഡ് (എഫ്എസ്ബി) അധ്യക്ഷനുമായ ആൻഡ്രൂ ബെയ്‌ലി. ജി-20 രാജ്യങ്ങളിലെ ധനമന്ത്രിമാർക്കും സെൻട്രൽ ബാങ്ക് ഗവർണർമാർക്കും അയച്ച രണ്ട പേജുള്ള കത്തിലാണ് അദ്ദേഹം ഈ മുന്നറിയിപ്പ് നൽകിയത്.

അതിനൂതന ‘ഫ്രോണ്ടിയർ’ എഐ മോഡലുകൾ കൂടുതൽ സ്വയംഭരണ ശേഷിയും പ്രശ്നങ്ങൾ പരിഹരിക്കാനുള്ള സാങ്കേതിക തികവും കൈവരിക്കുന്നതിനൊപ്പം വലിയ സൈബർ സുരക്ഷാ ഭീഷണികളും ഉയർത്തുന്നുണ്ടെന്ന് ബെയ്‌ലി ചൂണ്ടിക്കാട്ടി. ഇവ ഉപയോഗിച്ചുള്ള സൈബർ ആക്രമണങ്ങൾ അതിർത്തികൾ കടന്ന് ആഗോള സാമ്പത്തിക ശൃംഖലയെ നിമിഷനേരം കൊണ്ട് അസ്ഥിരപ്പെടുത്താൻ ശേഷിയുള്ളതാണ്. ഇത്തരം മുൻനിര എഐ സാങ്കേതികവിദ്യകളുടെ വികസനവും ഉപയോഗവും നിയന്ത്രിക്കാനുള്ള കൃത്യമായ മാനദണ്ഡങ്ങൾ പല രാജ്യങ്ങളിലും നിലവിലില്ലെന്നത് അപകടസാധ്യത വർദ്ധിപ്പിക്കുന്നു.

എഐ മേഖലയിലെ അമിത പ്രതീക്ഷകൾ കാരണം ഉയർന്ന സാമ്പത്തിക മൂല്യനിർണ്ണയം നടത്തുന്നതും ബോണ്ട്-ഓഹരി വിപണികളിൽ കടമെടുപ്പ് ഉയർന്നതും മറ്റൊരു സാമ്പത്തിക തകർച്ചയ്ക്ക് വഴിവെച്ചേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. എഐ സാങ്കേതികവിദ്യ സുരക്ഷിതമായി മാത്രം പുറത്തിറക്കാൻ ആഗോളതലത്തിൽ സംയുക്ത നിയമനിർമ്മാണവും സഹകരണവും വേണമെന്ന് ബെയ്‌ലി ആവശ്യപ്പെട്ടു.