Sathyian Nedumancherriyil

Subject : ഇംഗ്ലണ്ടിലെ പുതിയ ഭവന നിയമം; പ്രകൃതിയും നഷ്ടപ്പെടുന്നത് പാവപ്പെട്ടവർക്ക്.

ഇംഗ്ലണ്ടിലെ പുതിയ ഭവന നിയമം; പ്രകൃതിയും നഷ്ടപ്പെടുന്നത് പാവപ്പെട്ടവർക്ക്.

ലണ്ടൻ: ഇംഗ്ലണ്ടിലെ ഭവനനിർമാണ നിയമങ്ങളിൽ വരുത്തുന്ന മാറ്റങ്ങൾ പാവപ്പെട്ട ജനവിഭാഗങ്ങൾക്ക് ഹരിത ഇടങ്ങളും പ്രകൃതിയുമായുള്ള സമ്പർക്കവും ഇല്ലാതാക്കുമെന്ന് പുതിയ റിപ്പോർട്ട്. പുതിയ നിയമങ്ങൾ രാജ്യത്തെ സാമ്പത്തിക-സാമൂഹിക അസമത്വങ്ങൾ വൻതോതിൽ വർദ്ധിപ്പിക്കുമെന്ന് വിവിധ പരിസ്ഥിതി-വന്യജീവി സംഘടനകളുടെ കൂട്ടായ്മ മുന്നറിയിപ്പ് നൽകുന്നു.

​ഇംഗ്ലണ്ടിലെ 74 ലക്ഷത്തിലധികം ആളുകൾ പ്രകൃതിയോ ജൈവവൈവിധ്യമോ ഇല്ലാത്ത കടുത്ത ‘പ്രകൃതി ദാരിദ്ര്യത്തിലാണ്’ (Nature Poverty) ജീവിക്കുന്നത്. ഇതിൽ 15 വയസ്സിന് താഴെയുള്ള 14 ലക്ഷം കുട്ടികളും ഉൾപ്പെടുന്നു. നഗരങ്ങളിലെ വിവേചനമാണ് ഇതിന് പ്രധാന കാരണം. പുതിയ ഇളവുകൾ വരുന്നതോടെ നിർമാണക്കമ്പനികൾക്ക് നിയന്ത്രണങ്ങളില്ലാതെ മുന്നോട്ട് പോകാൻ വഴിതുറക്കും.

​2024-ൽ കൊണ്ടുവന്ന ‘ബയോഡൈവേഴ്സിറ്റി നെറ്റ് ഗെയിൻ’ (Biodiversity Net Gain) നിയമപ്രകാരം പുതിയ കെട്ടിടങ്ങൾ നിർമിക്കുമ്പോൾ ജൈവവൈവിധ്യത്തിൽ 10% വർദ്ധനവ് വരുത്തണമായിരുന്നു. എന്നാൽ, പുതിയ ലേബർ പാർട്ടി സർക്കാർ 15 ലക്ഷം വീടുകൾ നിർമിക്കാനുള്ള ലക്ഷ്യത്തിന്റെ ഭാഗമായി നിർമാണക്കമ്പനികൾക്ക് ഇതിൽ വലിയ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്.​ചെറിയ നിർമാണ സ്ഥലങ്ങളെയും ബ്രൗൺഫീൽഡ് (നേരത്തെ നിർമാണങ്ങൾ നടന്ന സ്ഥലങ്ങൾ) മേഖലകളെയും ഈ നിയമത്തിൽ നിന്ന് ഒഴിവാക്കാനാണ് നീക്കം. ഇതാണ് പാവപ്പെട്ടവർക്ക് തിരിച്ചടിയാകുന്നത്. കാരണം, ഏറ്റവും ദരിദ്രമായ പ്രദേശങ്ങളിലെ 82% നിർമാണങ്ങളും ഇത്തരം ചെറിയ സ്ഥലങ്ങളിലാണ് നടക്കുന്നത്. പുതിയ ഇളവുകൾ വഴി പതിനായിരക്കണക്കിന് മരങ്ങളും വന്യജീവി ഇടങ്ങളും നഷ്ടപ്പെടുമെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.