അധ്യാപകരുടെ ശമ്പള വർദ്ധനവ് പൂർണ്ണമായും സർക്കാർ വഹിക്കും: യൂണിയൻ സമ്മർദ്ദത്തിന് വഴങ്ങി യുകെ സർക്കാർ.
ലണ്ടൻ: ഇംഗ്ലണ്ടിലെ അധ്യാപകരുടെ ശമ്പള വർദ്ധനവിന് ആവശ്യമായ മുഴുവൻ തുകയും സർക്കാർ തന്നെ വഹിക്കുമെന്ന് പ്രഖ്യാപിച്ചതോടെ വലിയ വിജയ അവകാശവാദവുമായി രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ യൂണിയനായ നാഷണൽ എജുക്കേഷൻ യൂണിയൻ (NEU). ശമ്പള വർദ്ധനവിന്റെ ഒരു പങ്ക് സ്കൂളുകൾ സ്വന്തം ബജറ്റിൽ നിന്ന് കണ്ടെത്തണമെന്ന മുൻ തീരുമാനത്തിൽ നിന്നാണ് യുകെ സർക്കാർ അടിയന്തരമായി പിന്മാറിയത്.
അധ്യാപകർക്ക് ഈ മാസം മുതൽ 3.5 ശതമാനവും അടുത്ത വർഷം സെപ്റ്റംബർ മുതൽ അധികമായി 3 ശതമാനവും ശമ്പള വർദ്ധനവ് നൽകാനായിരുന്നു സർക്കാരുമായുള്ള ധാരണ. എന്നാൽ ഇതിനാവശ്യമായ തുകയുടെ ഒരു ഭാഗം സ്കൂളുകൾ തന്നെ വഹിക്കേണ്ടി വരുമെന്ന ആശങ്കയെത്തുടർന്ന് യൂണിയൻ അടുത്ത മാസം പണിമുടക്ക് വോട്ടെടുപ്പിലേക്ക് പോകാൻ തീരുമാനിച്ചിരുന്നു. തുടർന്ന് എൻ.ഇ.യു ജനറൽ സെക്രട്ടറി ഡാനിയൽ കെബെഡെയുമായി നടന്ന ചർച്ചകൾക്കൊടുവിൽ വിദ്യാഭ്യാസം സെക്രട്ടറി ലൂസി പവൽ ശമ്പള വർദ്ധനവ് പൂർണ്ണമായും സർക്കാർ ഫണ്ട് ചെയ്യുമെന്ന് ഔദ്യോഗികമായി അറിയിക്കുകയായിരുന്നു.
സർക്കാരിന്റെ ഈ തീരുമാനം സ്കൂൾ ബജറ്റുകളിലെ സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കുമെന്നും ഏകദേശം 500 ദശലക്ഷം പൗണ്ടിന്റെ അധിക ഫണ്ട് വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ സാധിക്കുമെന്നും എൻ.ഇ.യു വ്യക്തമാക്കി. സർക്കാരിന്റെ പുതിയ നിലപാടിന്റെ പശ്ചാത്തലത്തിൽ പണിമുടക്ക് നീക്കങ്ങളിൽ നിന്ന് യൂണിയൻ പിന്മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.