ഉപഗ്രഹ സേവനങ്ങൾക്ക് പൂട്ടിട്ട് ഇലോൺ മാസ്ക്; അമേരിക്കൻ സമ്മർദ്ദത്തിന് പിന്നാലെ ഉക്രെയ്ൻ സൈനിക ദൗത്യങ്ങൾ പ്രതിസന്ധിയിൽ!
ഉക്രെയ്ൻ: റഷ്യൻ എണ്ണശാലകൾക്ക് നേരെയുള്ള ആക്രമണങ്ങൾ നിർത്തിവെക്കാൻ ട്രംപ് ഭരണകൂടം സമ്മർദ്ദം ശക്തമാക്കുന്നതിനിടെ, ഉക്രെയ്ൻ സൈന്യം ഉപയോഗിക്കുന്ന സ്റ്റാർലിങ്ക് ഉപഗ്രഹ ഇന്റർനെറ്റ് (Starlink satellite internet) സേവനങ്ങൾക്ക് പെട്ടെന്ന് നിയന്ത്രണം ഏർപ്പെടുത്തി സ്പേസ് എക്സ്. ഇലോൺ മാസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സ് കമ്പനി വേഗതയേറിയ സ്റ്റാർലിങ്ക് ടെർമിനലുകളിൽ ഏർപ്പെടുത്തിയ ഈ അപ്രതീക്ഷിത നിയന്ത്രണം മൂലം മുൻനിരയിലെ നിരവധി സൈനിക ദൗത്യങ്ങൾ പരാജയപ്പെട്ടതായി ഉക്രെയ്ൻ പ്രസിഡന്റ് വോലോഡിമിർ സെലെൻസ്കിയുടെ ഉപദേശകർ വ്യക്തമാക്കി.
റഷ്യയിൽ നിന്നുള്ള മിസൈൽ ആക്രമണങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ അമേരിക്ക മുൻകൂട്ടി കൈമാറുന്നത് നിർത്തിവെച്ചതായി സംശയമുയരുന്നതിനിടെയാണ് സ്റ്റാർലിങ്ക് കണക്റ്റിവിറ്റി തടസ്സപ്പെട്ടത്. മണിക്കൂറിൽ 100 മൈലിലധികം വേഗതയിൽ സഞ്ചരിക്കുന്ന സൈനിക ടെർമിനലുകൾക്കാണ് കണക്റ്റിവിറ്റി നഷ്ടമായതെന്നും ഇത് മനഃപൂർവ്വം ചെയ്ത നടപടിയാണെന്ന് വ്യക്തമാണെന്നും ഉക്രെയ്ൻ സൈനിക വക്താക്കൾ ആരോപിച്ചു. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളുമായി ഈ നീക്കത്തിന് നേരിട്ട് ബന്ധമുണ്ടെന്നാണ് കിയവ് വിലയിരുത്തുന്നത്.
റഷ്യയിലെ എണ്ണ ശുദ്ധീകരണ ശാലകൾക്ക് നേരെയുള്ള ആക്രമണം ഉക്രെയ്ൻ ഉടൻ അവസാനിപ്പിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരുന്നു. അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവില വർദ്ധിക്കാൻ ഉക്രെയ്നിന്റെ ആക്രമണങ്ങളാണ് കാരണമാകുന്നതെന്നാണ് ട്രംപിന്റെ വാദം. കിയവിന് നേരെ റഷ്യ നടത്തിയ വൻ മിസൈൽ-റോക്കറ്റ് ആക്രമണങ്ങൾക്ക് മുൻകൂട്ടി മുന്നറിയിപ്പുകൾ ഒന്നും ലഭിച്ചില്ലെന്നും, അമേരിക്കയുമായുള്ള രഹസ്യാന്വേഷണ വിവരങ്ങളുടെ കൈമാറ്റം തടസ്സപ്പെട്ടുവെന്നും സെലെൻസ്കി സൂചന നൽകി.
റഷ്യ നടത്തിയ കടുത്ത ഡ്രോൺ-മിസൈൽ ആക്രമണങ്ങളിൽ ഉക്രെയ്നിലെ പ്രധാന ഊർജ്ജ നിലയങ്ങളും വൈദ്യുതി സബ്സ്റ്റേഷനുകളും തകർന്നു. തലസ്ഥാനമായ കിയവിലടക്കം ആറ് ലക്ഷത്തിലധികം ആളുകളാണ് നിലവിൽ വൈദ്യുതിയില്ലാതെ ദുരിതത്തിലായിരിക്കുന്നത്. അമേരിക്കയുടെ പിന്തുണ കുറയുന്നതിനിടയിൽ, സ്റ്റാർലിങ്ക് സേവനങ്ങൾ വിച്ഛേദിക്കപ്പെട്ടത് പ്രതിരോധ നിരയിൽ ഉക്രെയ്ൻ സൈന്യത്തിന് വൻ തിരിച്ചടിയായിരിക്കുകയാണ്.