Sathyian Nedumancherriyil

Subject : അടിമത്തത്തിന്റെ ചരിത്രം കോമൺവെൽത്തിൽ ചർച്ച ചെയ്യുമെന്ന് ചാൾസ് രാജാവ്; പ്രസ്താവന പോരെന്നു കരീബിയൻ രാജ്യങ്ങൾ.

അടിമത്തത്തിന്റെ ചരിത്രം കോമൺവെൽത്തിൽ ചർച്ച ചെയ്യുമെന്ന് ചാൾസ് രാജാവ്; പ്രസ്താവന പോരെന്നു കരീബിയൻ രാജ്യങ്ങൾ.

നസ്സാവു (ബഹാമാസ്) : കരീബിയൻ പര്യടനത്തിന്റെ ഭാഗമായി ബഹാമാസിലെത്തിയ ബ്രിട്ടനിലെ ചാൾസ് രാജാവ്, വരാനിരിക്കുന്ന കോമൺവെൽത്ത് ഉച്ചകോടിയിൽ (Chogm) അടിമത്തത്തിന്റെ ചരിത്രപരമായ പ്രത്യാഘാതങ്ങൾ പ്രമുഖ നേതാക്കളുമായി ചർച്ച ചെയ്യുമെന്ന് സ്ഥിരീകരിച്ചു. രാജ്യത്തിന് 1973-ൽ ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം ലഭിച്ച ക്ലിഫോർഡ് പാർക്കിൽ സംഘടിപ്പിച്ച യുവജന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഫ്രിക്കൻ വംശജരോട് കാട്ടിയ ക്രൂരതകൾക്ക് ബ്രിട്ടൻ മാപ്പ് പറയണമെന്നും നഷ്ടപരിഹാരം നൽകണമെന്നുമുള്ള ആവശ്യങ്ങൾ ശക്തമാകുന്ന പശ്ചാത്തലത്തിലാണ് രാജാവിന്റെ ഈ സന്ദർശനം.

അതീവ ഇരുണ്ട കാലഘട്ടത്തിൽ നിന്നാണ് ബഹാമാസിന്റെ സംസ്കാരം ഉയർന്നുവന്നതെന്നും, കഴിഞ്ഞകാലങ്ങളിലെ വലിയ ദുരിതങ്ങളെയും അടിയച്ചുർത്തലുകളെയും പൂർണ്ണമായി അംഗീകരിക്കേണ്ടത് അത്യാവശ്യമാണെന്നും ചാൾസ് രാജാവ് പ്രസംഗത്തിൽ വ്യക്തമാക്കി. ആന്റിഗ്വ ആൻഡ് ബാർബുഡയിൽ നടക്കുന്ന കോമൺവെൽത്ത് ഉച്ചകോടിയിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്റി ബർണാം, വിദേശകാര്യ സെക്രട്ടറി എഡ് മിലിബാൻഡ് എന്നിവർക്കൊപ്പം രാജാവും പങ്കെടുക്കും. അടിമത്തത്തിന്റെ ആഘാതങ്ങളെക്കുറിച്ച് രാജാവ് പരാമർശിച്ചെങ്കിലും മുൻകാല നിലപാടുകളിൽ നിന്നുള്ള വലിയ മാറ്റങ്ങളൊന്നും അദ്ദേഹത്തിന്റെ വാക്കുകളിൽ പ്രകടമായിരുന്നില്ല.

അതേസമയം, ചാൾസ് രാജാവിന്റെ പ്രസ്താവനകൾ വെറും ‘പൊള്ളയായ വാഗ്ദാനങ്ങൾ’ മാത്രമാണെന്ന് ബഹാമാസ് നാഷണൽ റിപ്പാരേഷൻസ് കമ്മിറ്റി രൂക്ഷമായി വിമർശിച്ചു. ആത്മാർത്ഥമായ മാപ്പ് പറയലും അർഹമായ നഷ്ടപരിഹാരത്തിനുള്ള നടപടികളുമാണ് നീതിക്ക് ആവശ്യമെന്ന് കമ്മിറ്റി ചെയർപേഴ്സൺ ഡോ. നിയാംബി ഹാൾ കാംബെൽ-ഡീൻ ചൂണ്ടിക്കാണിച്ചു. തങ്ങളുടെ സംസ്കാരം ഇരുട്ടിൽ നിന്ന് വളർന്നതല്ലെന്നും, മറിച്ച് ക്രൂരതകൾക്കിടയിലും ജീവിക്കാൻ കാണിച്ച നിശ്ചയദാർഢ്യത്തിന്റെ പ്രതീകമാണെന്നും അവർ ഓർമ്മിപ്പിച്ചു.

ഗയാന ഉൾപ്പെടെയുള്ള മറ്റ് കരീബിയൻ രാജ്യങ്ങൾ സന്ദർശിക്കുന്ന രാജാവ്, സന്ദർശനത്തിലുടനീളം കൊളോണിയൽ ഭരണത്തിന്റെ ഇരുണ്ട ഏടുകളെക്കുറിച്ച് സംസാരിക്കുമെങ്കിലും ഔദ്യോഗികമായി മാപ്പ് പറയുന്നതിന് ബ്രിട്ടീഷ് സർക്കാരിന്റെ ഉപദേശം ആവശ്യമാണ്. നിലവിലെ നയതന്ത്ര നിലപാടുകൾ അനുസരിച്ച് ബ്രിട്ടൻ മാപ്പ് പറയുന്നതിൽ നിന്നും തുക കൈമാറുന്നതിൽ നിന്നും വിട്ടുനിൽക്കുകയാണ്. സന്ദർശനത്തിലുടനീളം അടിമത്തത്തിന്റെ അനന്തരഫലങ്ങളെക്കുറിച്ച് രാജാവ് എന്ത് നിലപാടായിരിക്കും സ്വീകരിക്കുകയെന്ന് ആഗോള സമൂഹം ഉറ്റുനോക്കുന്നു.