അഗ്നാശയ കാൻസറിനെതിരെ ചരിത്ര വിജയം; ജീവൻ ഇരട്ടിയായി നിലനിർത്താൻ ദിവസേന ഒരു ഗുളിക!.
ചിക്കാഗോ: ലോകത്തിലെ ഏറ്റവും മാരകമായ കാൻസറുകളിലൊന്നായ അഗ്നാശയ കാൻസറിന് (Pancreatic Cancer) എതിരെ മെഡിക്കൽ ലോകത്ത് വിപ്ലവകരമായ മുന്നേറ്റം. ദിവസേന കഴിക്കാവുന്ന ‘ഡാരാക്സൺറാസിബ്’ (daraxonrasib) എന്ന പുതിയ സ്മാർട്ട് ഗുളികയിലൂടെ രോഗികളുടെ അതിജീവന സമയം ഇരട്ടിയാക്കാൻ സാധിക്കുമെന്ന് ക്ലിനിക്കൽ ട്രയൽ ഫലങ്ങൾ വ്യക്തമാക്കുന്നു. കാൻസർ ചികിത്സാ രംഗത്ത് പതിറ്റാണ്ടുകളായി ഉണ്ടായതിൽ വച്ച് ഏറ്റവും വലിയ കണ്ടെത്തലാണിതെന്നും കാൻസറിന്റെ വളർച്ചയെ മാറ്റിമറിക്കാൻ ഇതിന് സാധിക്കുമെന്നും വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. അമേരിക്കൻ സൊസൈറ്റി ഓഫ് ക്ലിനിക്കൽ ഓങ്കോളജിയുടെ (Asco) ചിക്കാഗോയിൽ നടന്ന വാർഷിക സമ്മേളനത്തിലാണ് ഈ സുപ്രധാന വിവരങ്ങൾ പുറത്തുവിട്ടത്.
രോഗം ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പടർന്ന 500 രോഗികളിൽ നടത്തിയ പരീക്ഷണത്തിലാണ് ഈ മരുന്ന് വൻ വിജയമാണെന്ന് കണ്ടെത്തിയത്. നിലവിലുള്ള കീമോതെറാപ്പി ചികിത്സയേക്കാൾ വളരെ കുറഞ്ഞ പാർശ്വഫലങ്ങൾ മാത്രമാണ് ഈ ഗുളികയ്ക്കുള്ളത്. സാധാരണയായി കീമോതെറാപ്പി നൽകുന്ന രോഗികൾ 6.6 മുതൽ 6.7 മാസം വരെ ജീവിച്ചിരിക്കുമ്പോൾ, ഈ പുതിയ ഗുളിക കഴിച്ചവർ ശരാശരി 13.2 മാസം വരെ, അതായത് ഇരട്ടിയിലധികം സമയം ജീവിതത്തിലേക്ക് തിരിച്ചുവന്നതായി പഠനം തെളിയിക്കുന്നു. രോഗം ബാധിച്ചവർക്ക് തങ്ങളുടെ പ്രിയപ്പെട്ടവരോടൊപ്പം കൂടുതൽ വിലയേറിയ സമയം ചിലവഴിക്കാൻ ഇത് സഹായിക്കുമെന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.
അഗ്നാശയ കാൻസർ കോശങ്ങളുടെ വളർച്ചയ്ക്കും വ്യാപനത്തിനും കാരണമാകുന്ന ‘ക്രാസ്’ (Kras) എന്ന പ്രോട്ടീനെ ലക്ഷ്യമിട്ടാണ് ‘ഡാരാക്സൺറാസിബ്’ പ്രവർത്തിക്കുന്നത്. ഈ പ്രോട്ടീനെ പൂർണ്ണമായും നിഷ്ക്രിയമാക്കാൻ പുതിയ മരുന്നിന് സാധിക്കും. നിലവിൽ രോഗം ബാധിക്കുന്നവരിൽ പകുതിയിലധികം പേർക്കും വൈകിയാണ് രോഗനിർണ്ണയം സാധ്യമാകുന്നത് എന്നതിനാൽ ചികിത്സകൾ ഫലപ്രദമാകാറില്ല. രോഗബാധിതരായി മൂന്ന് മാസത്തിനുള്ളിൽ പകുതിയോളം രോഗികളും മരണത്തിന് കീഴടങ്ങുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഈ സാഹചര്യത്തിലാണ് പുതിയ കണ്ടെത്തൽ രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും വലിയ പ്രതീക്ഷ നൽകുന്നത്. ഈ മരുന്ന് എത്രയും വേഗം രോഗികളിലേക്ക് എത്തിക്കുക എന്നതാണ് അടുത്ത പ്രധാന ലക്ഷ്യമെന്ന് ആരോഗ്യ രംഗത്തെ വിദഗ്ദ്ധർ വ്യക്തമാക്കി.