ഹീത്രൂവിൽ ഇനി സ്കാനിംഗ് ഹൈടെക്! ലാപ്ടോപ്പും ലിക്വിഡും ബാഗിൽ തന്നെ വെക്കാം; ഒരു ബില്യൺ പൗണ്ടിന്റെ വിപ്ലവകരമായ മാറ്റം.
ഫുള്‍ ബോഡി സ്കാനിംഗ് തുടങ്ങി: ഹീത്രൂവില്‍ ഇനി ലാപ്ടോപ്പും ലിക്വിഡും ബാഗില്‍ തന്നെ.
ലണ്ടന്‍: ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പുതിയ സിടി (CT) സെക്യൂരിറ്റി സ്കാനറുകള്‍ പൂര്‍ണമായും പ്രവര്‍ത്തന സജ്ജമായതായി ഹീത്രൂ വിമാനത്താവള അധികൃതര്‍ അറിയിച്ചു. ഒരു ബില്യണ്‍ പൗണ്ടിന്റെ പദ്ധതിയുടെ ഭാഗമായി ഈ സംവിധാനം നടപ്പിലായതോടെ, യാത്രക്കാര്‍ക്ക് ഇനി മൊബൈല്‍ ഫോണുകള്‍, ലാപ്ടോപ്പുകള് തുടങ്ങിയ വലിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ സ്കാനിംഗിനായി ഹാന്‍ഡ് ലഗേജില്‍ നിന്ന് പുറത്തെടുക്കേണ്ടതില്ല.
അതുപോലെ, ദ്രാവക വസ്തുക്കള്‍ കൊണ്ടുപോകുന്നതിലുള്ള നിയന്ത്രണങ്ങളിലും വലിയ ഇളവുകളാണ് നിലവില്‍ വന്നിരിക്കുന്നത്. ലിക്വിഡുകള്‍ സുതാര്യമായ പ്ലാസ്റ്റിക് ബാഗുകളില്‍ വയ്ക്കേണ്ടതില്ലെന്നും, ഒരു കണ്ടെയ്നറില്‍ രണ്ട് ലിറ്റര്‍ വരെ ദ്രാവക വസ്തുക്കള്‍ കൈവശം വയ്ക്കാന്‍ അനുവദിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
പുതിയ സിടി സെക്യൂരിറ്റി സ്കാനറുകള്‍ക്ക് ലഗേജുകളുടെ ഉള്ളടക്കം കൂടുതല്‍ വ്യക്തവും വിശദവുമായ ചിത്രങ്ങളായി പരിശോധിക്കാന്‍ കഴിവുള്ളതിനാലാണ് ഈ മാറ്റങ്ങള്‍ സാധ്യമായത്. ഇതുവഴി സുരക്ഷാ പരിശോധന കൂടുതല്‍ വേഗത്തിലും കാര്യക്ഷമമായും പൂര്‍ത്തിയാക്കാനാകുമെന്ന് അധികൃതര്‍ പറയുന്നു.
എല്ലാ യാത്രക്കാര്‍ക്കും ഈ സൗകര്യം ഒരേ സമയം ഒരുക്കിയിട്ടുള്ള ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം ഹീത്രൂവാണെന്ന് വിമാനത്താവള അധികൃതര്‍ അവകാശപ്പെട്ടു. ഇതിനോടകം തന്നെ ബര്‍മിംഗ്ഹാം, ബ്രിസ്റ്റോള്‍, ഗാറ്റ്വിക്ക്, എഡിന്‍ബര്‍ഗ് തുടങ്ങിയ വിമാനത്താവളങ്ങളിലും ഈ പുതിയ സ്കാനിംഗ് സാങ്കേതിക വിദ്യ പ്രവര്‍ത്തനക്ഷമമായിട്ടുണ്ട്.