Sathyian Nedumancherriyil

Subject : ഇംഗ്ലണ്ടിൽ പൊതുശുചിമുറികൾ അപ്രത്യക്ഷമാകുന്നു; പത്ത് വർഷത്തിനിടെ 14 ശതമാനം കുറവ്.

ഇംഗ്ലണ്ടിൽ പൊതുശുചിമുറികൾ അപ്രത്യക്ഷമാകുന്നു; പത്ത് വർഷത്തിനിടെ 14 ശതമാനം കുറവ്.

ലണ്ടൻ : ഇംഗ്ലണ്ടിലെ നഗരങ്ങളിലും പൊതുസ്ഥലങ്ങളിലും പൊതുശുചിമുറികളുടെ എണ്ണത്തിൽ വൻ കുറവുണ്ടാകുന്നത് പൊതുജനാരോഗ്യത്തെയും വ്യാപാര മേഖലയെയും ദോഷകരമായി ബാധിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ പൊതുശുചിമുറികളുടെ എണ്ണത്തിൽ 14 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. റോയൽ സൊസൈറ്റി ഫോർ പബ്ലിക് ഹെൽത്ത് (RSPH) നടത്തിയ പഠനമനുസരിച്ച്, ഇംഗ്ലണ്ടിൽ ശരാശരി 15,481 പേർക്ക് ഒരു പൊതുശുചിമുറി എന്ന നിലയിലാണ് നിലവിലെ അവസ്ഥ.

അയൽരാജ്യങ്ങളായ സ്കോട്ട്ലൻഡിലും (8,500 പേർക്ക് ഒന്ന്) വെയ്ൽസിലും (6,748 പേർക്ക് ഒന്ന്) ഇതിലും മെച്ചപ്പെട്ട സാഹചര്യമാണുള്ളത്. ഈ കുറവ് പലയിടങ്ങളെയും ‘ശുചിമുറി മരുഭൂമികൾ’ (Toilet Deserts) ആക്കി മാറ്റുകയാണെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.ശുചിമുറികളുടെ അഭാവം മൂലം ആളുകൾ പൊതുസ്ഥലങ്ങളിൽ മലമൂത്രവിസർജ്ജനം നടത്താൻ നിർബന്ധിതരാകുന്നത് കടുത്ത ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ട്.

മതിയായ സൗകര്യങ്ങളില്ലാത്തതിനാൽ പലരും പുറത്തിറങ്ങാൻ മടിക്കുന്നത് നഗരങ്ങളിലെ വ്യാപാരത്തെയും ബാധിക്കുന്നു. പ്രായമായവർ, ഭിന്നശേഷിക്കാർ, കുട്ടികൾ, വിട്ടുമാറാത്ത രോഗങ്ങളുള്ളവർ എന്നിവരാണ് ഈ പ്രതിസന്ധി മൂലം ഏറ്റവുമധികം ബുദ്ധിമുട്ടുന്നത്. ആവശ്യത്തിന് ശുചിമുറികളില്ലാത്തതിനാൽ പുറത്തുപോകുമ്പോൾ വെള്ളം കുടിക്കുന്നത് പോലും പലരും ഒഴിവാക്കുന്നുവെന്ന് RSPH ചീഫ് എക്സിക്യൂട്ടീവ് വില്യം റോബർട്ട്സ് ചൂണ്ടിക്കാട്ടി. ഇത് വ്യക്തികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്ന പ്രവണതയാണെന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധിയും അറ്റകുറ്റപ്പണികൾക്കായി വരുന്ന വലിയ ചിലവുമാണ് ശുചിമുറികൾ പൂട്ടാൻ കൗൺസിലുകളെ പ്രേരിപ്പിക്കുന്നത്. ഒരു ശുചിമുറിയുടെ വാർഷിക അറ്റകുറ്റപ്പണിക്ക് ഏകദേശം 25,000 പൗണ്ട് വരെ ചിലവ് വരുന്നുണ്ട്. സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളും ശുചിമുറികൾ നശിപ്പിക്കുന്നതും കൗൺസിലുകൾക്ക് വലിയ സാമ്പത്തിക ഭാരമാണ് സൃഷ്ടിക്കുന്നത്.

പുതിയ കെട്ടിട സമുച്ചയങ്ങൾ നിർമ്മിക്കുമ്പോൾ പൊതുശുചിമുറികൾ നിർബന്ധമാക്കണമെന്നും തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് ഇതിനായി പ്രത്യേക ഫണ്ട് അനുവദിക്കണമെന്നും RSPH സർക്കാരിനോട് ആവശ്യപ്പെട്ടു. എന്നാൽ കൗൺസിലുകൾക്ക് ആവശ്യമായ ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും അത് എങ്ങനെ ചിലവഴിക്കണമെന്ന് അവർക്ക് തീരുമാനിക്കാമെന്നുമാണ് സർക്കാർ വൃത്തങ്ങളുടെ നിലപാട്.