അഭയാർത്ഥികളെ സൈനിക ബാരക്കുകളിൽ താമസിപ്പിക്കാനുള്ള ബ്രിട്ടീഷ് സർക്കാരിന്റെ നീക്കത്തിന് തിരിച്ചടി: ഹൈക്കോടതി വിധി പുറത്ത്.
ലണ്ടൻ : മുൻ സൈനിക ബാരക്കുകളിൽ കൂടുതൽ അഭയാർത്ഥികളെ താമസിപ്പിക്കാനുള്ള ആഭ്യന്തര സെക്രട്ടറി ഷബാന മഹ്മൂദിന്റെ (Shabana Mahmood) പദ്ധതികൾക്ക് കനത്ത തിരിച്ചടി. പീഡനങ്ങൾക്കിരയായ അഭയാർത്ഥികളെ മറ്റുള്ളവരുമായി മുറികൾ പങ്കിടാൻ നിർബന്ധിക്കുന്ന സർക്കാർ നയം നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി വിധിച്ചു.
നിലവിലെ പാർലമെന്റ് കാലാവധി അവസാനിക്കുന്നതിന് മുൻപ് അഭയാർത്ഥികളെ ഹോട്ടലുകളിൽ നിന്ന് മാറ്റി പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിലുള്ള തരിശുഭൂമികളിലും ബാരക്കുകളിലും താമസിപ്പിക്കാനായിരുന്നു ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം. എന്നാൽ ഈ കോടതി വിധിയോടെ ഈ പദ്ധതി പ്രതിസന്ധിയിലായിരിക്കുകയാണ്. മുൻപ് പീഡനങ്ങൾ അനുഭവിച്ച പതിനായിരത്തോളം അഭയാർത്ഥികളെ ഈ വിധി ബാധിക്കുമെന്നാണ് ‘ഫ്രീഡം ഫ്രം ടോർച്ചർ’ (FFT) എന്ന സംഘടന വ്യക്തമാക്കുന്നത്.
2024 ഫെബ്രുവരിയിൽ മുൻ ഭരണകൂടമാണ് പീഡിപ്പിക്കപ്പെട്ട അഭയാർത്ഥികൾ അപരിചിതർക്കൊപ്പം മുറി പങ്കിടണമെന്ന നയം കൊണ്ടുവന്നത്. അതിന് മുൻപ് ഇത്തരക്കാർക്ക് പ്രത്യേക സംരക്ഷണം നൽകിയിരുന്നു. എന്നാൽ നിലവിലെ സർക്കാരും ഇതേ നയം തന്നെയാണ് പിന്തുടർന്നത്. നയപരമായ മാറ്റങ്ങൾ വരുത്തുന്നതിന് മുൻപ് ബന്ധപ്പെട്ട സംഘടനകളുമായി കൂടിയാലോചന നടത്താൻ ആഭ്യന്തര മന്ത്രാലയം തയ്യാറായില്ലെന്ന് കോടതി കണ്ടെത്തി. ഈ പരാജയം പൊതുനിയമ ചുമതലകളുടെ ഗുരുതരമായ ലംഘനമാണെന്ന് ജസ്റ്റിസ് സ്വീറ്റിംഗ് വ്യക്തമാക്കി.
മോശം ജീവിതസാഹചര്യങ്ങൾ പീഡനങ്ങളിൽ നിന്ന് രക്ഷപ്പെട്ടവരുടെ മാനസിക വീണ്ടെടുപ്പിനെ ദോഷകരമായി ബാധിച്ചുവെന്ന് ഹെലൻ ബാംബർ ഫൗണ്ടേഷൻ ഡയറക്ടർ കാമെന ഡോർലിംഗ് അഭിപ്രായപ്പെട്ടു. നിലവിൽ ഈസ്റ്റ് സസെക്സിലെ (East Sussex) മുൻ ബാരക്കിൽ മുന്നൂറ്റമ്പതോളം പേരെ താമസിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇൻവർനെസ്സിലെ (Inverness) കാമറൂൺ ബാരക്കിലേക്കുള്ള താമസം മാറ്റൽ നടപടികൾ ഇപ്പോൾ വൈകുകയാണ്. അതേസമയം, മുൻ സർക്കാരിന്റെ നയങ്ങളിൽ നിന്ന് പാഠം ഉൾക്കൊണ്ടിട്ടുണ്ടെന്നും അഭയാർത്ഥി കേന്ദ്രങ്ങളിൽ കർശനമായ ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കുമെന്നും ആഭ്യന്തര മന്ത്രാലയ വക്താവ് അറിയിച്ചു.
മറ്റൊരു പ്രധാന നീക്കമായി, പ്രായപൂർത്തിയാകാത്ത കുട്ടികളാണെന്ന് അവകാശപ്പെടുന്ന അഭയാർത്ഥികളുടെ യഥാർത്ഥ പ്രായം കണക്കാക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യ ഉപയോഗിക്കാൻ ഹോം ഓഫീസ് തീരുമാനിച്ചു. ഇതിനായി ‘അക്തർ കമ്പ്യൂട്ടേഴ്സ്’ (Akhter Computers) എന്ന ഐടി കമ്പനിക്ക് 322,000 പൗണ്ടിന്റെ കരാർ നൽകിയിട്ടുണ്ട്. .