Sathyian Nedumancherriyil

Subject : ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ബ്രിട്ടൻ!’: യുകെയ്‌ക്കെതിരെ വംശീയ അധിക്ഷേപവുമായി ബെഞ്ചമിൻ നെതന്യാഹു.

ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ബ്രിട്ടൻ!’: യുകെയ്‌ക്കെതിരെ വംശീയ അധിക്ഷേപവുമായി ബെഞ്ചമിൻ നെതന്യാഹു.

ടെൽ അവീവ്: ബ്രിട്ടനെ ‘ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ബ്രിട്ടൻ’ എന്ന് അധിക്ഷേപിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രായേൽ സൈനിക റേഡിയോയ്ക്ക് നൽകിയ പോഡ്കാസ്റ്റ് അഭിമുഖത്തിലാണ് യുകെയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള തീവ്ര വലതുപക്ഷ വർഗീയ പരാമർശം നെതന്യാഹു നടത്തിയത്. ആണവായുധം കൈവശമുള്ള ആദ്യത്തെ ഇസ്ലാമിക് റിപ്പബ്ലിക്കായി ബ്രിട്ടൻ മാറുമെന്ന തരത്തിലുള്ള വംശീയമായ വ്യാജ പ്രചാരണങ്ങളെ പിന്തുണയ്ക്കുന്ന രീതിയിലായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

ബ്രിട്ടന്റെ മുൻ പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിലിന്റെ മകൻ അന്ന് ഇസ്രായേലിന് നൽകിയ പിന്തുണയെക്കുറിച്ച് സംസാരിക്കവെയാണ്, ഇന്നത്തെ ബ്രിട്ടൻ ‘ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ബ്രിട്ടൻ’ ആയി മാറിയെന്ന് നെതന്യാഹു പരിഹസിച്ചത്. അവതാരകന്റെ ചോദ്യങ്ങൾക്ക് മറുപടിയായി തന്റെ പ്രസ്താവനയെ ന്യായീകരിക്കാനും അദ്ദേഹം തയ്യാറായി. ബ്രിട്ടനിലെ മുസ്ലിം ജനവിഭാഗത്തെ ലക്ഷ്യമിട്ടുള്ള തീവ്ര വലതുപക്ഷ ഗ്രൂപ്പുകളുടെ അതേ വർഗീയ ഭാഷയിലാണ് നെതന്യാഹു സംസാരിച്ചതെന്ന വിമർശനം ഇതിനോടകം ഉയർന്നുകഴിഞ്ഞു.

ബ്രിട്ടനിൽ ആന്റി ബർണാം സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വൻ തകർച്ചയിലാണ്. ഗാസയിലെ ഇസ്രായേൽ അധിനിവേശത്തിൽ ഇസ്രായേലിന് ഉപരോധം ഏർപ്പെടുത്തുന്നതും അനധികൃത കുടിയേറ്റ കേന്ദ്രങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ നിരോധിക്കുന്നതും ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇതിലുള്ള അമർഷമാണ് നെതന്യാഹുവിന്റെ പരാമർശത്തിന് പിന്നിലെന്നാണ് വിലയിരുത്തപ്പെടുന്നത്.

നെതന്യാഹുവിന്റെ പ്രസ്താവനയ്ക്കെതിരെ ഇസ്രായേലിലെ പ്രതിപക്ഷ പാർട്ടികളും കടുത്ത വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. രാജ്യത്തിന്റെ നയതന്ത്ര പരാജയമാണ് ഇത്തരം വിലകുറഞ്ഞ പ്രസ്താവനകളിലൂടെ പുറത്തുവരുന്നതെന്ന് ഇസ്രായേലി ഡെമോക്രാറ്റ്സ് പാർട്ടി നേതാവ് അവി ദാബുഷ് കുറ്റപ്പെടുത്തി. അതേസമയം, പര പരസ്യമായ ഈ വംശീയ അധിക്ഷേപത്തോട് ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസോ ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയമോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.