അമേരിക്കയിൽ പ്രളയക്കെടുതി രൂക്ഷം; മിസൗറിയിൽ യുവതിക്ക് ദാരുണാന്ത്യം, കുട്ടികളെ രക്ഷിക്കാൻ വ്യോമസേന രംഗത്ത്!
ജെഫേഴ്സൺ സിറ്റി: അമേരിക്കയിലെ മിസൗറി സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത നാശനഷ്ടങ്ങൾക്കും പ്രളയത്തിനും പിന്നാലെ ഒരു യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കനത്ത മഴയെത്തുടർന്ന് മിസൗറിയിലെ ക്രോഫോർഡ് കൗണ്ടിയിൽ താമസിച്ചിരുന്ന ഫെയ്ത്ത് ഗ്രിഗറി എന്ന യുവതിയുടെ വീട് ഒഴുക്കിൽപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിൽ ഇവരുടെ വസതിയിൽ നിന്നും രണ്ട് മൈലോളം അകലെ ഹുസാ ക്രീക്കിൽ വെച്ചാണ് സന്നദ്ധപ്രവർത്തകർ മൃതദേഹം കണ്ടെടുത്തത്.
പ്രളയത്തെത്തുടർന്ന് റോഡുകൾ തകർന്നതോടെ ലെസ്റ്റർവില്ലിലെ ക്യാമ്പ് തൗം സൗക്കിൽ കുടുങ്ങിയ കുട്ടികളെയും ജീവനക്കാരെയും ആർമി നാഷണൽ ഗാർഡിന്റെ ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകൾ ഉപയോഗിച്ചാണ് സുരക്ഷിതമായി അടുത്തുള്ള സ്കൂളിലേക്ക് മാറ്റിയത്. അതേസമയം, ബ്ലാക്ക് റിവറിന് സമീപമുള്ള മറ്റൊരു ക്യാമ്പ് ഗ്രൗണ്ടിൽ പ്രളയത്തിൽ നിന്ന് രക്ഷപ്പെടാൻ കെട്ടിടത്തിന് മുകളിൽ കയറിയ ആളുകൾ, വെള്ളത്തിന്റെ ശക്തമായ ഒഴുക്കിൽ കെട്ടിടം തകർന്നു വീണതിനെ തുടർന്ന് അപകടത്തിൽപ്പെട്ടു. റെയ്നോൾഡ്സ് കൗണ്ടിയിൽ മരങ്ങളിൽ കുടുങ്ങിക്കിടന്ന മൂന്ന് പേരെ സാഹസികമായാണ് രക്ഷാപ്രവർത്തകർ കരയ്ക്കെത്തിച്ചത്.
പ്രളയക്കെടുതി അതീവ ഗുരുതരമായ സാഹചര്യത്തിൽ മിസൗറി ഗവർണർ മൈക്ക് കെഹോ സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും പ്രത്യേക തിരച്ചിൽ-രക്ഷാപ്രവർത്തന സംഘത്തെ നിയോഗിക്കുകയും ചെയ്തു. വെള്ളപ്പൊക്കത്തിൽ നിന്നും മരങ്ങളിൽ നിന്നും കെട്ടിടങ്ങളുടെ മുകളിൽ നിന്നും നൂറുകണക്കിന് ആളുകളെയാണ് ഇതിനകം രക്ഷപ്പെടുത്തിയത്. പ്രളയവും റോഡ് തകർച്ചയും കാരണം മിസൗറിയിലെ പ്രധാന പാതകളെല്ലാം നിലവിൽ ഗതാഗതയോഗ്യമല്ലാതായി മാറിയിരിക്കുകയാണ്. പ്രദേശത്തെ ബ്ലാക്ക് റിവറിലെ ജലനിരപ്പ് 28 അടിയിലധികം ഉയർന്ന് സർവ്വകാല റെക്കോർഡിലേക്ക് എത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ജ
പ്രളയക്കെടുതികൾക്കിടയിലും അമേരിക്കയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും കടുത്ത ഉഷ്ണതരംഗം (Heatwave) വരും ദിവസങ്ങളിൽ ആഞ്ഞടിക്കുമെന്ന മുന്നറിയിപ്പും വന്നിട്ടുണ്ട്. കൽക്കരി, എണ്ണ, പ്രകൃതിവാതകം എന്നിവയുടെ അമിതമായ ഉപയോഗം മൂലമുണ്ടാകുന്ന ആഗോള കാലാവസ്ഥാ വ്യതിയാനമാണ് ഇത്തരം കടുത്ത ഉഷ്ണതരംഗങ്ങൾക്കും അപ്രതീക്ഷിത പ്രളയങ്ങൾക്കും കാരണമാകുന്നതെന്ന് ശാസ്ത്രജ്ഞർ ചൂണ്ടിക്കാണിക്കുന്നു.