അവകാശികളില്ലാത്തത് 150 കോടി പൗണ്ട്; ബ്രിട്ടനിൽ ചൈൽഡ് ട്രസ്റ്റ് ഫണ്ട് അക്കൗണ്ടുകളിൽ പരിശോധന ശക്തമാക്കി!
ലണ്ടൻ: ഉടമസ്ഥർ അവകാശവാദമുന്നയിക്കാത്ത 150 കോടിയിലധികം പൗണ്ട് (ഏകദേശം 1.5 ശതകോടി പൗണ്ട്) അടങ്ങുന്ന ചൈൽഡ് ട്രസ്റ്റ് ഫണ്ടുകൾ (Child Trust Funds) വീണ്ടെടുക്കാൻ സ്ഥാപനങ്ങൾ കർശന നടപടിയെടുക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ യുകെ ധനകാര്യ റെഗുലേറ്ററായ ഫൈനാഷ്യൽ കണ്ടക്ട് അതോറിറ്റി (FCA). അവകാശികളില്ലാതെ കിടക്കുന്ന 7.6 ലക്ഷത്തോളം അക്കൗണ്ടുകൾ ഉടൻ വീണ്ടെടുക്കുന്നതിനായി 55 ചൈൽഡ് ട്രസ്റ്റ് ഫണ്ട് പ്രൊവൈഡർമാരുടെയും പ്രവർത്തനം എഫ്സിഎ നേരിട്ട് വിലയിരുത്താൻ തീരുമാനിച്ചു. ഓരോ അക്കൗണ്ടിലും ശരാശരി 2,000 പൗണ്ട് വീതമാണ് നിക്ഷേപമുള്ളത്.
2002 സെപ്റ്റംബർ 1 നും 2011 ജനുവരി 2 നും ഇടയിൽ ജനിച്ച 63 ലക്ഷത്തോളം കുട്ടികൾക്കായി ബ്രിട്ടീഷ് സർക്കാർ നടപ്പിലാക്കിയ സമ്പാദ്യ പദ്ധതിയാണിത്. തുടക്കത്തിൽ സർക്കാർ 250 പൗണ്ട് വീതം നൽകിയ പദ്ധതിയിൽ പിന്നീട് മാതാപിതാക്കൾക്ക് തുക നിക്ഷേപിക്കാൻ സൗകര്യമൊരുക്കിയിരുന്നു. എന്നാൽ പലരും തങ്ങൾക്ക് ലഭിച്ച അക്കൗണ്ടുകൾ പിന്നീട് മറന്നുപോവുകയായിരുന്നു. 2011-ൽ ഈ പദ്ധതി നിർത്തിയെങ്കിലും കുട്ടികൾക്ക് 18 വയസ്സ് തികയുന്നതുവരെ അതായത് 2029 വരെ ഈ തുക അക്കൗണ്ടുകളിൽ സൂക്ഷിക്കപ്പെടും.
പണം കണ്ടെത്താൻ ഇടനിലക്കാർക്ക് ഉയർന്ന ഫീസ് നൽകുന്നത് തടയാനും സർക്കാരിന്റെ എച്ച്എംആർസി (HMRC) സൗജന്യ സേവനം ഉപയോഗിക്കാനും റെഗുലേറ്റർ ഉപയോക്താക്കളെ ഉപദേശിക്കുന്നു. ചില ഏജൻസികൾ അക്കൗണ്ട് കണ്ടെത്തി നൽകാൻ 400 പൗണ്ട് വരെ അനാവശ്യമായി ഈടാക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം ചൂഷണങ്ങൾ ഒഴിവാക്കി ജനങ്ങൾക്ക് സ്വന്തമായി പണം വീണ്ടെടുക്കാൻ ആവശ്യമായ സഹായം നൽകണമെന്ന് എല്ലാ ഫണ്ട് മാനേജർമാരോടും എഫ്സിഎ നിർദ്ദേശിച്ചു.
സേവനങ്ങൾക്ക് ന്യായമല്ലാത്ത ചാർജുകൾ ഈടാക്കുന്നുണ്ടോ എന്നും വികലാംഗരായ ആളുകൾക്ക് പണം പിൻവലിക്കാൻ തടസ്സങ്ങളുണ്ടോ എന്നും വിശദമായി പരിശോധിക്കും. അടുത്ത വർഷത്തോടെ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുമെന്നും വീഴ്ച വരുത്തുന്ന ധനകാര്യ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും എഫ്സിഎ ഇൻഷുറൻസ് ഡയറക്ടർ ക്രിസ് നൈറ്റ് അറിയിച്ചു.