Sathyian Nedumancherriyil

Subject : അമേരിക്കൻ സുരക്ഷാ ഗ്യാരണ്ടിയിൽ യൂറോപ്പിന് കടുത്ത അവിശ്വാസം; യുഎസിനെ വിശ്വസ്ത സഖ്യകക്ഷിയായി കാണുന്നത് കേവലം 10 ശതമാനം ആളുകൾ മാത്രം.

അമേരിക്കൻ സുരക്ഷാ ഗ്യാരണ്ടിയിൽ യൂറോപ്പിന് കടുത്ത അവിശ്വാസം; യുഎസിനെ വിശ്വസ്ത സഖ്യകക്ഷിയായി കാണുന്നത് കേവലം 10 ശതമാനം ആളുകൾ മാത്രം.

വാഷിംഗ്ടൺ : അമേരിക്ക നൽകുന്ന സുരക്ഷാ ഗ്യാരണ്ടിയിലുള്ള യൂറോപ്യൻ രാജ്യങ്ങളുടെ വിശ്വാസം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലെന്ന് പുതിയ സർവേ ഫലം വ്യക്തമാക്കുന്നു. 15 യൂറോപ്യൻ രാജ്യങ്ങളിൽ നടത്തിയ വോട്ടെടുപ്പിൽ കേവലം 10 ശതമാനം ആളുകൾ മാത്രമാണ് അമേരിക്കയെ ഒരു വിശ്വസ്ത സഖ്യകക്ഷിയായി കാണുന്നത്. തങ്ങൾ ആക്രമിക്കപ്പെട്ടാൽ അമേരിക്ക സഹായത്തിനെത്തുമെന്ന് ബഹുഭൂരിപക്ഷം ആളുകളും കരുതുന്നില്ല.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്ഥാനം ഒഴുയുന്നതോടെ ബന്ധങ്ങൾ മെച്ചപ്പെടുമെന്ന് പലരും കരുതുന്നുണ്ടെങ്കിലും, തൽക്കാലം അമേരിക്കയുടെ അവിശ്വാസ്യതയെ പ്രതിരോധിക്കാൻ സ്വന്തം പ്രതിരോധ സംവിധാനം ശക്തമാക്കാൻ യൂറോപ്പ് ഒരുങ്ങുകയാണ്. ട്രംപിന്റെ മധ്യപൂർവേഷ്യൻ ഇടപെടലുകളും, നാറ്റോ സഖ്യത്തോടുള്ള വിമുഖതയും വാഷിംഗ്ടണെ ആശ്രയിക്കുന്നത് കുറയ്ക്കാൻ യൂറോപ്പിനെ പ്രേരിപ്പിക്കുന്നു. അമേരിക്കൻ സൈനിക ഉപകരണങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കണമെന്നും ‘യൂറോപ്യൻ ഉൽപ്പന്നങ്ങൾ വാങ്ങുക’ (Buy European) എന്ന നയം വേണമെന്നുമാണ് ഡെന്മാർക്ക്, നെതർലൻഡ്സ്, സ്വീഡൻ, യുകെ അടക്കമുള്ള രാജ്യങ്ങളിലെ ഭൂരിഭാഗം ജനങ്ങളും ആവശ്യപ്പെടുന്നത്.

പ്രതിരോധ ചെലവുകൾക്കായി കൂടുതൽ തുക കണ്ടെത്താൻ യൂറോപ്യൻ യൂണിയൻ ഒന്നിച്ച് കടമെടുക്കുന്ന (Collective borrowing) രീതിയെ ഭൂരിഭാഗം പേരും പിന്തുണയ്ക്കുന്നുണ്ട്. പോർച്ചുഗൽ, ഡെന്മാർക്ക്, സ്പെയിൻ എന്നീ രാജ്യങ്ങളിലാണ് ഇതിന് ഏറ്റവും കൂടുതൽ പിന്തുണയുള്ളത്. എന്നാൽ പ്രതിരോധ ബജറ്റ് കൂട്ടുന്നതിനായി സ്വന്തം രാജ്യത്തെ പൊതുജനക്ഷേമ പദ്ധതികളുടെ ഫണ്ട് വെട്ടിക്കുറയ്ക്കുന്നതിനോട് ഇറ്റലി, ജർമ്മനി, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളിലെ ജനങ്ങൾക്ക് കടുത്ത എതിർപ്പാണുള്ളത്. അതേസമയം, നാറ്റോ സഖ്യത്തിന് പകരം യൂറോപ്യൻ യൂണിയന്റെ മാത്രമായി ഒരു പുതിയ പ്രതിരോധ സമിതി രൂപീകരിക്കുന്നതിനോട് ഭൂരിപക്ഷം പേരും (29% മാത്രം പിന്തുണ) യോജിക്കുന്നില്ല.

ഇന്ധനച്ചെലവ് കുത്തനെ ഉയർന്നിട്ടുണ്ടെങ്കിലും റഷ്യയിൽ നിന്ന് വീണ്ടും എണ്ണയും ഗ്യാസും ഇറക്കുമതി ചെയ്യുന്നതിനെ 44 ശതമാനം യൂറോപ്യന്മാരും ശക്തമായി എതിർക്കുന്നു. എന്നാൽ യൂറോപ്യൻ യൂണിയനിൽ അംഗമാകാനുള്ള ഉക്രെയ്ന്റെ ആഗ്രഹത്തോട് യൂറോപ്യൻ രാജ്യങ്ങൾക്കിടയിൽ ഭിന്നാഭിപ്രായമാണ് നിലനിൽക്കുന്നത്. ഉക്രെയ്നെ പിന്തുണയ്ക്കുന്ന എസ്തോണിയ ഉൾപ്പെടെ ഹംഗറി, ബൾഗേറിയ, ഓസ്ട്രിയ, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിലെ ജനങ്ങൾ നിലവിലെ സാഹചര്യത്തിൽ ഉക്രെയ്ന് അംഗത്വം നൽകുന്നതിനെ എതിർക്കുന്നതായാണ് സർവേ വ്യക്തമാക്കുന്നത്.