Sathyian Nedumancherriyil

Subject : ഇന്ധന വിലക്കയറ്റത്തിൽ വിറച്ച് യുകെ; വർഷാവസാനത്തോടെ ഗാർഹിക കടം 700 കോടി പൗണ്ടിലേക്ക്!

ഇന്ധന വിലക്കയറ്റത്തിൽ വിറച്ച് യുകെ; വർഷാവസാനത്തോടെ ഗാർഹിക കടം 700 കോടി പൗണ്ടിലേക്ക്!

ലണ്ടൻ: ബ്രിട്ടനിൽ ഇന്ധന വില കുതിച്ചുയരുന്നതിനെത്തുടർന്ന് ഈ വർഷാവസാനത്തോടെ ഗാർഹിക ഊർജ്ജ കുടിശ്ശിക 700 കോടി പൗണ്ടിലേക്ക് (7bn GB Pounds) ഉയർന്നേക്കുമെന്ന് റിപ്പോർട്ട്. മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളെ തുടർന്ന് ആഗോളവിപണിയിൽ ഗ്യാസ് വില ഉയർന്നതാണ് ബ്രിട്ടനിലെ സാധാരണക്കാരെ പ്രതിസന്ധിയിലാക്കുന്നത്. ജൂൺ മാസത്തെ കണക്കനുസരിച്ച് ഏകദേശം 600 കോടി പൗണ്ടായിരുന്നു ഇന്ധന ഇനത്തിൽ ജനങ്ങൾ വരുത്തിയ കുടിശ്ശിക.

ഒക്ടോബർ മാസം മുതൽ ഊർജ്ജ പ്രൈസ് ക്യാപ്പിൽ (Energy Price Cap) 4 ശതമാനത്തിന്റെ വർദ്ധനവ് വരുത്താൻ റെഗുലേറ്ററി ബോഡി തയാറെടുക്കുകയാണ്. ഇതോടെ പ്രതിവർഷം ശരാശരി 1,729 പൗണ്ടോളം ഓരോ കുടുംബവും ഇന്ധനത്തിനായി ചെലവഴിക്കേണ്ടി വരും. ഇലക്ട്രിക് ബില്ലിൽ നൽകിയിരുന്ന വാറ്റ് (VAT) ഇളവിലൂടെ ജനങ്ങൾക്ക് ലഭിക്കേണ്ടിയിരുന്ന ആശ്വാസത്തെക്കാൾ വലിയ തുകയാണ് വിലവർദ്ധനവിലൂടെ സാധാരണക്കാർക്ക് നഷ്ടപ്പെടാൻ പോകുന്നത്.

താൽക്കാലിക ആശ്വാസ നടപടികൾക്ക് പകരം ദരിദ്ര കുടുംബങ്ങളെ സഹായിക്കാൻ ‘സോഷ്യൽ ഡിസ്കൗണ്ട് താരിഫ്’ (Social discount tariff) പോലുള്ള സ്ഥിരമായ സംവിധാനങ്ങൾ കൊണ്ടുവരണമെന്ന് എൻ‌ഡി ബേർണാം സർക്കാരിനോട് എനർജി യുകെ (Energy UK) ആവശ്യപ്പെട്ടു. അടിക്കടി ഉണ്ടാകുന്ന വിലവർദ്ധനവ് കാരണം ലക്ഷക്കണക്കിന് കുടുംബങ്ങളാണ് ദൈനംദിന ജീവിതച്ചെലവുകൾ ചുരുക്കാൻ നിർബന്ധിതരാകുന്നത്.

ഗ്യാസ് വിപണിയിലെ വിലവർദ്ധനവിന് പുറമെ യുകെയിലെ എനർജി നെറ്റ്‌വർക്കുകൾ നവീകരിക്കുന്നതിനുള്ള ചെലവും ഉപഭോക്താക്കളുടെ തലയിലാണ് വീഴുന്നത്. തുക അടയ്ക്കാൻ വൈകുന്നവരുടെ ബിൽ തുകയുടെ ബാധ്യത മറ്റുള്ള ഉപഭോക്താക്കളുടെ ബില്ലിൽ സർചാർജായി കൂട്ടിച്ചേർക്കുന്നത് ജനങ്ങൾക്ക് അധിക ഭാരമാകുന്നുണ്ടെന്ന് വിപണി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.