എഐ രംഗപ്രവേശം, യുകെയിൽ കമ്പ്യൂട്ടർ സയൻസ്, ഇക്കണോമിക്സ് ബിരുദധാരികളുടെ തൊഴിൽ സാധ്യതകൾ മങ്ങുന്നു..
ലണ്ടൻ: ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (AI) കടന്നുവരവ് യുകെയിലെ കമ്പ്യൂട്ടർ സയൻസ്, ഇക്കണോമിക്സ് ബിരുദധാരികളുടെ തൊഴിൽ സാധ്യതകളെ പ്രതികൂലമായി ബാധിക്കുന്നതായി പുതിയ പഠന റിപ്പോർട്ട്. യൂണിവേഴ്സിറ്റി ഗൈഡിനായി നടത്തിയ സർവ്വേയിലാണ് കോഡിംഗ്, സോഫ്റ്റ്വെയർ ഡെവലപ്മെന്റ് രംഗങ്ങളിൽ പുതിയ ബിരുദധാരികൾക്കായുള്ള അവസരങ്ങൾ ഗണ്യമായി കുറഞ്ഞതായി വ്യക്തമായത്. സാമ്പത്തിക വിദഗ്ധർ, മാനേജ്മെന്റ് കൺസൾട്ടന്റുകൾ തുടങ്ങിയ ഉയർന്ന ശമ്പളമുള്ള തൊഴിലവസരങ്ങളിലും ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.
കമ്പ്യൂട്ടർ സയൻസ് പഠനം പൂർത്തിയാക്കി പ്രോഗ്രാമർമാരായി ജോലി ലഭിച്ചിരുന്നവരുടെ നിരക്ക് മുൻപ് 40 ശതമാനമായിരുന്നത് കഴിഞ്ഞ വർഷം 28 ശതമാനമായി കൂപ്പുകുത്തി. ബിരുദ തലത്തിലുള്ള മറ്റ് തൊഴിലുകൾ ലഭിക്കുന്നവരുടെ ശതമാനം 60-ൽ നിന്ന് 50 ശതമാനമായി കുറഞ്ഞിട്ടുണ്ട്. സോഫ്റ്റ്വെയർ കോഡിംഗും ഡാറ്റ വിശകലനങ്ങളും വളരെ വേഗത്തിലും കുറഞ്ഞ ചെലവിലും ചെയ്തുതരാൻ എഐ ടൂളുകൾക്ക് സാധിക്കുന്നതാണ് ഈ മാറ്റത്തിന് കാര്യമെന്ന് വിദഗ്ധർ വിലയിരുത്തുന്നു.
എന്നാൽ തൊഴിൽ വിപണി പൂർണ്ണമായി തകർന്നിട്ടില്ലെന്നും വിദ്യാർത്ഥികൾ സൈബർ സുരക്ഷ, നെറ്റ്വർക്ക് എൻജിനീയറിങ് തുടങ്ങിയ അനുബന്ധ മേഖലകളിലേക്ക് തിരിയുന്നുണ്ടെന്നും തൊഴിൽ വിപണി നിരീക്ഷകർ വ്യക്തമാക്കുന്നു. ഫിനാൻസ് സ്ഥാപനങ്ങൾ തങ്ങളുടെ ജോലികൾ എഐ ഉപയോഗിച്ച് മാറ്റിമറിക്കുകയാണെന്നും, പുതിയ ജീവനക്കാർക്ക് എഐ സാങ്കേതികവിദ്യയിലുള്ള അറിവ് ഇപ്പോൾ നിർബന്ധമാണെന്നും കമ്പനികൾ പറയുന്നു. എങ്കിലും സാങ്കേതിക വിപ്ലവത്തിന്റെ ആദ്യ ആഘാതം നേരിടുന്നത് പുതിയ ഉദ്യോഗാർത്ഥികളാണ്.
മാറിവരുന്ന തൊഴിൽ വിപണിക്ക് അനുയോജ്യമായ രീതിയിൽ വിദ്യാർത്ഥികളെ സജ്ജമാക്കാൻ സർവകലാശാലകളും തയ്യാറെടുക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി കോഴ്സുകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഡാറ്റ സയൻസും ഉൾപ്പെടുത്തുന്നതടക്കമുള്ള മാറ്റങ്ങൾ ചില സർവകലാശാലകൾ നടപ്പിലാക്കിക്കഴിഞ്ഞു. വിദ്യാർത്ഥികൾക്ക് പുതിയ സാങ്കേതികവിദ്യകളിൽ ആഴത്തിലുള്ള അറിവ് നൽകേണ്ടത് ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് വിദ്യാഭ്യാസ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.