Sathyian Nedumancherriyil

Subject : വെള്ളത്തിലെ വിഷബാക്ടീരിയകളെ 15 മിനിറ്റിൽ പിടികൂടാം; വിപ്ലവകരമായ കുഞ്ഞൻ ഉപകരണവുമായി യുകെ കമ്പനി!

വെള്ളത്തിലെ വിഷബാക്ടീരിയകളെ 15 മിനിറ്റിൽ പിടികൂടാം; വിപ്ലവകരമായ കുഞ്ഞൻ ഉപകരണവുമായി യുകെ കമ്പനി!

ലണ്ടൻ:വെള്ളത്തിലെ ബാക്ടീരിയകളുടെ സാന്നിധ്യം മിനിറ്റുകൾക്കുള്ളിൽ കണ്ടെത്താൻ കഴിയുന്ന പോർട്ടബിൾ പരിശോധനാ ഉപകരണം വികസിപ്പിച്ച് യുകെയിലെ സാങ്കേതിക സ്ഥാപനം. പ്ലിമത്ത് യൂണിവേഴ്‌സിറ്റിയിൽ നിന്ന് രൂപീകരിച്ച ‘മൊലെൻഡോടെക്’ (Molendotech) എന്ന സ്റ്റാർട്ടപ്പ് കമ്പനിയാണ് ‘ബാക്റ്റിക്വിക്ക്’ (Bactiquick) എന്ന പേരിൽ കൈയ്യിൽ കരുതാൻ കഴിയുന്ന ഈ പരിശോധനാ കിറ്റ് പുറത്തിറക്കിയിരിക്കുന്നത്. കടലിലും പുഴകളിലും നീന്തിയതിന് ശേഷം നിരവധി ആളുകൾക്ക് വയറിളക്കവും മറ്റ് അണുബാധകളും റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് ഈ പുതിയ മുന്നേറ്റം.

പരമ്പരാഗതമായി വെള്ളത്തിലെ ബാക്ടീരിയ സാന്നിധ്യം പരിശോധിക്കാൻ ലാബുകളിൽ സാമ്പിളുകൾ നൽകി 24 മുതൽ 48 മണിക്കൂർ വരെ കാത്തിരിക്കേണ്ടി വന്നിരുന്നു. എന്നാൽ പുതിയ ഉപകരണം വഴി കേവലം 15 മിനിറ്റിനുള്ളിൽ ഇ-കോളി (E coli) ഉൾപ്പെടെയുള്ള ഹാനികരമായ ബാക്ടീരിയകളുടെ അളവ് കൃത്യമായി അറിയാൻ സാധിക്കും. പരിശോധനാ ഫലങ്ങൾ സ്മാർട്ട്ഫോൺ ആപ്പുമായി ബന്ധിപ്പിച്ച് ട്രാഫിക് ലൈറ്റ് സിസ്റ്റം മാതൃകയിൽ (ഗ്രീൻ, ആംബർ, റെഡ്) ജലത്തിന്റെ ഗുണനിലവാരം തത്സമയം ഉപയോക്താക്കളെ അറിയിക്കും.

ബ്രിട്ടനിലെയും അമേരിക്കയിലെയും ജലാശയങ്ങളിലെ മലിനീകരണ തോത് ലൈവായി കാണിക്കുന്ന മാപ്പ് തയ്യാറാക്കാനുള്ള മൊബൈൽ ആപ്പ് വികസനത്തിലാണ് കമ്പനിയിപ്പോൾ. പ്രതിദിന ജലപരിശോധനാ വിവരങ്ങൾ, വേലിയേറ്റം, മഴയുടെ അളവ് എന്നിവ വിശകലനം ചെയ്യാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യയാണ് ഇതിൽ ഉപയോഗിക്കുന്നത്. ഒക്ടോബറോടെ ഈ ആപ്പ് പൊതുജനങ്ങൾക്ക് ലഭ്യമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

കാലാവസ്ഥാ വ്യതിയാനം മൂലം സമുദ്രജലത്തിലെ താപനില ഉയരുമ്പോൾ അപകടകാരികളായ ബാക്ടീരിയകൾ വേഗത്തിൽ പെരുകാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. വാട്ടർ കമ്പനികളും തദ്ദേശ സ്ഥാപനങ്ങളും ഈ ഉപകരണം വ്യാപകമായി പരീക്ഷിക്കുന്നുണ്ട്. വരും മാസങ്ങളിൽ അമേരിക്ക, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് മൊലെൻഡോടെക്.