Sathyian Nedumancherriyil

Subject : അഫ്ഗാനിസ്ഥാൻ അന്വേഷണ കമ്മീഷൻ ചോദ്യങ്ങളിൽ നിന്ന് ഒഴിവ് തപ്പി ബ്രിട്ടീഷ് എസ്.എ.എസ് സൈനികർ.

അഫ്ഗാനിസ്ഥാൻ അന്വേഷണ കമ്മീഷൻ ചോദ്യങ്ങളിൽ നിന്ന് ഒഴിവ് തപ്പി ബ്രിട്ടീഷ് എസ്.എ.എസ് സൈനികർ.

ലണ്ടൻ: അഫ്ഗാനിസ്ഥാനിൽ ബ്രിട്ടീഷ് പ്രത്യേക സേന (SAS) നടത്തിയ നിയമവിരുദ്ധ കൊലപാതകങ്ങളെക്കുറിച്ചുള്ള അന്വേഷണത്തോട് സഹകരിക്കാൻ ഭൂരിഭാഗം സൈനികരും വിസമ്മതിക്കുന്നതായി ജഡ്ജി ലോർഡ് ജസ്റ്റിസ് ഹാഡൺ-കേവ് വ്യക്തമാക്കി. 2010 നും 2011 നും ഇടയിൽ ഹെൽമണ്ട് പ്രവിശ്യയിൽ 50-ലധികം അഫ്ഗാൻ പൗരന്മാരെ എസ്.എ.എസ് ഉദ്യോഗസ്ഥർ വ്യാജ ഏറ്റുമുട്ടലുകളിലൂടെ കൊലപ്പെടുത്തിയെന്ന ഗുരുതര ആരോപണങ്ങളാണ് കമ്മീഷൻ അന്വേഷിക്കുന്നത്.

ചോദ്യം ചെയ്യലിനായി നോട്ടീസ് അയച്ചതിൽ ഭൂരിഭാഗം സൈനികരും തങ്ങൾക്കെതിരെ കേസെടുക്കാൻ സാധ്യതയുള്ള വിവരങ്ങൾ നൽകതിരിക്കാനുള്ള പ്രത്യേക അവകാശം ( privilege against self-incrimination) ഉപയോഗിച്ച് ചോദ്യങ്ങൾക്ക് മറുപടി നൽകാൻ തയാറായിട്ടില്ലെന്ന് പൊതുവിചാരണയിൽ ജഡ്ജി വെളിപ്പെടുത്തി. കൂടാതെ, റോയൽ മിലിട്ടറി പോലീസ് നടത്തിയ മുൻ അന്വേഷണങ്ങളിൽ ഉൾപ്പെടാത്ത പത്തായിരത്തോളം ഉയർന്ന വ്യക്തതയുള്ള ചിത്രങ്ങളും വിവരങ്ങളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.

റോയൽ മിലിട്ടറി പോലീസിന്റെ ഭാഗത്തുനിന്ന് അന്വേഷണ വീഴ്ചയുണ്ടായോ എന്നും, കൊലപാതക വിവരങ്ങൾ അധികാരികൾ മനഃപൂർവ്വം മറച്ചുവെച്ചോ എന്നുമാണ് കമ്മീഷൻ പരിശോധിക്കുന്നത്. ബ്രിട്ടീഷ് സേനയുടെ നടപടികളിൽ ചിലത് 2006-ലെ ആംഡ് ഫോഴ്സസ് ആക്ട് പ്രകാരം ഗുരുതര കുറ്റകൃത്യങ്ങളുടെ പരിധിയിൽ വരുമെന്ന് യുകെ പ്രതിരോധ മന്ത്രാലയവും അടുത്തിടെ ഹൈക്കോടതിയിൽ സമ്മതിച്ചിരുന്നു. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളിൽ നിന്നും ബ്രിട്ടീഷ് സൈനികരിൽ നിന്നും സാക്ഷിമൊഴികൾ രേഖപ്പെടുത്തുന്നത് ലണ്ടനിൽ തുടരുകയാണ്.