വിമാനയാത്രക്കാർക്ക് തിരിച്ചടി: ഹിത്രൂ വിമാനത്താവളത്തിലെ ടിക്കറ്റ് നിരക്കുകൾ വർദ്ധിക്കും!
ലണ്ടൻ: ലണ്ടനിലെ ഹിത്രൂ (Heathrow) വിമാനത്താവളത്തിന്റെ വികസന പദ്ധതികൾക്കായി ചെലവഴിച്ച തുക യാത്രക്കാരിൽ നിന്ന് ഈടാക്കാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) അനുമതി നൽകിയതോടെ വരും പതിറ്റാണ്ടുകളിൽ വിമാന ടിക്കറ്റ് നിരക്കുകൾ ഉയർന്നേക്കും. മൂന്നാം റൺവേ നിർമ്മാണ പദ്ധതിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം മുതൽ ചെലവഴിച്ച 320 മില്യൺ പൗണ്ട് വീണ്ടെടുക്കാനാണ് ഹിത്രൂ എയർപോർട്ട് ലിമിറ്റഡിന് സി.എ.എ അനുമതി നൽകിയത്. എയർലൈൻ ചാർജുകൾ വർദ്ധിപ്പിക്കുന്നതിലൂടെ അടുത്ത 20 മുതൽ 25 വർഷത്തിനുള്ളിൽ ഈ തുക യാത്രക്കാരിൽ നിന്ന് ഈടാക്കും.
ഈ തീരുമാനത്തിന്റെ ഭാഗമായി 2028 മുതൽ ഒരു യാത്രക്കാരനിൽ നിന്നുള്ള പരമാവധി എയർപോർട്ട് നിരക്കിൽ 15 പെൻസ് വർദ്ധനവുണ്ടാകും. തുടർന്നുള്ള വർഷങ്ങളിൽ ഇത് 30 പെൻസ് വരെയായി ഉയരുമെന്ന് സി.എ.എ വ്യക്തമാക്കുന്നു. എന്നാൽ ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന ചാർജുകൾ ഈടാക്കുന്ന വിമാനത്താവളങ്ങളിലൊന്നായ ഹിത്രൂവിൽ വീണ്ടും നിരക്ക് വർദ്ധിപ്പിക്കുന്നത് യാത്രക്കാർക്ക് താങ്ങാനാവില്ലെന്നും, വികസന പദ്ധതികളുടെ മേന്മയെ തന്നെ ഇത് ബാധിക്കുമെന്നും പ്രമുഖ വിമാനക്കമ്പനിയായ ബ്രിട്ടീഷ് എയർവേയ്സ് മുന്നറിയിപ്പ് നൽകി.
വലിയ ഇൻഫ്രാസ്ട്രക്ചർ പ്രോജക്ടുകൾക്ക് ആവശ്യമായ ആസൂത്രണത്തിനും ഡിസൈനിംഗിനുമായി ചെലവഴിച്ച തുകയാണ് വിമാനത്താവള കമ്പനിക്ക് തിരികെ ഈടാക്കാൻ സാധിക്കുന്നത്. അതേസമയം, യാത്രക്കാരെ അനാവശ്യ ചെലവുകളിൽ നിന്ന് സംരക്ഷിക്കുന്നതോടൊപ്പം കൃത്യസമയത്ത് വിമാനത്താവള വികസനം ഉറപ്പാക്കാനുള്ള സന്തുലിതമായ തീരുമാനമാണിതെന്ന് സി.എ.എ കൺസ്യൂമർ വിഭാഗം ഡയറക്ടർ ടിം ജോൺസൺ പറഞ്ഞു. ഈ പദ്ധതികൾ കൃത്യമായി നിരീക്ഷിക്കുമെന്നും ന്യായമായ ചെലവുകൾ മാത്രമേ ഈടാക്കുന്നുള്ളൂ എന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2035-ഓടെ മൂന്നാം റൺവേയുടെ നിർമ്മാണം പൂർത്തിയാക്കാനുള്ള പദ്ധതിയുമായി മുൻപോട്ട് പോകുന്ന സർക്കാരിന്റെ നയങ്ങളുടെ ഭാഗമായാണ് ഈ വികസന നീക്കങ്ങൾ. എന്നാൽ, ലണ്ടനിലെ വിമാനത്താവള വികസനത്തിന് വൻ തുക മാറ്റിവെക്കുന്നത് രാജ്യത്തിന്റെ വടക്കൻ മേഖലകളിലേക്കുള്ള അടിസ്ഥാന സൗകര്യ വികസന ഫണ്ടുകളെ ബാധിക്കുമെന്ന വിമർശനങ്ങളും ഉയരുന്നുണ്ട്. 2027 മുതലുള്ള ചെലവുകൾ ഈടാക്കുന്ന കാര്യത്തിൽ വരും ദിവസങ്ങളിൽ പ്രത്യേക ചർച്ചകൾ നടക്കുമെന്നാണ് വിവരം.