Sathyian Nedumancherriyil

Subject : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനം; ഡബ്ലിനിൽ കനത്ത സുരക്ഷയും ഗതാഗത നിയന്ത്രണവും.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനം; ഡബ്ലിനിൽ കനത്ത സുരക്ഷയും ഗതാഗത നിയന്ത്രണവും.

ഡബ്ലിൻ: ഔദ്യോഗിക ‘സ്റ്റേറ്റ് വിസിറ്റ്’ അല്ലെങ്കിലും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അയർലണ്ടിൽ എത്തി. അയർലൻഡ് പ്രസിഡന്റ് കാതറിൻ കൊണോളി, പ്രധാനമന്ത്രി മിഹോൾ മാർട്ടിൻ എന്നിവരുമായി കൂടിക്കാഴ്ച നടത്തുന്ന ട്രംപ്, ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര-സാമ്പത്തിക ബന്ധങ്ങളെക്കുറിച്ചും അന്താരാഷ്ട്ര വിഷയങ്ങളെക്കുറിച്ചും ചർച്ച ചെയ്യും. മിഡിൽ ഈസ്റ്റ്, ഗാസ തുടങ്ങിയ വിഷയങ്ങളിൽ ഇരു രാജ്യങ്ങൾക്കും വ്യത്യസ്ത നിലപാടുകളുള്ളതിനാൽ ഈ കൂടിക്കാഴ്ചയ്ക്ക് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്.

ഡബ്ലിനിലെ ഔദ്യോഗിക സന്ദർശനത്തിന് ശേഷം ഷാനൻ വിമാനത്താവളം വഴി കൗണ്ടി ക്ലെയറിലെ സ്വന്തം ഉടമസ്ഥതയിലുള്ള ഡൂൺബെഗ് റിസോർട്ടിലേക്ക് ട്രംപ് തിരിക്കും. ഇവിടെ വെച്ച് നടക്കുന്ന ഐറിഷ് ഓപ്പൺ ഗോൾഫ് ടൂർണമെന്റിൽ പങ്കെടുക്കുന്ന അദ്ദേഹം, ഞായറാഴ്ച നടക്കുന്ന മത്സരത്തിന്റെ അവസാന റൗണ്ട് വീക്ഷിക്കുകയും വിജയിക്ക് ട്രോഫി സമ്മാനിക്കുകയും ചെയ്യും. ഞായറാഴ്ച വൈകിട്ടോടെ ട്രംപ് അയർലണ്ടിൽ നിന്ന് അമേരിക്കയിലേക്ക് മടങ്ങുമെന്നാണ് നിലവിലെ യാത്രാ പദ്ധതി.

ട്രംപിന്റെ സന്ദർശനത്തോടനുബന്ധിച്ച് ഡബ്ലിൻ നഗരത്തിലും പരിസരങ്ങളിലും വൻ ഗതാഗത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഫീനിക്‌സ് പാർക്കും ഡബ്ലിൻ മൃഗശാലയും പൊതുജനങ്ങൾക്കായി അടച്ചിട്ടിരിക്കുകയാണ്. M50 ഹൈവേ ഉൾപ്പെടെയുള്ള പ്രധാന റോഡുകളിൽ യാത്രാതടസ്സം നേരിടാൻ സാധ്യതയുണ്ടെന്നും, വിമാനത്താവളത്തിലേക്കുള്ള യാത്രകളിൽ റോളിങ് റോഡ് ക്ലോഷറുകൾ ഉണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ട്രംപിന്റെ സന്ദർശനത്തിനെതിരെ ഡബ്ലിനിലും മറ്റ് പ്രദേശങ്ങളിലും വൻ പ്രതിഷേധ പരിപാടികൾ അരങ്ങേറുന്നുണ്ട്. ലക്ഷത്തോളം പേർ പ്രതിഷേധത്തിൽ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ കണക്കുകൂട്ടൽ. ഗാർഡയും (Irish Police) അമേരിക്കൻ സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് അയർലണ്ടിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സുരക്ഷാ വലയമാണ് ഡബ്ലിനിലും ക്ലെയറിലും ഒരുക്കിയിരിക്കുന്നത്.