ആഗോള ഉച്ചകോടിയിൽ അമേരിക്കയ്ക്ക് വൻ അബദ്ധം: ആഫ്രിക്കൻ രാജ്യങ്ങളുടെ മാപ്പ് തെറ്റായി ചിത്രീകരിച്ചു!
ബ്രസീൽ : ബ്രസീലിൽ നടന്ന അന്താരാഷ്ട്ര എയ്ഡ്സ് കോൺഫറൻസിൽ (Aids 2026) അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് അവതരിപ്പിച്ച ആഫ്രിക്കൻ ഭൂപടത്തിൽ വൻ പിഴവുകൾ. എ.ഐ (കൃത്രിമബുദ്ധി) സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച മാപ്പിൽ ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ എല്ലാ രാജ്യങ്ങളുടെയും സ്ഥാനങ്ങൾ തെറ്റായാണ് അടയാളപ്പെടുത്തിയിരുന്നത്. വിദേശ നയതന്ത്രജ്ഞരും പ്രതിനിധികളും പങ്കെടുത്ത ആഗോള ഉച്ചകോടിയിൽ യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ ഭാഗത്തുനിന്നുണ്ടായ ഈ വീഴ്ച ഉച്ചകോടിയിൽ പങ്കെടുത്തവരുടെ പ്രതിഷേധത്തിനും സോഷ്യൽ മീഡിയയിൽ കടുത്ത പരിഹാസങ്ങൾക്കും വഴിവെച്ചു.
അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ പുതിയ ആരോഗ്യ പദ്ധതികളെക്കുറിച്ചുള്ള പ്രസംഗത്തിനിടെയാണ് തെറ്റായ ഭൂപടം സ്ക്രീനിൽ പ്രദർശിപ്പിച്ചത്. ഓപ്പൺ എ.ഐ (OpenAI) ടൂളുകൾ ഉപയോഗിച്ച് തയാറാക്കിയ ചിത്രത്തിലാണ് ഈ പിഴവ് സംഭവിച്ചതെന്ന് റോയിട്ടേഴ്സ് നടത്തിയ പരിശോധനയിൽ വ്യക്തമായി. ആഫ്രിക്കൻ രാജ്യമായ നൈജീരിയയെ സഹാറ മരുഭൂമിയിലെ കടൽത്തീരമില്ലാത്ത രാജ്യമായും, തെക്കുകിഴക്കൻ ആഫ്രിക്കയിലുള്ള മൊസാംബിക്കിനെ ഭൂഖണ്ഡത്തിന്റെ കിഴക്കൻ തീരത്തുമാണ് മാപ്പിൽ കാണിച്ചിരുന്നത്. വെസ്റ്റ് ആഫ്രിക്കയിലുള്ള ഐവറി കോസ്റ്റിനെ ഭൂഖണ്ഡത്തിന്റെ മറുഭാഗത്താണ് അടയാളപ്പെടുത്തിയത്.
സംഭവത്തിൽ അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ആഫ്രിക്കൻ പങ്കാളികളോട് ഔദ്യോഗികമായി മാപ്പ് ചോദിക്കുകയും ചെയ്തു. അവതരണത്തിന് തൊട്ടുമുൻപ് തൃപ്തികരമായ രീതിയിൽ മാപ്പ് മാറ്റാൻ ശ്രമിച്ച ഉദ്യോഗസ്ഥന്റെ ശ്രദ്ധക്കുറവ് മൂലമാണ് ഈ പിഴവ് സംഭവിച്ചതെന്ന് ഭരണകൂടം വ്യക്തമാക്കി. അമേരിക്കയുടെ പ്രസിഡന്റ്സ് എമർജൻസി പ്ലാൻ ഫോർ എയ്ഡ്സ് റിലീഫ് (Pepfar) മേധാവി ജെഫ് ഗ്രഹാം ആണ് കോൺഫറൻസിൽ സംസാരിച്ചിരുന്നത്. ആഫ്രിക്കൻ ഭൂമിശാസ്ത്രത്തെക്കുറിച്ച് യാതൊരു ധാരണയുമില്ലാത്തവരാണ് ഈ ചിത്രങ്ങൾ തയാറാക്കിയതെന്ന് ആഗോള വിദഗ്ദ്ധർ രൂക്ഷമായി വിമർശിച്ചു.
ആഫ്രിക്കയിലെ എയ്ഡ്സ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി കോടിക്കണക്കിന് ഡോളർ ചെലവഴിക്കുന്ന അമേരിക്കൻ ഏജൻസിയുടെ ഭാഗത്തുനിന്നുണ്ടായ ഈ വീഴ്ച രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര ബന്ധങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. അതേസമയം, സ്ലൈഡിൽ സംഭവിച്ച പിഴവ് മാറ്റിനിർത്തിയാൽ ഉച്ചകോടിയിലെ ചർച്ചകൾ തികച്ചും ഫലപ്രദമായിരുന്നുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പ്രതികരിച്ചു. നിർമ്മിത ബുദ്ധി സാങ്കേതികവിദ്യ ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന അപകടസാധ്യതകളിലേക്ക് വിരൽ ചൂണ്ടുന്നതാണ് ഈ സംഭവം.