Sathyian Nedumancherriyil

Subject : ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് അയർലണ്ടിൽ പൊതുമേഖലാ സമരം ശക്തമാകുന്നു; ഒക്ടോബർ 14-ന് പണിമുടക്കിന് ആഹ്വാനം.

ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് അയർലണ്ടിൽ പൊതുമേഖലാ സമരം ശക്തമാകുന്നു; ഒക്ടോബർ 14-ന് പണിമുടക്കിന് ആഹ്വാനം.

ഡബ്ലിൻ : അയർലണ്ടിൽ ജീവിതച്ചെലവിനനുസരിച്ചുള്ള ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് പൊതുമേഖലാ ജീവനക്കാർ ആരംഭിച്ച ചട്ടപ്പടി സമരം (വർക്ക് ടു റൂൾ) കൂടുതൽ ശക്തമാകുന്നു. ഐ.എൻ.ടി.ഒ (INTO) ഉൾപ്പെടെയുള്ള പ്രമുഖ യൂണിയനുകളുടെ നേതൃത്വത്തിൽ ലക്ഷത്തിലധികം ജീവനക്കാരാണ് സമരരംഗത്തുള്ളത്. ഔദ്യോഗിക ചർച്ചകൾക്ക് സർക്കാർ തയ്യാറായില്ലെങ്കിൽ ഒക്ടോബർ 14-ന് 24 മണിക്കൂർ പണിമുടക്ക് നടത്തുമെന്ന് വിവിധ സംഘടനകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അയർലണ്ടിലെ സെക്കൻഡറി സ്കൂൾ അധ്യാപകരുടെ സംഘടനയായ എ.എസ്.ടി.ഐ (ASTI), സിപ്റ്റു (SIPTU), ഫോർസ (Fórsa), ഐ.എൻ.എം.ഒ (INMO), ടി.യു.ഐ (TUI) തുടങ്ങിയ പ്രമുഖ യൂണിയനുകളെല്ലാം സർക്കാരിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. പുതിയ ശമ്പള കരാറിനെക്കുറിച്ച് ചർച്ചകൾ നടത്താൻ യൂണിയനുകൾ തയ്യാറാകുന്നില്ലെന്നും, പൊതുജനങ്ങളുടെ ദൈനംദിന ജീവിതത്തിൽ തടസ്സങ്ങളുണ്ടാക്കുന്നത് അനീതിയാണെന്നും പബ്ലിക് എക്സ്പെൻഡിച്ചർ മന്ത്രി ജാക് ചേംബേഴ്സ് കുറ്റപ്പെടുത്തി.

എന്നാൽ സർക്കാരിന്റെ ഭാഗത്തുനിന്നും ആത്മാർത്ഥമായ സമീപനമില്ലാത്തതാണ് കടുത്ത സമരത്തിലേക്ക് നയിച്ചതെന്ന് യൂണിയൻ നേതാക്കൾ വ്യക്തമാക്കി. ജോലി സമയത്തിന് പുറത്ത് ഇമെയിലുകളോടും ഫോൺ കോളുകളോടും പ്രതികരിക്കില്ലെന്നും, സ്കൂൾ സമയത്തിന് ശേഷമുള്ള യോഗങ്ങളിൽ നിന്നും മേൽനോട്ട ചുമതലകളിൽ നിന്നും വിട്ടുനിൽക്കുമെന്നും അധ്യാപക സംഘടനകൾ അറിയിച്ചു. ടീച്ചേഴ്സ് യൂണിയൻ ഓഫ് അയർലണ്ടിന്റെ ഭൂരിഭാഗം അംഗങ്ങളും സമരത്തെ പിന്തുണച്ച് വോട്ട് ചെയ്തിട്ടുണ്ട്.

മുൻകാല കരാറുകളുടെ കാലാവധി അവസാനിച്ചെങ്കിലും പുതിയ കരാറിനായുള്ള നടപടികൾ വൈകുന്നതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. നഴ്സുമാർ സുരക്ഷിതമായ പരിചരണത്തിന് ആവശ്യമായ കാര്യങ്ങൾ മാത്രം ചെയ്യുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. പ്രശ്നത്തിന് ഉടൻ പരിഹാരം കണ്ടില്ലെങ്കിൽ സമരം കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുമെന്നാണ് സൂചന.