ഇൽഹാൻ ഒമറിന്റെ വാഷിംഗ്ടൺ വസതിയിൽ ഫെഡറൽ ഏജൻസികളുടെ റെയ്ഡ്.
വാഷിംഗ്ടൺ, ഡി.സി.: ഡെമോക്രാറ്റിക് പാർട്ടി പ്രതിനിധി ഇൽഹാൻ ഒമറിന്റെ വാഷിംഗ്ടൺ ഡി.സി.യിലെ വസതിയിൽ സാമ്പത്തിക തട്ടിപ്പ് കേസിലെ അന്വേഷണത്തിന്റെ ഭാഗമായി ഫെഡറൽ ഏജൻസികൾ പരിശോധന നടത്തി. ജസ്റ്റിസ് ഡിപ്പാർട്ട്മെന്റിന്റെയും ഹോംലാൻഡ് സെക്യൂരിറ്റി ഇൻവെസ്റ്റിഗേഷൻസിന്റെയും ഉദ്യോഗസ്ഥർ കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് തെരച്ചിൽ നടത്തിയത്. പരിശോധനാ വാറന്റുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങൾ വ്യക്തമല്ലെങ്കിലും, ഇൽഹാൻ ഒമറിന്റെ കുട്ടിക്കാലത്തെ കുടിയേറ്റ രേഖകളുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടക്കുന്നതെന്ന് പേര് വെളിപ്പെടുത്താത്ത വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇൽഹാൻ ഒമറിനെതിരെയുള്ള പൗരത്വ തട്ടിപ്പ് ആരോപണങ്ങൾ ട്രംപും അദ്ദേഹത്തിന്റെ അനുയായികളും മുമ്പും ഉന്നയിക്കുകയും പൗരത്വം റദ്ദാക്കി നാടുകടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നുവെങ്കിലും, ഒമർ ഈ ആരോപണങ്ങൾ ശക്തമായി നിഷേധിച്ചിട്ടുള്ളതാണ്.
നിർണായകമായ മിഡ്ടേം തിരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ പ്രതിപക്ഷ നിരയിലെ പ്രമുഖ നേതാവിന്റെ വസതിയിൽ നടന്ന ഈ നിയമനടപടി, ഭരണകൂടം തങ്ങളുടെ എതിരാളികൾക്കെതിരെ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്ന രാഷ്ട്രീയ തർക്കങ്ങൾക്ക് വീണ്ടും വഴിതുറന്നിരിക്കുകയാണ്.