ആന്ത്രോപിക്കിന്റെ ക്ലോഡ് ചാറ്റ്ബോട്ടിന്റെ സഹായത്തോടെ ഓപ്പൺ എ.ഐയിൽ ‘എത്തിക്കൽ ഹാക്കിംഗ്’.
സാൻ ഫ്രാൻസിസ്കോ: എതിരാളികളായ ആന്ത്രോപിക്കിന്റെ (Anthropic) ‘ക്ലോഡ്’ (Claude) ചാറ്റ്ബോട്ടിന്റെ സഹായത്തോടെ ഓപ്പൺ എ.ഐ (OpenAI) ജീവനക്കാരുടെ അക്കൗണ്ടുകളിലേക്ക് ഹാക്കർമാർ കടന്നുകയറിയതായി വെളിപ്പെടുത്തൽ. അമേരിക്കയിലെ ‘ഹാക്ട്രോൺ എ.ഐ’ (Hacktron AI) എന്ന സൈബർ സെക്യൂരിറ്റി സ്റ്റാർട്ടപ്പിലെ ഗവേഷകരാണ് ഓപ്പൺ എ.ഐയുടെ സോഫ്റ്റ്വെയർ ശൃംഖലയിൽ സുരക്ഷാ വീഴ്ച കണ്ടെത്തിയത്.
ഓപ്പൺ എ.ഐയുടെ ബഗ് ബൗണ്ടി പ്രോഗ്രാമിന്റെ (Bug Bounty) ഭാഗമായി നടത്തിയ നിയമാനുസൃതമായ ആക്രമണത്തിലൂടെയാണ് ഗവേഷകർ ഈ നേട്ടം കൈവരിച്ചത്. മാസം കണക്കിന് സമയമെടുത്ത് നടത്തുന്ന സങ്കീർണ്ണമായ ഹാക്കിംഗ് പ്രവർത്തനങ്ങൾ എ.ഐ ടൂളുകളുടെ സഹായത്തോടെ ഏതാനും ദിവസങ്ങൾക്കുള്ളിൽ പൂർത്തിയാക്കാൻ സാധിച്ചതായി ഹാക്ട്രോൺ പ്രതികരിച്ചു. പ്രധാനമായും ഓപ്പൺ എ.ഐയുടെ പുതിയ ജി.പി.ടി-5.6 (GPT-5.6 Sol) മോഡലും തുടക്കത്തിൽ ക്ലോഡുമാണ് ഹാക്കിംഗിനായി ഉപയോഗിച്ചത്.
ചൂണ്ടിക്കാണിച്ച സുരക്ഷാ പിഴവുകൾ പരിഹരിച്ചതായി ഓപ്പൺ എ.ഐ വക്താവ് അറിയിച്ചു. വിവരങ്ങൾ കൈമാറിയതിന് ഗവേഷകർക്ക് 6,500 ഡോളർ പാരിതോഷികവും കമ്പനി നൽകി. സമീപകാലത്തായി എ.ഐ മോഡലുകളുടെ നിയന്ത്രണം തെറ്റുന്ന നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തിൽ വികസന വേഗത കുറയ്ക്കണമെന്ന ആവശ്യത്തെ ഓപ്പൺ എ.ഐയും പിന്തുണച്ചിരുന്നു. എന്നാൽ ചൈനയെ മറികടക്കാൻ വികസനം തുടരണമെന്ന നിലപാടിൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇപ്പോഴും ഉറച്ചുനിൽക്കുകയാണ്.