Sathyian Nedumancherriyil

Subject : അമേരിക്കൻ രാഷ്ട്രീയത്തെ മാറ്റിയെഴുതാൻ ജനറേഷൻ ഇസഡ്; വോട്ടർമാരെ ആകർഷിക്കാൻ ‘ഡൊണട്ടും’ സംഗീതവും

അമേരിക്കൻ രാഷ്ട്രീയത്തെ മാറ്റിയെഴുതാൻ ജനറേഷൻ ഇസഡ്; വോട്ടർമാരെ ആകർഷിക്കാൻ ‘ഡൊണട്ടും’ സംഗീതവും

വാഷിംഗ്ടൺ: 2026-ലെ ഇടക്കാല തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അമേരിക്കൻ രാഷ്ട്രീയം ആവേശഭരിതമാക്കാൻ ‘ജനറേഷൻ ഇസഡ്’ (Gen Z) വോട്ടർമാരെ ലക്ഷ്യമിട്ട് രാഷ്ട്രീയ പാർട്ടി അനുഭാവികളും സന്നദ്ധ സംഘടനകളും. പരമ്പരാഗത പ്രചാരണ രീതികൾ മടുത്ത യുവതലമുറയെ ആകർഷിക്കാൻ സൗജന്യ ഡൊണാറ്റുകൾ, സംഗീത കച്ചേരികൾ, കാമ്പസ് ആഘോഷങ്ങൾ, ട്രെൻഡി ആക്സസറികൾ എന്നിവ നൽകിയാണ് ഇവർ വോട്ടർ രജിസ്ട്രേഷൻ നടത്തുന്നത്. കാലിഫോർണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഉൾപ്പെടെയുള്ള ക്യാമ്പസുകളിൽ ‘ഡൊണട്ട്സ് ,  ഡെമോക്രസി’ പോലുള്ള ക്യാമ്പയിനുകൾ വലിയ രീതിയിലാണ് വിദ്യാർത്ഥികളെ ആകർഷിക്കുന്നത്.

അമേരിക്കയിൽ നിലവിൽ 50 ദശലക്ഷത്തോളം യുവാക്കൾക്ക് വോട്ടവകാശമുണ്ടെങ്കിലും പകുതിയോളം പേർ രാഷ്ട്രീയം മടുത്ത് രജിസ്റ്റർ ചെയ്യാൻ തയ്യാറാകുന്നില്ലെന്നാണ് യുഎസ് സെൻസസ് ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നത്. 2024-ൽ ഡൊണാൾഡ് ട്രംപിനെയും റിപ്പബ്ലിക്കൻ പാർട്ടിയെയും പിന്തുണച്ച യുവാക്കൾ, ട്രംപിന്റെ പുതിയ നയങ്ങളിൽ നിരാശരാണെന്നും അവരെ തിരികെ ഡെമോക്രാറ്റിക് പക്ഷത്തേക്ക് കൊണ്ടുവരാൻ പുതിയ തന്ത്രങ്ങൾ സഹായിക്കുമെന്നും സംഘാടകർ പ്രതീക്ഷിക്കുന്നു.

ഓർഗനൈസേഷനുകളായ ‘വെൻ വീ ഓൾ വോട്ട്’, ‘ഹെഡ് കൗണ്ട്’, ‘വോട്ടേഴ്സ് ഓഫ് ടുമാറോ’ എന്നിവരൊക്കെ വൻകിട ഡിജെ പാർട്ടി, കായിക വിനോദങ്ങൾ, സെലിബ്രിറ്റികളുമായുള്ള സംവാദങ്ങൾ എന്നിവ വഴിയാണ് വോട്ടർമാരിലേക്ക് എത്തുന്നത്. പോപ്പ് ഗായകർ ഹാരി സ്റ്റൈൽസ്, ഇലാന ഗ്ലേസർ തുടങ്ങിയ പ്രമുഖരുടെ പിന്തുണയോടെ സംഗീത മേളകളുടെ ടിക്കറ്റുകൾ സമ്മാനമായി നൽകിയും ആളുകളെ എ ഐ വോട്ടിംഗ് രജിസ്ട്രേഷനിലേക്ക് ആകർഷിക്കുന്നുണ്ട്. കറുത്തവർഗ്ഗക്കാരും മറ്റ് ന്യൂനപക്ഷ സമുദായങ്ങളും കേന്ദ്രീകരിച്ച് ഇത്തവണ 5,000-ത്തോളം പ്രചാരണ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

യുവാക്കൾ രാഷ്ട്രീയത്തെക്കാൾ ഉപരി സൗഹൃദങ്ങൾക്കും സന്തോഷങ്ങൾക്കും മുൻഗണന നൽകുന്നതിനാലാണ് ഇത്തരമൊരു പുതിയ പ്രചാരണ രീതിക്ക് തുടക്കമിട്ടതെന്ന് വോട്ടേഴ്സ് ഓഫ് ടുമാറോ സ്ഥാപകൻ സാന്റിയാഗോ മേയർ പറഞ്ഞു. ജീവിതച്ചെലവ്, ജീവിത നിലവാരം എന്നിവ ഉറപ്പുനൽകുന്ന സ്ഥാനാർത്ഥികൾക്കായി വോട്ട് ചെയ്യാൻ യുവാക്കൾ സജ്ജരാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. കാലിഫോർണിയ, മിഷിഗൺ, ടെക്സസ് തുടങ്ങിയ സംസ്ഥാനങ്ങളിൽ അടുത്ത കാലത്തായി രജിസ്റ്റർ ചെയ്യുന്ന യുവ വോട്ടർമാരുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.