അയർലണ്ടിൽ വീട് മാറാൻ പ്ലാൻ ഉണ്ടോ? ജാഗ്രത! പുതിയ വാടക നിയമം മാർച്ച് 1 മുതൽ. തുടക്കത്തിൽ വാടക കുതിച്ചുയരാൻ സാധ്യത; 6 വർഷത്തെ കരാറുകളിൽ വാടകക്കാർക്ക് കൂടുതൽ സുരക്ഷയും.
അയർലണ്ടിൽ പുതിയ വാടക നിയമം മാർച്ച് 1 മുതൽ: തുടക്കത്തിൽ വാടക കുതിച്ചുയർന്നേക്കും; പ്രവാസികൾക്ക് ആശങ്ക.
ഡബ്ലിൻ: അയർലണ്ടിലെ ഭവന പ്രതിസന്ധി പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ പരിഷ്കരിച്ച പുതിയ ‘റെസിഡൻഷ്യൽ ടെനൻസീസ് ബില്ലിന്’ (Residential Tenancies Bill) ഐറിഷ് മന്ത്രിസഭ അംഗീകാരം നൽകി. വരാനിരിക്കുന്ന മാർച്ച് 1 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും. പുതിയ നിയമം നടപ്പിലാകുന്നതോടെ അയർലണ്ടിലേക്ക് പുതുതായി എത്തുന്നവർക്കും വീട് മാറാൻ ആഗ്രഹിക്കുന്നവർക്കും വാടക വർദ്ധനവ് വലിയ തിരിച്ചടിയായേക്കും.
നിയമത്തിലെ പ്രധാന മാറ്റങ്ങൾ:
-
വാടക പുതുക്കൽ: മാർച്ച് 1-നോ അതിനുശേഷമോ പുതിയ വാടക കരാറിൽ ഏർപ്പെടുന്നവർക്ക് വിപണി നിരക്കിന് (Market Rate) അനുസരിച്ചുള്ള വാടക ഈടാക്കാൻ ലാൻഡ്ലോർഡിന് അധികാരമുണ്ടാകും. എന്നാൽ, ഒരിക്കൽ വാടക നിശ്ചയിച്ചാൽ അടുത്ത 6 വർഷത്തേക്ക് അത് പുതുക്കാൻ കഴിയില്ല.
-
വാടക വർദ്ധനവിന് പരിധി: വാടകക്കാരൻ കരാർ ലംഘിക്കുകയോ, സ്വയം വീട് ഒഴിയുകയോ ചെയ്യുന്ന സാഹചര്യത്തിൽ മാത്രമേ ലാൻഡ്ലോർഡിന് വാടക വിപണി നിരക്കിലേക്ക് പുനഃക്രമീകരിക്കാൻ സാധിക്കൂ. അത്തരം ഘട്ടത്തിലും പണപ്പെരുപ്പ നിരക്കോ അല്ലെങ്കിൽ പരമാവധി 2 ശതമാനമോ (ഏതാണോ കുറവ് അത്) മാത്രമേ വാടക വർദ്ധിപ്പിക്കാൻ അനുവാദമുള്ളൂ.
-
ഒഴിപ്പിക്കലിനെതിരെ സുരക്ഷ (No-fault Eviction): പുതിയ 6 വർഷത്തെ കരാറുകൾ വാടകക്കാർക്ക് കൂടുതൽ സുരക്ഷ ഉറപ്പാക്കുന്നു. കരാർ ലംഘനമോ താമസസ്ഥലത്തിന്റെ അയോഗ്യതയോ ഇല്ലാതെ 6 വർഷത്തിനുള്ളിൽ വാടകക്കാരെ പുറത്താക്കാൻ ഭൂവുടമയ്ക്ക് കഴിയില്ല.
ചെറുകിട ഭൂവുടമകൾക്ക് ഇളവുകൾ
മൂന്നോ അതിൽ കുറവോ വീടുകളുള്ള ചെറുകിട ഭൂവുടമകൾക്ക് നിയമത്തിൽ പ്രത്യേക ഇളവുകൾ നൽകിയിട്ടുണ്ട്.
-
സ്വന്തം ആവശ്യത്തിനായോ അടുത്ത കുടുംബാംഗങ്ങളുടെ താമസത്തിനായോ വാടകക്കാരെ ഒഴിവാക്കാം.
-
സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം വീട് വിൽക്കേണ്ടി വന്നാലും കരാർ അവസാനിപ്പിക്കാം.
-
എന്നാൽ നാലോ അതിലധികമോ വീടുകളുള്ള വൻകിട ഭൂവുടമകൾക്ക് ഇത്തരം ഇളവുകൾ ലഭിക്കില്ല. അവർക്ക് വാടകക്കാർ താമസിക്കുമ്പോൾ തന്നെ വീട് വിൽക്കാം എന്നതല്ലാതെ, വിൽക്കാനായി വാടകക്കാരെ ഒഴുപ്പിക്കാൻ അനുവാദമില്ല.
വിമർശനവുമായി പ്രതിപക്ഷം
പുതിയ പരിഷ്കാരങ്ങൾ വാടക കുതിച്ചുയരാൻ മാത്രമേ സഹായിക്കൂ എന്ന് പ്രതിപക്ഷ പാർട്ടിയായ സിൻ ഫെയ്ൻ (Sinn Féin) ആരോപിച്ചു. കുറഞ്ഞത് മൂന്ന് വർഷത്തേക്ക് വാടക വർദ്ധനവ് പൂർണ്ണമായി നിരോധിക്കണമെന്നാണ് പാർട്ടിയുടെ ആവശ്യം.
എന്നാൽ വിപണിയിൽ കൂടുതൽ വ്യക്തത കൊണ്ടുവരാനും കൂടുതൽ വീടുകൾ നിർമ്മിക്കാൻ ഭൂവുടമകളെ പ്രോത്സാഹിപ്പിക്കാനും പുതിയ നിയമം സഹായിക്കുമെന്ന് ഭവന മന്ത്രി ജെയിംസ് ബ്രൗൺ വ്യക്തമാക്കി.