ഇറാൻ പിന്തുണയുള്ള ഗുണ്ടാസംഘത്തിന് വേണ്ടി കൊലപാതകം നടത്താനെത്തി; നോർവീജിയൻ കൗമാരക്കാരന് യുകെയിൽ 20 വർഷം തടവ്.
ലണ്ടൻ: ഇറാൻ പിന്തുണയുള്ള അന്താരാഷ്ട്ര ക്രിമിനൽ സംഘത്തിന് വേണ്ടി കരാർ കൊലപാതകം (Contract Killing) നടത്താൻ നോർവേയിൽ നിന്ന് യുകെയിലെത്തിയ 19-കാരന് 20 വർഷം തടവുശിക്ഷ വിധിച്ച് യുകെ കോടതി. നോർവേയിലെ സ്റ്റാവഞ്ചർ സ്വദേശിയും മിടുക്കനായ ഫുട്ബോൾ താരവുമായ യോഹാനസ് കോങ്സ്നെസ് നാറ്റ്ലാൻഡ് (Johannes Kongsnes Natland) എന്ന കൗമാരക്കാരനാണ് വൂൾവിച്ച് ക്രൗൺ കോടതി ശിക്ഷ വിധിച്ചത്.
കഴിഞ്ഞ വർഷം മാർർച്ചിൽ മാഞ്ചസ്റ്റർ വിമാനത്താവളത്തിലെത്തിയ നാറ്റ്ലാൻഡിനെ സംശയത്തെ തുടർന്ന് ബോർഡർ ഫോഴ്സ് തടഞ്ഞുവെച്ച് അടുത്ത ഫ്ലൈറ്റിൽ തിരികെ പോകാൻ നിർദ്ദേശിച്ച് വിട്ടയച്ചിരുന്നു. എന്നാൽ തിരികെ പോകുന്നതിന് പകരം ടാക്സി പിടിച്ച് വെസ്റ്റ് യോർക്ക്ഷെയറിലെ ഹഡേഴ്സ്ഫീൽഡിലെത്തിയ ഇയാൾ ഹോട്ടലിൽ മുറിയെടുത്തു. കൊലപാതകത്തിന് ഉപയോഗിക്കേണ്ട ആയുധങ്ങളും 2,000 പൗണ്ട് പണവും വ്യാജ നമ്പർ പ്ലേറ്റ് പതിപ്പിച്ച മോഷ്ടിച്ച കാറും ഇയാൾ ഇവിടെ നിന്നാണ് കൈപ്പറ്റിയത്.
എന്നാൽ പിറ്റേന്ന് പുലർച്ചെ 5.15-ഓടെ എത്തിയ സായുധ പോലീസ് സംഘം ഹോട്ടൽ മുറി വളഞ്ഞ് നാറ്റ്ലാൻഡിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളിൽ നിന്ന് സെമി-ഓട്ടോമാറ്റിക് പിസ്റ്റൾ, റിവോൾവർ, 12 റൗണ്ട് ജീവനുള്ള വെടിയുണ്ടകൾ എന്നിവ പോലീസ് പിടിച്ചെടുത്തു. ഇറാൻ ഭരണകൂടത്തിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന സ്വീഡിഷ് കുപ്രസിദ്ധ ഗുണ്ടാസംഘമായ ‘ഫോക്സ്ട്രോട്ട്’ (Foxtrot) ആണ് ഇയാളെ കൊലപാതകത്തിനായി റിക്രൂട്ട് ചെയ്തതെന്ന് അന്വേഷണത്തിൽ തെളിഞ്ഞു.
തനിക്ക് തെറ്റ് പറ്റിയതാണെന്നും കൊലപാതകം നടത്താതെ രക്ഷപ്പെടാനായി സ്വന്തം കാലിൽ വെടിവെക്കാൻ പദ്ധതിയിടുകയായിരുന്നുവെന്നും കോടതിയിൽ നാറ്റ്ലാൻഡ് വാദിച്ചെങ്കിലും ജഡ്ജ് ഇത് തള്ളി. പോലീസിന്റെ കൃത്യസമയത്തുള്ള ഇടപെടൽ ഒന്നുകൊണ്ട് മാത്രമാണ് ഒരു ജീവൻ പൊലിയാതിരുന്നതെന്നും, ഇയാളുടെ സന്ദേശങ്ങളിൽ നിന്ന് കൊലപാതക പദ്ധതിയിൽ ഇയാൾ ആവേശഭരിതനായിരുന്നു എന്ന് വ്യക്തമാണെന്നും നിരീക്ഷിച്ചാണ് ജസ്റ്റിസ് ചീമ-ഗ്രബ്ബ് 20 വർഷത്തെ തടവുശിക്ഷ വിധിച്ചത്.