ഇറാനുമായുള്ള ചർച്ചകൾ ഇന്ന് ആരംഭിക്കും: ആക്രമണത്തിൽ നിന്നും തൽക്കാലം പിന്മാറി ഡൊണാൾഡ് ട്രംപ്!
വാഷിംഗ്ടൺ ഡി.സി: ഇറാനുമായി അടിയന്തര ചർച്ചകൾ ആരംഭിക്കാനിരിക്കെ, രാജ്യത്തിന് നേരെ നടത്താനിരുന്ന പെട്ടെന്നുള്ള സൈനിക ആക്രമണങ്ങളിൽ നിന്നും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തൽക്കാലം പിന്മാറി. ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ നീക്കാനും ഇറാന്റെ ആണവ ശേഷിയുമായി ബന്ധപ്പെട്ട തർക്കങ്ങൾ വേഗത്തിൽ പരിഹരിക്കാനും ലക്ഷ്യമിട്ടാണ് പുതിയ നീക്കം. ഖത്തർ, സൗദി അറേബ്യ, യു.എ.ഇ തുടങ്ങിയ ഗൾഫ് രാജ്യങ്ങളുടെയും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെയും അഭ്യർത്ഥന മാനിച്ചാണ് വ്യോമാക്രമണം തടഞ്ഞുവെച്ചതെന്ന് ട്രംപ് വ്യക്തമാക്കി.
അതേസമയം, ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിനായി ഒമാനുമായി ചേർന്ന് പുതിയ കപ്പൽ പാത രൂപീകരിക്കുന്നതിനുള്ള ചർച്ചകൾ അന്തിമഘട്ടത്തിലാണെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇരുരാജ്യങ്ങളുടെയും പരമാധികാരവും സുരക്ഷയും മുൻനിർത്തിയുള്ള പാതയായിരിക്കും ഇതെന്നും, എന്നാൽ ഇത് യുദ്ധത്തിന് മുൻപുള്ള പഴയ സ്ഥിതിയിലേക്ക് കടലിടുക്കിനെ തിരികെ കൊണ്ടുവരില്ലെന്നും ഇറാൻ വ്യക്തമാക്കി. അതിനിടെ, മേഖലയിൽ കപ്പലുകൾക്ക് നേരെയുള്ള ചെറിയ ആക്രമണങ്ങൾ ഗതാഗതത്തെ മന്ദഗതിയിലാക്കിയിട്ടുണ്ട്.
ട്രംപിന്റെ നയതന്ത്ര പ്രഖ്യാപനത്തിന് പിന്നാലെ ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ വലിയ ഇടിവ് രേഖപ്പെടുത്തി. ഏഷ്യൻ വിപണി വ്യാപാരം ആരംഭിച്ചപ്പോൾ ബ്രെന്റ് ക്രൂഡ് ഓയിൽ വില 4 ശതമാനത്തിലധികം ഇടിഞ്ഞ് ബാരലിന് 83 ഡോളറിലെത്തി. ലോകത്തിലെ ഇരുപത് ശതമാനത്തോളം ഇന്ധനം കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് അടഞ്ഞു കിടക്കുന്നത് മൂലമുണ്ടായ വിലക്കയറ്റവും സാമ്പത്തിക സമ്മർദ്ദവുമാണ് ചർച്ചകളിലേക്ക് നീങ്ങാൻ അമേരിക്കയെ പ്രേരിപ്പിച്ചത്.
എന്നാൽ, നയതന്ത്ര ചർച്ചകൾ നടക്കുമ്പോഴും ഇസ്രായേൽ വിഷയത്തിൽ കടുത്ത നിലപാടിൽ തുടരുകയാണ്. ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കാനോ ബാലിസ്റ്റിക് മിസൈൽ സാങ്കേതികവിദ്യ മുന്നോട്ട് കൊണ്ടുപോകാനോ ശ്രമിച്ചാൽ കരാറുകൾ മറികടന്ന് നേരിട്ട് ആക്രമണം നടത്തുമെന്ന് ഇസ്രായേൽ ഊർജ്ജ മന്ത്രി ഇലി കോഹൻ മുന്നറിയിപ്പ് നൽകി. ചർച്ചകളുടെ പുരോഗതിയും ഗൾഫ് മേഖലയിലെ പ്രതിസന്ധികളും ലോകരാഷ്ട്രങ്ങൾ ഉറ്റുനോക്കുകയാണ്.