Sathyian Nedumancherriyil

Subject : അയർലൻഡിൽ ശമ്പളത്തിൽ മുന്നിൽ ഇന്ത്യക്കാർ; വനിതകൾക്ക് പുരുഷന്മാരേക്കാൾ ഉയർന്ന വരുമാനം.

അയർലൻഡിൽ ശമ്പളത്തിൽ മുന്നിൽ ഇന്ത്യക്കാർ; വനിതകൾക്ക് പുരുഷന്മാരേക്കാൾ ഉയർന്ന വരുമാനം.

ഡബ്ലിൻ: അയർലൻഡിൽ വേതനം കൈപ്പറ്റുന്ന വിദേശികളിൽ ഇന്ത്യൻ പൗരന്മാർ മുന്നിലെന്ന് സെൻട്രൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫിസിന്റെ (CSO) പുതിയ റിപ്പോർട്ട്. 2025-ലെ കണക്കുകൾ പ്രകാരം ഇന്ത്യക്കാരുടെ പ്രതിവാര മധ്യവേതനം (Median earnings) 862.14 യൂറോയാണ് (ഏകദേശം 80,000 രൂപയ്ക്ക് മുകളിൽ). അതേസമയം, ബ്രിട്ടീഷ് പൗരന്മാർക്ക് 814.30 യൂറോയും രാജ്യത്തെ പൗരന്മാരായ ഐറിഷുകാർക്ക് 792.89 യൂറോയുമാണ് ലഭിക്കുന്നത്. രാജ്യത്തെ എല്ലാ വിഭാഗം ജീവനക്കാരുടെയും ആകെ പ്രതിവാര മധ്യവേതനം 759.21 യൂറോ മാത്രമായിരിക്കെയാണ് ഇന്ത്യക്കാർ നാട്ടുകാരേക്കാൾ നൂറോളം യൂറോ കൂടുതൽ സമ്പാദിക്കുന്നത്.

റിപ്പോർട്ടിൽ പ്രത്യേക ശ്രദ്ധ നേടുന്നത് ഇന്ത്യൻ സ്ത്രീകളുടെ വരുമാനക്കണക്കുകളാണ്. ഇന്ത്യൻ സ്ത്രീകളുടെ പ്രതിവാര മധ്യവേതനം 916.88 യൂറോയായി ഉയർന്നപ്പോൾ പുരുഷന്മാരുടേത് 801.56 യൂറോയാണ്. അതായത്, പുരുഷന്മാരെക്കാൾ 14.4 ശതമാനം ഉയർന്ന വരുമാനം ഇന്ത്യൻ സ്ത്രീകൾ നേടുന്നു. പഠനവിധേയമാക്കിയ വിവിധ ദേശീയതകളിൽ പുരുഷന്മാരേക്കാൾ കൂടുതൽ ശരാശരി വേതനം സ്ത്രീകൾ നേടുന്നത് ഇന്ത്യക്കാരിൽ മാത്രമാണ്. ആരോഗ്യമേഖലയിൽ നഴ്സിംഗ് ഉൾപ്പെടെയുള്ള തസ്തികകളിൽ ആയിരക്കണക്കിന് ഇന്ത്യൻ സ്ത്രീകൾ കൂടുതൽ സമയം ജോലി ചെയ്യുന്നതാണ് ഈ വലിയ നേട്ടത്തിന് കാരണം.

എന്നാൽ, മുൻവർഷത്തെ അപേക്ഷിച്ച് ഇന്ത്യക്കാരുടെ മധ്യവേതനത്തിൽ 1.6 ശതമാനത്തിന്റെ നേരിയ ഇടിവുണ്ടായിട്ടുണ്ട്. 2024-ൽ ഇത് 876.04 യൂറോയായിരുന്നു. ഉയർന്ന ശമ്പളം ലഭിക്കുന്ന ഐടി, ഹെൽത്ത്‌കെയർ, പ്രഫഷനൽ സേവനങ്ങൾ എന്നീ മേഖലകളിലെ ഇന്ത്യൻ തൊഴിലുകളുടെ അനുപാതത്തിലുണ്ടായ മാറ്റമാണ് ഇതിന് പ്രധാന കാരണമായി സിഎസ്ഒ ചൂണ്ടിക്കാണിക്കുന്നത്.

അയർലൻഡിലെ ഉയർന്ന വേതനമുള്ള തൊഴിൽമേഖലകളിൽ ഇന്ത്യക്കാർ സജീവ സാന്നിധ്യമായതാണ് ഈ ഉയർന്ന മധ്യവേതനത്തിന് അടിസ്ഥാനം. ആരോഗ്യപരിചരണം, ഐടി, ഫിനാൻസ്, സാങ്കേതിക സേവനങ്ങൾ എന്നീ മേഖലകളിൽ പ്രത്യേകം വൈദഗ്ധ്യവും വിദ്യാഭ്യാസവുമുള്ള പ്രൊഫഷണലുകളാണ് ജോലി ചെയ്യുന്നത്. നഴ്സിംഗ് മേഖലയിൽ മാത്രം പതിനഞ്ചായിരത്തോളം ഇന്ത്യക്കാരുണ്ട്.