ഇവി ചട്ടങ്ങളിൽ ഇളവ് വരുത്തരുതെന്ന് യുകെ സർക്കാരിനോട് ആവശ്യം; കാർബൺ മലിനീകരണം വൻതോതിൽ വർദ്ധിക്കുമെന്ന് റിപ്പോർട്ട്.
ലണ്ടൻ : യുകെയിൽ ഇലക്ട്രിക് വാഹന (EV) വില്പനയുമായി ബന്ധപ്പെട്ട നിയമങ്ങളിൽ വീണ്ടും ഇളവുകൾ വരുത്തരുതെന്ന് പരിസ്ഥിതി പ്രവർത്തകരും ചാർജിങ് മേഖലയിലെ കമ്പനികളും സർക്കാരിനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷം ചട്ടങ്ങളിൽ വരുത്തിയ മാറ്റങ്ങൾ കാരണം, 2030-ഓടെ യുകെയിലെ വാഹനങ്ങളിൽ നിന്ന് അധികമായി 1.7 കോടി (17m) ടൺ കാർബൺ ഡൈ ഓക്സൈഡ് അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെടുമെന്നാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്.
കാർബൺ മലിനീകരണം കുറയ്ക്കുന്നതിനായി മുൻ കൺസർവേറ്റീവ് സർക്കാർ കൊണ്ടുവന്ന ‘സീറോ-എമിഷൻ വെഹിക്കിൾ (ZEV) മാൻഡേറ്റ്’ പ്രകാരം 2030-ഓടെ രാജ്യത്തെ ആകെ കാർ വില്പനയുടെ 80 ശതമാനവും ഇലക്ട്രിക് വാഹനങ്ങളാക്കണമെന്ന് നിഷ്കർഷിച്ചിരുന്നു. എന്നാൽ കഴിഞ്ഞ വർഷം അധികാരത്തിൽ വന്ന ലേബർ സർക്കാർ ഈ നിയമങ്ങളിൽ ഇളവുകൾ അനുവദിക്കുകയും പെട്രോൾ എഞ്ചിനും ചെറിയ ബാറ്ററിയുമുള്ള പ്ലഗ്-ഇൻ ഹൈബ്രിഡ് (PHEV) വാഹനങ്ങൾ കൂടുതൽ വിൽക്കാൻ കമ്പനികൾക്ക് അനുമതി നൽകുകയും ചെയ്തു. ഇതിനെത്തുടർന്ന് ഈ വർഷം ഹൈബ്രിഡ് കാറുകളുടെ വില്പനയിൽ 48% വർദ്ധനവാണ് രേഖപ്പെടുത്തിയത്.
ഗതാഗത മന്ത്രാലയത്തിന്റെ (DfT) പുതുക്കിയ കണക്കുകൾ പ്രകാരം, ചട്ടങ്ങളിൽ വരുത്തിയ ഈ മാറ്റം കാരണം യുകെയിലെ റോഡുകളിൽ പെട്രോൾ, ഡീസൽ വാഹനങ്ങൾ അധികമായി 5900 കോടി മൈലുകൾ ഓടാൻ ഇടയാക്കും. ഇത് സൃഷ്ടിക്കുന്ന കാർബൺ മലിനീകരണം ഒരു വർഷം യൂറോപ്പിൽ നിന്ന് സർവീസ് നടത്തുന്ന മുഴുവൻ റയൻഎയർ (Ryanair) വിമാനങ്ങളും പുറന്തള്ളുന്ന പുകയ്ക്ക് അല്ലെങ്കിൽ ക്രോയേഷ്യ പോലുള്ള ഒരു ചെറിയ രാജ്യം ഒരു വർഷം ഉണ്ടാക്കുന്ന ആകെ മലിനീകരണത്തിന് തുല്യമാണ്.
നിയമങ്ങളിലെ ഈ അയവ് ഇലക്ട്രിക് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്ന കമ്പനികൾക്ക് വൻ തിരിച്ചടിയായിട്ടുണ്ട്. കോടിക്കണക്കിന് പൗണ്ട് നിക്ഷേപിച്ച് ചാർജിങ് ശൃംഖലകൾ നിർമ്മിക്കുന്ന തങ്ങളുടെ ബിസിനസ്സ് സാധ്യതകളെ ഈ തീരുമാനം തകിടം മറിക്കുമെന്ന് ചാർജ് യുകെ (ChargeUK) എന്ന സംഘടന മുന്നറിയിപ്പ് നൽകുന്നു. എന്നാൽ, 2035-ഓടെ പൂർണ്ണമായും മലിനീകരണമില്ലാത്ത വാഹനങ്ങളിലേക്ക് രാജ്യം മാറുമെന്നും, അതിനായി അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാൻ 750 കോടിയിലധികം പൗണ്ട് നിക്ഷേപിക്കുന്നുണ്ടെന്നുമാണ് യുകെ സർക്കാർ വക്താവിന്റെ വിശദീകരണം