അന്താരാഷ്ട്ര ഉപരോധം കാറ്റിൽപ്പറത്തി റഷ്യൻ കടത്ത്; സമുദ്രമധ്യത്തിൽ റഷ്യൻ ഷാഡോ കപ്പൽ വളഞ്ഞ് യുകെ സൈന്യം.
ലണ്ടൻ: ഇംഗ്ലീഷ് ചാനലിൽ അന്താരാഷ്ട്ര ഉപരോധങ്ങൾ മറികടന്ന് നീങ്ങിയ റഷ്യൻ ‘ഷാഡോ ഫ്ലീറ്റ്’ (നിഴൽ കപ്പൽ വ്യൂഹം) എണ്ണക്കപ്പൽ ബ്രിട്ടീഷ് സൈന്യം പിടിച്ചെടുത്തു. ഞായറാഴ്ച പുലർച്ചെ ആറ് മണിക്കൂർ നീണ്ട അതിസാഹസിക ഓപ്പറേഷനിലൂടെയാണ് ‘സ്മിർട്ടോസ്’ (Smyrtos) എന്ന കപ്പൽ യുകെ സേന കസ്റ്റഡിയിലെടുത്തത്. റോയൽ മറൈൻ കമാൻഡോകളും നാഷണൽ ക്രിം ഓഫിസർമാരും ആർ.എ.എഫിന്റെ (RAF) വ്യോമപിന്തുണയോടെ കപ്പലിൽ ഇരച്ചുകയറുകയായിരുന്നു.
റഷ്യൻ എണ്ണക്കടത്തിന്മേലുള്ള ഉപരോധം കർശനമാക്കാൻ മാർച്ചിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ പ്രഖ്യാപിച്ച പുതിയ നിയമ പരിഷ്കാരത്തിന് ശേഷമുള്ള ആദ്യ പ്രധാന നീക്കമാണിത്. റഷ്യൻ വരുമാനത്തിന്റെ പ്രധാന സ്രോതസ്സായ ഈ കപ്പലുകൾ ഇനി ബ്രിട്ടീഷ് അതിർത്തിയിൽ ഒളിക്കാൻ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. നിലവിൽ കാമറൂൺ പതാകയുള്ള ഈ കപ്പൽ ഇംഗ്ലീഷ് ചാനലിൽ അതീവ സുരക്ഷയിൽ നിരീക്ഷണത്തിലാണ്.
യുകെയും ഫ്രാൻസും തമ്മിലുള്ള സംയുക്ത നീക്കത്തിന്റെ ഭാഗമായാണ് ഈ ഓപ്പറേഷൻ നടന്നത്. കഴിഞ്ഞ ജൂൺ ഒന്നിന് സമാനമായ രീതിയിൽ ഫ്രഞ്ച് സൈന്യവും യുകെ പിന്തുണയോടെ ഒരു റഷ്യൻ കപ്പൽ പിടികൂടിയിരുന്നു. റഷ്യയുടെ യുദ്ധ ഫണ്ടിങ് തടയാൻ അന്താരാഷ്ട്ര നിയമങ്ങളുടെ മുഴുവൻ ശക്തിയും ഉപയോഗിച്ച് ഇത്തരം കപ്പലുകളെ വേട്ടയാടുമെന്ന് ബ്രിട്ടീഷ് അധികൃതർ അറിയിച്ചു.